സി പി ഐ മന്ത്രിക്ക് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പേഴ്‌സനല്‍ സ്റ്റാഫ്; പാര്‍ട്ടിയില്‍ വിവാദം പുകയുന്നു

Posted on: August 18, 2016 6:12 am | Last updated: August 18, 2016 at 12:14 am
SHARE

v s sunil kumarകൊല്ലം: സി പി ഐ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായി സംഘപരിവാര്‍ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പ്രതിഷേധം പുകയുന്നു. കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫായി കൊല്ലം പോരുവഴി സ്വദേശിയായ ബി ജെ പി, ആര്‍ എസ് എസ് സജീവ പ്രവര്‍ത്തകന്‍ അരുണ്‍ലാല്‍ ദാസിനെ നിയമിച്ചതാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ അരുണ്‍ലാലിനെ പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയാതെയാണ് മന്ത്രി പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചതെന്നാണ് സി പി ഐ കേന്ദ്രങ്ങള്‍ നല്‍കുന്ന മറുപടി. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച് സി പി ഐ ലോക്കല്‍ കമ്മിറ്റി മണ്ഡലം കമ്മിറ്റിക്കും മേല്‍ഘടകങ്ങള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ നടത്തിയ പരിശ്രമമാണ് ആര്‍ എസ് എസുകാരന്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാകാന്‍ വഴിയൊരുക്കിയതെന്നും സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപെടല്‍ നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും സി പി ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കുന്നത്തൂരിലെ പ്രമുഖ സി പി ഐ നേതാവ് പി ശശി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രെയിന്‍ തട്ടിമരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിനായി കുടുംബസഹായ ഫണ്ട് സ്വരൂപിച്ച സമയത്ത് എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍, അരുണ്‍ലാല്‍ ദാസില്‍ നിന്നും നല്ലൊരു തുക വാങ്ങി നല്‍കാമെന്ന് പറഞ്ഞുവെങ്കിലും പാര്‍ട്ടി അത് നിഷേധിക്കുകയും പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളവരില്‍ നിന്നും ഫണ്ട് സ്വീകരിച്ചാല്‍ മതിയെന്ന് നിലപാടെടുക്കുകയായിരുന്നെന്നും ഒരു പ്രാദേശിക സി പി ഐ നേതാവ് സിറാജിനോട് പറഞ്ഞു. നിയമനത്തിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടാകാമെന്നും അരുണ്‍ലാല്‍ ആര്‍ എസ് എസുകാരനാണെന്നതില്‍ തങ്ങള്‍ക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. പോരുവഴി സ്വദേശിയായ അരുണ്‍ലാലിനെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ടൈപ്പിസ്റ്റായിട്ടാണ് നിയമിച്ചിരിക്കുന്നത്. അരുണ്‍ലാലിന്റെ വീട് സ്ഥിതി ചെയ്യുന്ന പോരുവഴി പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സി പി ഐയുടെ സ്ഥാനാര്‍ഥി മത്സരിക്കാനുണ്ടായിരുന്നു.
എന്നാല്‍ ഒരു പോസ്റ്റല്‍ വോട്ടു പോലും തനിക്ക് ലഭിച്ചില്ലെന്നും കൃഷിവകുപ്പിലെ ജീവനക്കാരനായ അരുണ്‍ലാല്‍ ദാസ് ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്നും വ്യക്തമാക്കി അന്നത്തെ സി പി ഐ സ്ഥാനാര്‍ഥിയും ഇപ്പോള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഒരേസമയം വിവിധ ചാനലുകളില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വി എസ് സുനില്‍കുമാറിനെ പരിഹസിച്ച് അരുണ്‍ലാല്‍ ദാസ് ഫേസ്ബുക്കില്‍ നേരത്തെ പോസ്റ്റിട്ടിരുന്നുവെന്നും സി പി ഐ പ്രവര്‍ത്തകര്‍ പറയുന്നു.
കമ്മ്യൂണിസ്റ്റുകാരനും പൊതുവെ നല്ല പ്രതിച്ഛായുള്ള വ്യക്തിത്വത്തിന് ഉടമയുമായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ കയറക്കൂടിയത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ടെന്ന് മാത്രമല്ല, നിയമനത്തെ കുറിച്ച് വരുംദിവസങ്ങളില്‍ എന്ത് മറുപടി പൊതുസമൂഹത്തിന് നല്‍കുമെന്നും നേതാക്കള്‍ ചോദിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here