Connect with us

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജ് രക്തബാങ്കിലേക്ക് സഹായിയുടെ രക്തദാനം

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹായി വാദിസലാം മെഡിക്കല്‍ കോളജ് രക്തബാങ്കിലേക്ക് നൂറ് പേരുടെ രക്തദാനം നടത്തി.
ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രക്തദാനം മഹത്തായ ജീവ കാരുണ്യ പ്രവര്‍ത്തനമാണെന്നും കലുഷിത ലോകത്ത് മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സഹായി വാദിസലാം പേര് പോലെത്തന്നെ മഹത്തായ സേവനമാണ് ചെയ്ത് വരുന്നതെന്നും കലക്ടര്‍ പറഞ്ഞു. പാര്‍ട്ടികള്‍ക്കും മതങ്ങള്‍ക്കുമതീതമായി ജീവന്റെ നിലനില്‍പ്പിന് വേണ്ടി നല്‍കുന്ന ഓരോ തുള്ളി രക്തവും മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹായി പ്രസിഡണ്ട് കെ അബ്ദുല്ല സഅദി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന്‍, ഡോ. രാജേന്ദ്രന്‍, ഡോ. ദീപാ നാരാണന്‍, ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍ ബാലചന്ദ്രന്‍, ഒ രാജീവ്, കൗണ്‍സിലര്‍ സി നവാസ്, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ സംബന്ധിച്ചു. സഹായി വാദിസലാം ജനറല്‍ സെക്രട്ടറി നാസര്‍ ചെറുവാടി സ്വാഗതവും ട്രഷറര്‍ ബി പി സിദ്ദീഖ് ഹാജി നന്ദിയും പറഞ്ഞു.
മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ക്ക് വിവിധ തരത്തിലുള്ള സേവനങ്ങള്‍ സഹായി ചെയ്തുവരുന്നു. ഇരുനൂറില്‍ പരം സഹായി വളണ്ടിര്‍മാര്‍ കാഷ്വാലിറ്റിയിലും വാര്‍ഡുകളിലുമായി സേവനം ചെയ്യുന്നു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നു. മരുന്ന് വാങ്ങാന്‍ പണം ഇല്ലാതെ പ്രയാസം നേരിടുന്നവര്‍ക്ക് മരുന്ന് നല്‍കാന്‍ സൗജന്യമായി ഫാര്‍മസിയും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.
വിവിധ ടെസ്റ്റുകള്‍ക്ക് പണമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ സേവനം ചെയ്യുന്നതിന് ലബോറട്ടറി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അവശ്യ മരുന്നുകള്‍ മിതമായ വിലക്ക് ലഭിക്കുന്നതിന് ലക്ഷ്യമാക്കി മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.