ജോലി വാഗ്ദാനം നല്‍കി 60 ഓളം പേരെ വഞ്ചിച്ചതായി പരാതി

Posted on: August 18, 2016 6:07 am | Last updated: August 18, 2016 at 12:07 am
SHARE

വടക്കഞ്ചേരി: ഒറ്റപ്പാലത്തെ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കില്‍ മുന്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, രാജ്യസഭാ എം പി പി വി അബ്ദുല്‍ വഹാബ് എന്നിവരുടെ സ്ഥാപനത്തിലേക്ക് ജോലി വാഗ്ദാനം നല്‍കി 60 ഓളം പേരെ വഞ്ചിച്ചതായി പരാതി.
പാലക്കാട്, മലപ്പുറം ജില്ലകളിലെ നിരവധി യുവാക്കളാണ് വഞ്ചിക്കപ്പെട്ടത്.ലീഗിന്റെ തൊഴിലാളി വിഭാഗം ജില്ലാ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തിയ പാലക്കാട് കല്‍മണ്ഡലം കുന്നത്തൂര്‍മേട് അബ്ദുല്‍ അസീസ് എന്ന വ്യക്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. രണ്ടു മാസം മുമ്പാണ് സംഭവം.ജോലി ലഭിക്കാനായി കിന്‍ഫ്ര മാനേജര്‍ക്ക് 5000 രൂപയും യൂണിഫോം ചാര്‍ജ്ജിനത്തില്‍ 2625 രൂപയും യുവാക്കളുടെ അടുത്ത് നിന്ന് കൈപ്പറ്റിയിട്ടുണ്ട്. ഈയിനത്തില്‍ ലക്ഷങ്ങളാണ് അബ്ദുല്‍ അസീസ് പറ്റിച്ചിരിക്കുന്നത്. എസ് ടി യുടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇങ്ങനെയൊരു ആളില്ലെന്ന് ജില്ലാ ലീഗ് നേതൃത്വം വ്യക്തമാക്കി.
ഈ വ്യക്തി മുമ്പ് മലപ്പുറത്ത് സമാനമായ രീതിയില്‍ രണ്ടര ലക്ഷം രൂപ നേത്തെ തട്ടിപ്പു നടത്തിയിരുന്നതായി പ്രാദേശിക ലീഗ് നേതാക്കള്‍ പറഞ്ഞു. പാലക്കാട് ഡി വൈ എസ് പി, ടൗണ്‍ സൗത്ത് സി ഐ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്. ഒറ്റപ്പാലം കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ വ്യവസായികള്‍ക്ക് ഭൂമി അനുവദിച്ചു നല്‍കിയിട്ടില്ലെന്ന് മാനേജര്‍ എ എസ് അനീഷ് പറഞ്ഞു. കിന്‍ഫ്ര നിര്‍മിച്ച സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയില്‍ ഒരു ടെക്‌സ്‌റൈല്‍ സ്റ്റിച്ചിംഗ് യൂണിറ്റ് മാത്രമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.ഇവിടെ സ്ത്രീകള്‍ക്ക് മാത്രമേ ജോലി അനുവദിച്ചിട്ടുള്ളൂ.