മികച്ച സംവിധായകര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല: അടൂര്‍ ഗോപാലകൃഷ്ണന്‍

Posted on: August 18, 2016 12:03 am | Last updated: August 18, 2016 at 12:03 am

adoor gopalakrishnanതിരുവനന്തപുരം: കേരളത്തിലെ തിയേറ്ററുകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തട്ടുപൊളിപ്പന്‍ സിനിമകളാണു തകര്‍ത്തോടുന്നതെന്നും നല്ല മലയാള ചിത്രങ്ങള്‍ക്കു വേണ്ടത്ര പ്രചാരം ലഭിക്കുന്നില്ലെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മികച്ച സംവിധായകര്‍ പുതുതായി ഉണ്ടാകുന്നുണ്ടെങ്കിലും അവര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടൂരിന്റെ പിന്നെയും എന്ന പുതിയ സിനിമയുടെ പ്രചാരണാര്‍ഥം തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ സുദേവന്റെ സി ആര്‍ നമ്പര്‍ 69സിനിമ നല്ല സിനിമയായിരുന്നു.
പുതിയ സംവിധായകര്‍ക്ക് സര്‍ക്കാരിന്റെയും വിതരണക്കാരുടേയും മാധ്യമങ്ങളുടേയും ഭാഗത്തുനിന്ന് സഹായം ഉണ്ടാകണം. എന്‍ എഫ് ഡി സി യില്‍ ഫൈവ് സ്റ്റാര്‍ സംസ്‌കാരമുള്ള ഉദ്യോഗസ്ഥരാണ്. അവര്‍ നല്ല സിനിമയ്ക്കായി ഒന്നും ചെയ്യുന്നില്ല. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ മുംബൈയില്‍ എത്തി പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. നല്ല സിനിമകള്‍ ചെയ്താല്‍ വരുമാനം ലഭിക്കാത്തതാണിതിന് കാരണമെന്നും അടൂര്‍ പറഞ്ഞു.
ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പടം എടുക്കാന്‍ തനിക്ക് ആദ്യം ഭയമായിരുന്നു. പിന്നീട് അതിനെക്കുറിച്ച് പഠിച്ചു. ഫിലിമിന്റെ സങ്കീര്‍ണത ഡിജിറ്റലില്‍ ഇല്ല. ഈ സിനിമയുടെ സെന്‍സറിങിലും ഭയം ഉണ്ടായിരുന്നു. എന്നാല്‍,പടം അവര്‍ക്ക് ഇഷ്ടപ്പെട്ടു. സാറിന്റെ മികച്ച സിനിമയാണിതെന്നാണ് അവര്‍ പറഞ്ഞത്. ബോക്‌സ് ഓഫീസിലും ഇതു വിജയമാകുമെന്ന് അവര്‍ പറഞ്ഞു.
ദീര്‍ഘനാള്‍ സിനിമ ചെയ്യാതിരുന്നപ്പോള്‍ സിനിമ മതിയാക്കിയോ, സ്‌റ്റോക്ക് തീര്‍ന്നോ എന്നായിരുന്നു പലരുടേയും ചോദ്യമെന്ന് അടൂര്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇതാ വരുന്നു പിന്നെയും. എല്ലാവരുടേയും ജീവിതത്തില്‍ ഒരു പിന്നെയും കാണുമല്ലോ. എന്റെ സിനിമയ്ക്ക് ആദ്യമായാണ് വൈഡ് റിലീസ് . പ
ല സിനിമകളും വേണ്ടത്ര പ്രചാരണമില്ലാത്തതിനാല്‍ ജനങ്ങളില്‍ എത്താതെ പോയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ആദ്യമേ തീരുമാനിക്കും ഇത് അവാര്‍ഡ് സിനിമയാണ് ഈ പടം ഓടില്ല. പക രം ഏതെങ്കിലും വഷളായ തമിഴ് സിനിമയായിരിക്കും തിയേറ്ററുകാര്‍ കാണിക്കുക .വൈഡ് റിലീസിന്റെ പതിവ് സങ്കല്‍പം തിരുത്തുന്ന സിനിമയായിരിക്കും പിന്നെയും.നടനോ നടിയോ അല്ല നല്ല സിനിമയാണോ എന്നതാണ് പ്രധാനം അടൂര്‍ പറഞ്ഞു. ദിലീപിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സി ഐ ഡി മൂസയാണെന്നും കോമഡി സിനിമകള്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. അടൂരിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ജനങ്ങളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ കഴിയുന്ന സിനിമയായിരിക്കും ഇതെന്നും നടി കാവ്യ മാധവന്‍ പറഞ്ഞു.
അടൂരിന്റെ വ്യത്യസ്ഥ സിനിമയായിരിക്കും പിന്നെയുമെന്ന് നടന്‍ ദിലീപ് പറഞ്ഞു.
അടൂര്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. സിനിമയെക്കുറിച്ച് നൂറ് ശതമാനം ധാരണയുള്ളയാളാണ് അടൂരെന്നും ഇത് അഭിനയം അനായാസമാക്കിയെന്നും ദിലീപ് പറഞ്ഞു. കെ പി എ സി ലളിത, മഞ്ജു പിള്ള, കുക്കു പരമേശ്വരന്‍, നിര്‍മ്മാതാവ് ബേബി മാത്യു സോമതീരം എന്നിവര്‍ പങ്കെടുത്തു.