ഡല്‍ഹിയില്‍ പുതിയ മദ്യശാലകള്‍ അനുവദിക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

Posted on: August 18, 2016 12:02 am | Last updated: August 17, 2016 at 11:51 pm

arvind-kejriwal21ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുതായി പുതിയ മദ്യശാലകള്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിലവിലെ മുദ്യശാലകള്‍ എന്തുചെയ്യണമെന്നതിനെ കുറിച്ചുള്ള തീരുമാനം മൊഹല്ല സഭകള്‍ തീരുമാനിക്കുമെന്നും തങ്ങളുടെ അടുത്തുള്ള മദ്യശാലകള്‍ ശല്യമാകുന്നുവെങ്കില്‍ അവ പൂട്ടാനൊ, മാറ്റി സ്ഥാപിക്കാനൊ നടപടിയെടുക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. മൊഹല്ല സഭയില്‍ പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ഇത്തരമൊരു നടപടിയുമായി മുന്നോട്ടു വന്നതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ മദ്യശാലകള്‍ പ്രവര്‍ത്തുക്കുന്നത് മൂലം ജനങ്ങള്‍ക്ക് ശല്യമുണ്ടായിരുന്നതായി മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞു. ഈ ഷോപ്പുകള്‍ കാരണം തങ്ങള്‍ സുരക്ഷിമല്ലാത്ത ഇടത്താണ് ജീവിക്കുന്നതെന്ന തോന്നല്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നതായും അതിനാലാണ് മദ്യശാലകള്‍ പൂട്ടാനുള്ള തീരുമാനമെടുത്തതെന്നും കെജ് രിവാള്‍ പറഞ്ഞു. നഗരത്തില്‍ വര്‍ധിച്ചു വരുന്ന മദ്യശാലകള്‍ക്കെതിരെ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് തുടങ്ങിയവര്‍ ക്യാമ്പയിനുകള്‍ നടത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പുതിയ 58 മദ്യശാലകള്‍ തുറന്നെന്ന് കണക്കുകള്‍ പറയുന്നു. മദ്യശാലക്കെതിരെ പരാതി ലഭിച്ചാല്‍ മൊഹല്ല സഭ ചര്‍ച്ച ചെയ്ത് ആ പ്രദേശത്തെ ആകെ വോട്ടര്‍മാരുടെ 15 ശതമാനം പേര്‍ അനുകൂലിച്ചാല്‍ അത്തരം ഷോപ്പുകള്‍ക്ക് താഴുവീഴുമെന്ന് സിസോദിയ പറഞ്ഞു. ഈ തീരുമാനത്തില്‍ 33 ശതമാനം സ്ത്രീ വോട്ടര്‍മാര്‍ അനുകൂലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൊഹല്ല സഭയില്‍ ഹാജരായ അംഗങ്ങളുടെ മൂന്നില്‍ രണ്ട് പേര്‍ തീരുമാനത്തെ അനുകൂലിച്ചാല്‍ മാത്രമേ മദ്യശാലകള്‍ക്ക് താഴുവീഴൂ. മദ്യഷോപ്പുകളില്‍ പൊതുജനങ്ങള്‍ക്ക് ശല്യമാകുംവിധത്തിലുള്ള പ്രവൃത്തികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അത്തരം മദ്യശാലകളുടെ മാനേജര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശിക ഭരണം കൂടുതല്‍ ശക്തമാക്കുന്നതിന് കഴിഞ്ഞ ജൂണില്‍ 2972 മൊഹല്ല സഭകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.