Connect with us

International

ഫലസ്തീന്‍ സ്‌കൂള്‍ പൊളിക്കാനുള്ള ഇസ്‌റാഈല്‍ തീരുമാനം വിവാദമാകുന്നു

Published

|

Last Updated

ജറൂസലം: ജറൂസലമിന് സമീപമുള്ള ബദവീ ഗ്രാമത്തിലെ ഖാന്‍ അല്‍അഹ്മറിലുള്ള സ്‌കൂള്‍ പൊളിച്ചുമാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം. സംഭവം വന്‍ പ്രതിഷേധത്തിന് കളമൊരുക്കിയിരിക്കുകയാണെന്ന് സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു. ഈ സ്‌കൂള്‍ അടച്ചുപൂട്ടി ഇടിച്ചുനിരപ്പാക്കാന്‍ ഇസ്‌റാഈല്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കുകയാണ്. അടച്ചുപുട്ടാനുള്ള ഉത്തരവിന്റെ പകര്‍പ്പ് ഗ്രാമീണര്‍ക്കും ഇറ്റാലിയന്‍ അംബാസിഡര്‍ക്കും ഇസ്‌റാഈല്‍ കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടന്നുവരികയാണ്. മേഖലയിലെ വ്യത്യസ്ത ബദവീ ഗ്രാമങ്ങളില്‍ നിന്നുള്ള 170ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇറ്റാലിയന്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെ 2009ലാണ് ഗ്രാമീണവാസികള്‍ ഈ സ്‌കൂള്‍ പടുത്തുയര്‍ത്തിയത്. ദൂരെയുള്ള സ്‌കൂളുകളില്‍ പോകുന്നത് ബുദ്ധിമുട്ടും ചെലവേറിയതും ആയപ്പോഴാണ് ഗ്രാമീണര്‍ ഈ സ്‌കൂളിന്റെ നിര്‍മാണം നടത്തിയത്.
അടച്ചുപൂട്ടാനുള്ള തീരുമാനം അറിഞ്ഞതോടെ ഫലസ്തീന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചതിനേക്കാള്‍ ഒരാഴ്ച മുമ്പ് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. അടച്ചുപൂട്ടാനുള്ള ഏത് നീക്കവും വലിയ പ്രശ്‌നം സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വികസനം നടത്താന്‍ തീരുമാനിച്ച മേഖലയിലാണ് സ്‌കൂള്‍ നിലനില്‍ക്കുന്നത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇസ്‌റാഈല്‍ സ്‌കൂള്‍ പൊളിക്കാനൊരുങ്ങുന്നത്.

Latest