38,000ത്തോളം തടവുകാരെ തുര്‍ക്കി ഉടന്‍ മോചിപ്പിക്കും

Posted on: August 18, 2016 6:00 am | Last updated: August 17, 2016 at 11:47 pm

അങ്കാറ: തുര്‍ക്കി സര്‍ക്കാര്‍ 38,000ത്തോളം ജയില്‍പുള്ളികളെ ഉടന്‍ മോചിപ്പിക്കും. ജൂലൈ ഒന്നിന് മുമ്പായി നടന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലില്‍ കഴിയുന്നവര്‍ക്കാണ് മോചനം നല്‍കുകയെന്ന് തുര്‍ക്കി നീതിന്യായ മന്ത്രി ബെകിര്‍ ബൊസ്ദാഗ് അറിയിച്ചു. ജൂലൈ 15ന് നടന്ന പരാജയപ്പെട്ട അട്ടമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പതിനായിരക്കണക്കിന് പേരെ ജയിലുകളില്‍ പാര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം തുര്‍ക്കി സര്‍ക്കാര്‍ നടത്തുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. എന്നാല്‍ കൊലപാതകം, ലൈംഗിക ആക്രമണം, ഭീകരവാദം, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവയുടെ പേരില്‍ ശിക്ഷയേറ്റുവാങ്ങി ജയിലില്‍ കഴിയുന്നവര്‍ക്കും ജൂലൈ 15ന് ശേഷം പിടിയിലായവര്‍ക്കും മോചനം നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. രണ്ട് വര്‍ഷമോ അതില്‍ താഴെയോ ജയില്‍ വാസം അനുഭവിക്കാന്‍ ബാക്കിയുള്ളവരെ മാത്രമാണ് പരിഗണിക്കുകയെന്നും മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഭാഗമായാണ് ഈ പ്രഖ്യാപനമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇത്തരമൊരു നീക്കം എന്തെങ്കിലും ആശ്വാസനടപടികളുടെ ഭാഗമായല്ലെന്നും കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കിയിട്ടില്ലെന്നും മറിച്ച് പരോളിന്റെ അടിസ്ഥാനത്തിലാണ് മോചനമെന്നും ബൊസ്ദാഗ് ചൂണ്ടിക്കാട്ടി.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 38000ത്തോളം പേര്‍ ജയില്‍ മോചിതരാകും. ഈ ഒഴിവുകളിലേക്ക് ജൂലൈ 15ന് ശേഷം അറസ്റ്റിലായവരെ പാര്‍പ്പിക്കും. ഇപ്പോള്‍ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫത്ഹുല്ല ഗുലനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും ഇദ്ദേഹത്തെ വിട്ടുനല്‍കാന്‍ അമേരിക്ക തയ്യാറാകണമെന്നും തുര്‍ക്കി സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഗുലനെതിരെ കൃത്യമായ തെളിവുകള്‍ സമര്‍പ്പിക്കാത്ത പക്ഷം വിട്ടുനല്‍കാന്‍ ആകില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഈ വിഷയത്തില്‍ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വരെ വഷളാകുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്ന മുഴുവന്‍ കാര്യങ്ങളും പെനിസില്‍വാനിയയില്‍ കഴിയുന്ന ഫത്ഹുല്ല ഗുലന്‍ തള്ളിക്കളയുകയാണ്.