ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ റെയില്‍ ഹൂണ്‍സിന്റെ ചിത്രങ്ങള്‍

Posted on: August 18, 2016 6:01 am | Last updated: August 17, 2016 at 11:42 pm
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍  റയില്‍ഹൂണ്‍സ്  എന്ന രാജ്യാന്തര സംഘത്തിന്റെ പേരിലുള്ള വരകളും ചിത്രങ്ങളും  കണ്ടെത്തിയ ആക്‌സിഡന്റ് റിലീഫ് വാന്‍
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റയില്‍ഹൂണ്‍സ് എന്ന രാജ്യാന്തര സംഘത്തിന്റെ പേരിലുള്ള വരകളും ചിത്രങ്ങളും കണ്ടെത്തിയ ആക്‌സിഡന്റ് റിലീഫ് വാന്‍

പാലക്കാട്: പൊതുമുതല്‍ നശിപ്പിക്കുന്ന റെയില്‍ഹൂണ്‍സ് എന്ന രാജ്യാന്തര സംഘത്തിന്റെ പേരിലുള്ള വരകളും ചിത്രങ്ങളും ഷൊര്‍ണൂരിലെ ട്രെയിനില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡില്‍ നിര്‍ത്തിയിട്ട ആക്‌സിഡന്റ് റിലീഫ് വാനിലാണ് ചൊവ്വാഴ്ച രാത്രിയോടെ ചിത്രങ്ങള്‍ കണ്ടെത്തിയത്. ആറ് ബോഗികളുള്ള വാനിലെ മൂന്ന് ബോഗികളിലാണ് വിവിധ വര്‍ണങ്ങളില്‍ സ്‌പ്രേ പെയിന്റ് ചെയ്ത നിലയില്‍ ചിത്രങ്ങളും വരകളും എഴുത്തുകളുമുള്ളത്.
റെയില്‍ ഹൂണ്‍സ് എന്നും ഇതിന്റെ ചുരുക്കമായ ആര്‍ എച്ച് എസ് എന്നും ഇംഗ്ലീഷിലുള്ള എഴുത്തുകളും ഇതിലുണ്ട്. തുടക്കത്തില്‍ ഇത് തമാശയാണെന്ന് അധികൃതര്‍ കരുതിയെങ്കിലും പിന്നീട് പൊതുമുതല്‍ നശിപ്പിച്ചതിന് ഷൊര്‍ണൂര്‍ ആര്‍ പിഎഫ് കേസെടുത്തു. പൊതുമുതലുകളില്‍ ചായം പൂശി വൃത്തികേടാക്കുകയെന്നതാണ് റെയില്‍ ഹൂണ്‍സിന്റെ സ്വഭാവം. സംഘടനയുടെ പ്രവര്‍ത്തനം ബ്രിട്ടനിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ പിടിയിലായവരില്‍ നിന്ന് വന്‍തുകയും പിഴയും ഈടാക്കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് റെയില്‍ ഹൂണ്‍സിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. പൊതുമുതല്‍ എന്തിന് വേണ്ടിയാണ് വൃത്തികേടാക്കുന്നതെന്ന് വ്യക്തമാക്കാറുമില്ല.