കാലടി: പ്രതിമാ നിര്‍മാണവും പ്രതിഷേധങ്ങളും

കാലടി സര്‍വകലാശാലയില്‍ ഒരു ശങ്കരപ്രതിമയുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലാണതുള്ളത്. ആ പ്രതിമയില്‍ പൂജാ കര്‍മങ്ങള്‍ നടത്താന്‍ പോലും മടിക്കാത്തയാളുകളെ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നുവെന്നതാണ് മുഖ്യകവാടത്തില്‍ രണ്ടാമതൊരു ശങ്കരപ്രതിമ സ്ഥാപിക്കുന്നതിനെതിരെ വിദ്യാര്‍ഥി-അധ്യാപക സമൂഹം പ്രതിഷേധവുമായി രംഗത്തുവരാനുള്ള കാരണം. ശൃംഗേരി മഠത്തില്‍ നിന്നു പൂജിച്ചുകൊണ്ടുവന്ന ഒരു ദണ്ഡ് സ്ഥാപിക്കുകയും അതില്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ വന്ദനം അര്‍പ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നത്.വൈസ്ചാന്‍സലറും എ ബി വി പിയും എന്തുവന്നാലും മുഖ്യ കവാടത്തില്‍ പ്രതിമ നിര്‍മിച്ചേ അടങ്ങൂവെന്ന വാശിയിലാണ്. അതനുവദിക്കില്ലെന്ന് അവിടുത്തെ വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു.
Posted on: August 18, 2016 6:01 am | Last updated: August 17, 2016 at 11:28 pm
SHARE

kaladiഇന്ത്യയുടെ ആത്മീയ- തത്ത്വചിന്താ സരണിയില്‍ ഒരു കാലഘട്ടത്തില്‍ നിറഞ്ഞുനിന്നിരുന്ന ശ്രീശങ്കരന്റെ പങ്കിനെ സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളും നിലവിലുണ്ടെങ്കിലും ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം അനിഷേധ്യമാണ്. ഇന്ത്യയുടെ തത്വചിന്താമണ്ഡലത്തില്‍ സംഭാവന നല്‍കിയ അനേകം പണ്ഡിതന്മാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അദൈ്വതാശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ശങ്കരന്റെ പ്രതിമ സ്ഥാപിക്കാനും സ്മരണ നിലനിര്‍ത്താനുമുള്ള അവകാശത്തെ ഈ രാജ്യത്ത് ആരും ചോദ്യം ചെയ്യുകയില്ല. എന്നാല്‍, സര്‍വകലാശാല പോലെ ഒരിടത്ത് ശങ്കരപ്രതിമ സ്ഥാപിക്കണമോ എന്ന വിവാദമാണ് കാലടി സര്‍വകലാശാലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ചരിത്രപുരുഷന്മാര്‍ ‘ദൈവ’ങ്ങളായി അവതരിക്കപ്പെടുന്നത് എത്രമേല്‍ അപകടകരമാണെന്ന കാര്യം ചിന്താശേഷിയുള്ളവരോട് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല. കാലടി സര്‍വകലാശാലയില്‍ ഇതിനകം നിര്‍മിക്കപ്പെട്ടിട്ടുള്ള ഒരു ശങ്കരപ്രതിമയുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലാണതുള്ളത്. ആ പ്രതിമയില്‍ പൂജാ കര്‍മങ്ങള്‍ നടത്താന്‍ പോലും മടിക്കാത്തയാളുകളെ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നുവെന്നതാണ് മുഖ്യകവാടത്തില്‍ രണ്ടാമതൊരു ശങ്കരപ്രതിമ സ്ഥാപിക്കുന്നതിനെതിരെ വിദ്യാര്‍ഥി-അധ്യാപക സമൂഹം പ്രതിഷേധവുമായി രംഗത്തുവരാനുള്ള കാരണം. ശൃംഗേരി മഠത്തില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന ഒരു ദണ്ഡ് സ്ഥാപിക്കുകയും അതില്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ വന്ദനം അര്‍പ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് കാലടിയിലെ വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നത്.
എന്തായാലും ഒരു പ്രതിമാനിര്‍മാണം കാലടി സര്‍വകലാശാലയില്‍ ആരംഭിച്ചിരിക്കുന്നു. വരും ദിവസങ്ങളില്‍ പ്രതിമാനിര്‍മാണം വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമായേക്കാം. വൈസ്ചാന്‍സലറും എ ബി വി പിയും എന്തുവന്നാലും മുഖ്യ കവാടത്തില്‍ പ്രതിമ നിര്‍മിച്ചേ അടങ്ങൂവെന്ന വാശിയിലാണ്. അതനുവദിക്കില്ലെന്ന് അവിടുത്തെ വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്കു നീങ്ങുന്നതിന് പുതിയ നീക്കങ്ങള്‍ കാരണമാകും. അതുകൊണ്ട്, ഈ പ്രശ്‌നത്തെ സമചിത്തതയോടെ സമീപിക്കാന്‍ ബന്ധപ്പെട്ടവര്‍ പ്രത്യേകിച്ചും സര്‍വകലാശാലാ അധികാരികള്‍ തയാറാകേണ്ടതുണ്ട്.
ചരിത്രവ്യക്തിത്വങ്ങളുടെ പ്രതിമകള്‍ ആര്‍ക്കെങ്കിലും എവിടെയെങ്കിലും നിര്‍മിക്കണമെങ്കില്‍ അതിനുള്ള ജനാധിപത്യാവകാശമുള്ള നാടാണിത്. പതിനായിരക്കണക്കിന് പ്രതിമകളാണ് നമ്മുടെ രാജ്യത്ത് ഇന്നുള്ളത്. പലതും ആരുടേതാണെന്നു പോലും ആര്‍ക്കുമറിയില്ല. ബ്രിട്ടീഷുകാര്‍ മുതല്‍ മൂന്നാം കിട രാഷ്ട്രീയ നേതാക്കള്‍ വരെ നമ്മുടെ നാട്ടില്‍ പ്രതിമകളായുണ്ട്. കാക്കയും പരുന്തും കാഷ്ടിക്കുകയും കൂടുവെക്കുകയും ചെയ്യന്ന അത്തരം പ്രതിമകളുടെ ശോച്യാവസ്ഥയും മറ്റുമൊക്കെ അവിടെ നില്‍ക്കട്ടെ. ഒരു പ്രതിമാ നിര്‍മാണം ഒരു സര്‍വകലാശാലയുടെ സ്വാസ്ഥ്യം കെടുത്തുന്ന സ്ഥിതിയില്‍ എത്തിച്ചേരുകയാണെങ്കില്‍ എന്തായിരിക്കും അതുണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍?
കാലടി സര്‍വകലാശാല ശ്രീശങ്കരന്റെ പേരിലുള്ള ഒന്നാണ്. സംസ്‌കൃത സര്‍വകലാശാലയാണത്. അര്‍ഹമായ എല്ലാ സ്ഥാനവും ശങ്കരാചാര്യര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രതിമയുമുണ്ട്. പിന്നെന്തിനാണ് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വൈസ്ചാന്‍സിലര്‍ തന്നെ നേതൃത്വം നല്‍കുന്നത്? അതിന്റെ രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ വിഷയങ്ങള്‍ കൂടി പരിഗണിക്കാന്‍ അധികാരികള്‍ തയാറായിട്ടുണ്ടോ? വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആശങ്കകള്‍ പരിഗണിക്കാന്‍ അധികാരികള്‍ എന്തുകൊണ്ട് വിമുഖത കാട്ടുന്നു?
എം ജി റോഡിന് അഭിമുഖമായി പണിത സര്‍വകലാശാലയുടെ പുതിയ കവാടത്തില്‍ പ്രതിമ പണിയുമെന്ന സിന്‍ഡിക്കേറ്റിന്റെ തീരുമാനം വന്നതു മുതല്‍ കാലടിയിലെ വിവിധ വിഭാഗം സംഘടനകള്‍ ഒറ്റക്കും കൂട്ടായും പ്രതിഷേധങ്ങള്‍ അറിയിച്ചിരുന്നു. സര്‍വകലാശാലയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെയും ജനാധിപത്യവിരുദ്ധ ഇടപെടലുകളുടെയും പശ്ചാത്തലത്തിലാണ് ഈ പ്രതിമാവിവാദം പൊട്ടിമുളക്കപ്പെട്ടത്. ശങ്കരപ്രതിമക്കു സംഭവിച്ച രൂപ-ഭാവ പരിണാമങ്ങള്‍ – വിശേഷിച്ചും ദൈവിക പരിവേഷം കല്‍പ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വം നടത്തുന്ന പരിശ്രമങ്ങള്‍ ഭാവിയില്‍ സൃഷ്ടിക്കാനിടയുള്ള പ്രശ്‌നങ്ങളാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗാന്ധിജിയുടെയോ നേതാജിയുടെയോ നാരായണ ഗുരുവിന്റെയോ പ്രതിമകള്‍ ഉചിതമായ സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെടുന്നതു പോലെ ശ്രീശങ്കരന്റെ പ്രതിമയും സ്ഥാപിക്കുന്നതില്‍ എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല. പക്ഷേ, അത് പ്രകോപനപരമാകരുത്. വിഗ്രഹാരാധനയെ നിശിതമായി എതിര്‍ത്ത ശ്രീനാരായണ ഗുരുവിനെ ദൈവമാക്കി പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരില്‍ പലര്‍ക്കും ഗുരു ദേവദര്‍ശനമെന്തെന്ന് അറിയില്ലായെന്ന സങ്കടകരമായ സ്ഥിതിയുണ്ടല്ലോ. അതിന്റെ പേരില്‍ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നതും ശ്രദ്ധിക്കണം. അതുപോലെയുള്ള സ്ഥിതി സര്‍വകലാശാലയില്‍ വന്നുകൂടാ. എല്ലാവരും സൗഹാര്‍ദത്തിലും സ്‌നേഹത്തിലും ആശയ സംവാദങ്ങളില്‍ ഏര്‍പ്പെടുന്ന അന്തരീക്ഷമാണ് സര്‍വകലാശാലയില്‍ ഉണ്ടാവേണ്ടത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും ഒരു സര്‍വകലാശാലയിലും ഉണ്ടാകാതെ നോക്കാന്‍ അധികാരികള്‍ക്കു തീര്‍ച്ചയായും ബാധ്യതയുണ്ട്.
നിര്‍ഭാഗ്യത്താല്‍, കാലടി സര്‍വകലാശാലയില്‍ നേര്‍ വിപരീത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ നിരോധിച്ച ഇതേ വി സി നടത്തിയ നീക്കങ്ങള്‍ കഴിഞ്ഞ വര്‍ഷം വന്‍ പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. അതിന്റെ മറ്റൊരു ആവര്‍ത്തന വേദിയായി പ്രതിമാ നിര്‍മാണം മാറാതിരിക്കാന്‍ ശ്രദ്ധിക്കണം.
അതോടൊപ്പം, സര്‍വകലാശാലയില്‍ അടിയന്തരമായി വേണ്ടത് പ്രതിമയാണോ ഗവേഷക വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഹോസ്റ്റലാണോ എന്ന ചോദ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഗവേഷക വിദ്യാര്‍ഥികള്‍ക്കു സര്‍വകലാശാല നല്‍കുന്ന തുച്ഛമായ ഫെലോഷിപ്പു പോലും സമയത്ത് വിതരണം ചെയ്യാത്തതിനെതിരായി വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പസാണിത്. കലാവിദ്യാര്‍ഥികള്‍ക്കു പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ക്യാമ്പസില്‍ ലഭ്യമല്ല. ആര്‍ട് ഗാലറിയിലെ ശോച്യാവസ്ഥകള്‍, ഫീസ് വര്‍ധനവ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിടുന്നു. അതൊന്നും പരിഗണിക്കാതെ വിവാദമായ പ്രതിമാ നിര്‍മ്മാണം ബലംപ്രയോഗിച്ച് നടത്താന്‍ ശ്രമിച്ചത് വിവേകമാണോയെന്ന് ആലോചിക്കുക.
കേരളത്തിലെ ഉയര്‍ന്ന നിലവാരമുള്ള സര്‍വകലാശാലകളില്‍ ഒന്നാണ് കാലടി സംസ്‌കൃത യൂനിവേഴ്‌സിറ്റി. ധിഷണാശാലികളായ അനേകം വിദ്യാര്‍ഥികളും അധ്യാപകരും വളരെ ആരോഗ്യകരമായ ആശയസംവാദങ്ങളിലൂടെ ജീവിക്കുകയും വളരുകയും ചെയ്യുന്ന സ്ഥലം. തീര്‍ച്ചയായും, അങ്ങനെയൊരു സ്ഥലത്ത് വര്‍ഗീയ-സാമുദായിക-ചേരിതിരിവുകള്‍ക്കു കടന്നുവരാന്‍ വിടവുകള്‍ നിര്‍മിച്ചുകൊടുക്കുന്ന ഒരു നീക്കവും അഭിലഷണീയമല്ല. സര്‍വകലാശാലക്കു ഉന്നതമായ ദൗത്യങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത്. സമൂഹത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ നേതൃപരമായ പങ്കാണ് സര്‍വകലാശാലകള്‍ക്കുള്ളത്. സ്വതന്ത്രവും ജനാധിപത്യപരവുമായ അന്തരീക്ഷത്തില്‍ മാത്രമേ പുതിയ ആശയങ്ങളും ചിന്തകളും ഉയര്‍ന്നുവരൂ.
ആയതിനാല്‍, പഴഞ്ചന്‍ വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുകയല്ല ഒരു ആധുനിക ജനാധിപത്യസമൂഹത്തിന്റെ കടമയെന്ന കാര്യം മനസ്സിലാക്കാനുള്ള തിരിച്ചറിവ് സര്‍വകലാശാലയുടെ അമരത്ത് നിലകൊള്ളുന്നവര്‍ക്കുണ്ടാകണം. അതല്ലെങ്കില്‍ അവിടെയുണ്ടാകുന്ന എല്ലാ സംഘര്‍ഷങ്ങളുടെയും ഉത്തരവാദികള്‍ – പ്രതി(മ)കള്‍ – സര്‍വകലാശാലാ അധികൃതര്‍ ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here