സഊദിയില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ്

Posted on: August 17, 2016 10:34 pm | Last updated: August 18, 2016 at 6:49 am

PINARAYI

തിരുവനന്തപുരം: സഊദി അറേബ്യയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് രാജ്യത്ത് മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സഊദിയില്‍ നിന്ന് മടങ്ങിയെത്തുന്ന മലയാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡല്‍ഹി, മുംബൈ വഴി തിരികെയെത്തുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികള്‍ക്കാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അനുഗ്രഹമാവുക.
കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളില്‍ എത്തുന്ന മലയാളികളെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് ഒരു തീരുമാനവും എടുക്കാതിരുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ട്രെയിന്‍ ടിക്കറ്റ് നല്‍കാന്‍ നോര്‍ക്ക സെക്രട്ടറി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.
അതിനിടെ, പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് വീണ്ടും സഊദി അറേബ്യയിലെത്തി. ഇന്നലെ പുലര്‍ച്ചെ അവിടെയെത്തിയ മന്ത്രി ഇന്ത്യന്‍ പ്രവാസികളുടെ മടങ്ങിപ്പോക്ക് ഏകോപിപ്പിക്കുന്നതില്‍ ഇടപെടുന്നുണ്ട്. സഊദി ഓജര്‍ ക്യാമ്പില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കോണ്‍സല്‍ ജനറലും അദ്ദേഹത്തെ അനുഗമിച്ചു.