ജീവിതച്ചെലവില്‍ വര്‍ധന; വരും മാസങ്ങളിലും ചെലവേറും

Posted on: August 17, 2016 7:28 pm | Last updated: August 17, 2016 at 7:28 pm

ദോഹ: രാജ്യത്തെ ജനങ്ങളുടെ ജീവിതച്ചെലവില്‍ കഴിഞ്ഞ മാസം നേരിയതോതില്‍ വര്‍ധന രേഖപ്പെടുത്തി. വിദ്യാഭ്യാസ, വിനോദ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്നതാണ് ജീവിതച്ചെലവ് കൂടാനിടയക്കിയത്. ജൂണുമായുള്ള താരതമ്യത്തില്‍ ജൂലൈയില്‍ ചെലവുകളില്‍ 0.8 ശശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.
കഴിഞ്ഞദിവസം പ്രസിദ്ധപ്പെടുത്തിയ ഔദ്യോഗിക ഉപഭോക്തൃ വിലസൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗതാഗതച്ചെലവിലെ വര്‍ധനവാണ് പ്രധാന കാരണം. ഗതാഗതച്ചെലവില്‍ 2.8 ശതമാനം വര്‍ധിച്ചു. വിനോദ, സാംസ്‌കാരിക ചെലവുകളില്‍ 2.4 ശതമാനവും വര്‍ധിച്ചു. അതേസമയം വാര്‍ഷിക താരതമ്യം കണക്കിലെടുത്താന്‍ 2.5 ശതമാനമായിരുന്ന ജൂണിലെ വിലക്കയറ്റം ജൂലൈയില്‍ 2.8 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പണപ്പെരുപ്പത്തേക്കാള്‍ കുറവാണ് ജൂലൈയിലേത്. മാര്‍ച്ചില്‍ 3.3ശതമാനവും ഏപ്രിലില്‍ 3.4 ശതമാനവുമായിരുന്നു പണപ്പെരുപ്പം. ഇതാണ് ജൂണില്‍ 2.5ശതമാനവും ജൂലൈയില്‍ 2.8ശതമാനവവുമായി രേഖപ്പെടുത്തിയത്. വിദ്യാഭ്യാസച്ചെലവിലെ വര്‍ധനവാണ് ഇതിനു പ്രധാനകാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് വിദ്യാഭ്യാസച്ചെലവില്‍ 7.1 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. വികസന, ആസൂത്രണ, സ്ഥിതി വിവരക്കണക്ക് മന്ത്രാലയമാണ് ഉപഭോക്തൃ വിലസൂചിക പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക സാഹചര്യം, പ്രത്യേകിച്ചും ഗാര്‍ഹിക ചെലവുകള്‍ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഉപഭോക്തൃ വിലസൂചിക. ഉത്പന്നങ്ങളുടെ ശരാശരി വില നിലവാരവും സേവനങ്ങളും ചെലവഴിക്കല്‍ മാറ്റങ്ങളും കൃത്യമായി വിലയിരുത്തിയാണ് സൂചിക തയാറാക്കുന്നത്. ഈ വര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ചില മേഖലകളില്‍ ചെലവില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. മറ്റു പ്രധാനമേഖലകള്‍ സുസ്ഥിരമായി തുടരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പുകയില എന്നിവയില്‍ നേരിയ വര്‍ധനയുണ്ടായി. അതേസമയം തുടര്‍ച്ചയായ നാലാം വര്‍ഷവും വാടകച്ചെലവ് സുസ്ഥിരമായി തുടരുന്നു. പോയ മാസം 0.1 ശതമാനത്തിന്റെ വളരെ നേരിയ വര്‍ധനവുണ്ടായെങ്കിലും വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല. അതേസമയം പ്രവാസികളുടെ വൈദ്യുതി, ജല ഉപഭോഗം സംബന്ധിച്ച ചെലവുകള്‍ വര്‍ധിക്കുന്നുണ്ട്. വൈദ്യുതി, വെള്ളം എന്നിവയുടെ ചാര്‍ജ് വരും മാസങ്ങളിലും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷിക കണക്കെടുപ്പില്‍ എട്ടു മേഖലകളില്‍ ചെലവ് വര്‍ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ 7.1ശതമാനത്തിന്റെ വര്‍ധനവിനു പുറമെ വിനോദ, സാംസ്‌കാരിക മേഖലയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെ വര്‍ധന. മിസല്ലേനിയസ് ഗുഡ്‌സ്, സര്‍വീസ് മേഖലയില്‍ 4.8 ശതമാനത്തിന്റെയും പാര്‍പ്പിടം, വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങിയവയില്‍ 4.1 ശതമാനത്തിന്റെയും ഗതാഗതത്തില്‍ 3.3 ശതമാനത്തിന്റെയും ഫര്‍ണീഷിംഗ്‌സ്, ഗാര്‍ഹികോത്പന്നങ്ങള്‍ എന്നിവയില്‍ 1.5 ശതമനത്തിന്റെയും വസ്ത്രം, ചെരുപ്പ് എന്നിവയില്‍ 0.7 ശതമാനത്തിന്റെയും കമ്യൂണിക്കേഷന്‍ മേഖലയില്‍ 0.1 ശതമാനത്തിന്റെും വര്‍ധനവുണ്ടായിട്ടുണ്ട്. റസ്റ്റോറന്റ് ഹോട്ടല്‍ ചെലവില്‍ മൂന്നു ശതമാനത്തിന്റെയും ആരോഗ്യമേഖലയിലെ ചെലവില്‍ ഒരു ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ, പാനീയ ചെലവില്‍ 0.3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.