യുവാക്കളെ സേവന സന്നദ്ധരാക്കാന്‍ റോട്ടയുടെ ലീഡര്‍ഷിപ്പ് പരിശീലനം

Posted on: August 17, 2016 7:27 pm | Last updated: August 17, 2016 at 7:27 pm
SHARE

ദോഹ: യുവാക്കളെ സാമൂഹിക സേവനത്തിലും തൊഴില്‍ മേഖലയിലെ ക്രിയാത്മകതകക്കും പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്വര്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഔട്ട് ഏഷ്യയുടെ ലീഡര്‍ഷിപ്പ് പരിശീലനത്തിന് യുവാക്കളെ ക്ഷണിച്ചു. 16നും 26നുമിടയല്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള യുവ സന്നദ്ധ സംരംഭങ്ങളില്‍ പങ്കെടുക്കുന്നതിനും രാജ്യാന്തര സ്വഭാവത്തിലുള്ള പരിശീലനം നേടുന്നതിനും അവസരമൊരുക്കിയാണ് റോട്ടയുടെ പരിശീലനവും പ്രവര്‍ത്തനങ്ങളും.
ആശയവിനിമയം, സാമൂഹികസേവനം എന്നിവയിലൂടെ യുവത്വത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്ന പദ്ധതി ഖത്വറിലെ യുവാക്കള്‍ക്ക് അപൂര്‍വവും മികച്ചതുമായ അവസരമാണ് നല്‍കുന്നതെന്ന് റോട്ട കമ്യൂണിറ്റി ഡവലപ്‌മെന്റ് മാനേജര്‍ അബ്ദുല്ല അല്‍ ബക്‌രി പറഞ്ഞു. വിശിഷ്യാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സേവനം പ്രോത്സാഹിപ്പിക്കുന്നതാണ് പരിശീലനം. ഒക്‌ടോബര്‍ 26 മുതല്‍ 29 വരെ ദോഹയില്‍ വെച്ചാണ് ഒന്നാംഘട്ട പരിശീലനം നടക്കുക. സാമൂഹിക പദ്ധതികളിലെ ടീം വര്‍ക്കില്‍ കേന്ദ്രീകരിച്ചായിരിക്കും പരിശീലനം. 2013 മുതല്‍ യുവാക്കള്‍ക്കുള്ള പരിശീലനം ആരംഭിച്ച ശേഷം നിരവധി പേരെ സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അബ്ദുല്ല അല്‍ ബക്‌രി പറഞ്ഞു. നാളെയുടെ നേതൃത്വം എന്ന നിലയിലാണ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്. പരിശീലനം നേടുന്ന യുവാക്കള്‍ ഖത്വറിനെ പ്രതിനിധീകരിച്ച് മേഖലയിലും രാജ്യാന്തര തലത്തിലും വിവിധ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും ഒരുദിനം പങ്കു ചേരും. വെല്ലുവിളികളെ അതിജയിക്കുന്നതിനും പ്രൊഫഷനല്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രാപ്തി നേടുകയും ആഗോള പ്രതിസന്ധികളില്‍ ഇടപെടുന്നതിനും പരിഹരിക്കുന്നിനും യുവാക്കളെ പ്രോത്സാഹിപ്പിക്കുകയുമാണ് പരിശീലനത്തിന്റെ താത്പര്യം. ഇതിനകം അപേക്ഷകള്‍ വന്നു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here