Connect with us

National

കാശ്മീര്‍: പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കാശ്മീരുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കുള്ള പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ തള്ളി. തീവ്രവാദം പോലെ ഇരു രാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സെക്രട്ടറിതല ഉഭയകക്ഷി ചര്‍ച്ചക്കായുള്ള ക്ഷണമാണ് ഇന്ത്യ നിരസിച്ചത്. കാശ്മീര്‍ വിഷയത്തിലെ ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി ഇന്ത്യന്‍ പ്രതിനിധി എസ് ജയശങ്കറിനെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച് കത്തയച്ചിരുന്നു.
പാക് ഹൈക്കമീഷണര്‍ ഗൗതം ബാംബവാലെ വഴിയാണ് ക്ഷണം തള്ളിയതായി ഇന്ത്യ അറിയിച്ചത്. ഇത് ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ലെങ്കിലും ചര്‍ച്ചക്ക് കേന്ദ്രം വിസമ്മതം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ സെക്രട്ടറിയെ ഇസ്‌ലാമാബാദിലേക്ക് അയക്കാന്‍ തയ്യാറാണെന്നും എന്നാല്‍, അതിര്‍ത്തി കടന്നുള്ള തീവ്രവാദം മാത്രമേ ചര്‍ച്ചക്ക് വിഷയമാകുകയുള്ളുവെന്നുമാണ് ഇന്ത്യ നിലപാടറിയിച്ചത്. ഈ വിഷയം ചൂണ്ടിക്കാട്ടിയുള്ള കത്ത് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബാവാലെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കാശ്മീരിലെ നിലവിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ്. അതിനാല്‍, ഇതു സംബന്ധിച്ച് ചര്‍ച്ചയാകാമെന്നാണ് ഇന്ത്യ അറിയിച്ചത്.
കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കാശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ പാക്കിസ്ഥാന്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ തള്ളിക്കളയുന്നതായും ഇന്ത്യ കത്തില്‍ പറയുന്നു. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിനുള്ള ക്ഷണം പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേശ്ടാവ് സര്‍താജ് അസീസ് കഴിഞ്ഞ 12ന് ഇസ്‌ലാമബാദില്‍ വാര്‍ത്ത സമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു. സംവാദത്തിനും ചര്‍ച്ചക്കും ഇന്ത്യയെ ക്ഷണിക്കുമെന്നാണ് അദ്ദേഹം അന്ന് വ്യക്തമാക്കിയത്. പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യൂ എന്ന് ഇന്ത്യ ആവര്‍ത്തിച്ചതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.
ഈ മാസം ആദ്യം ചേര്‍ന്ന ത്രിദിന പാക് നയതന്ത്ര പ്രതിനിധികളുടെ യോഗത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സര്‍താജ് അസീസ് ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്നാണ് പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതിയത്.
ഇന്ത്യ- പാക് ബന്ധത്തിലെ സമകാലിക പ്രശ്‌നങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ക്ഷണം സ്വാഗതം ചെയ്തും പാക്കിസ്ഥാനെ നിശിതമായി വിമര്‍ശിച്ചും ഈ മാസം 13ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന്റെ സ്വന്തം കയറ്റുമതി ഇനങ്ങളായ ഭീകരവാദം, മയക്കുമരുന്ന്, കള്ളപ്പണം, നുഴഞ്ഞുകയറ്റം എന്നിവ ഇന്ത്യയും മറ്റ് അയല്‍ രാജ്യങ്ങളും വേണ്ടുവോളം അനുഭവിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നല്‍കിയ സന്ദേശത്തില്‍ പാക് വിദേശകാര്യ മന്ത്രി കാശ്മീരിലേക്ക് സഹായം അയക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, പാക്കിസ്ഥാന്റെ നിര്‍ദേശം അപഹാസ്യമാണെന്നും അര്‍ഥശങ്കക്കിടയില്ലാത്തവിധം തള്ളുന്നുവെന്നും ഇന്ത്യന്‍ വിദേശ കാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.
തൊട്ടു പിന്നാലെ, സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയിലെ പാക് ഹൈക്കമീഷണര്‍ അബ്ദുല്‍ ബാസിതും കാശ്മീര്‍ വിഷയത്തില്‍ പ്രകോപനപരമായ പരാമര്‍ശം നടത്തി. ഈ വര്‍ഷത്തെ പാക് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍, സ്വതന്ത്രമാകാന്‍ പോകുന്ന കാശ്മീരിനായി സമര്‍പ്പിക്കുന്നുവെന്നായിരുന്നു ബാസിത് പറഞ്ഞത്. കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പ്രസ്താവനയോട് പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നാണ് മോദി പ്രതികരിച്ചത്.

---- facebook comment plugin here -----

Latest