Connect with us

Gulf

ആഗോള സൗരോര്‍ജ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഖത്വര്‍

Published

|

Last Updated

ദോഹ: ആഗോള സൗരോര്‍ജ വിപണിയില്‍ വന്‍വിപ്ലവം സൃഷ്ടിക്കാന്‍ ഖത്വര്‍ സോളാര്‍ ടെക്‌നോളജീസ് (ക്യു എസ്‌ടെക്). സൗരോര്‍ജ വ്യാപനത്തിനായി 6500 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന ഫോട്ടോവോള്‍ട്ടാനിക് സോളാര്‍ സംവിധാനങ്ങള്‍ ഒരുക്കുകയാണ് കമ്പനി. ആഗോളതലത്തില്‍ ഫോട്ടോവോള്‍ക്കാനിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനുമായി ജര്‍മന്‍ കമ്പനികളായ സോളാര്‍ വേള്‍ഡ്, സെന്‍ട്രോതേം ഫോട്ടോവോള്‍ട്ടൈക്‌സ് എജി എന്നിവയുമായി ക്യു എസ് ടെക് കരാറില്‍പ്പെട്ടു.

ആഗോളതലത്തില്‍ ഫോട്ടോവോള്‍ട്ടൈക് ശൃംഖലയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന തരത്തില്‍ ഇരുകമ്പനികളും വലിയ നിക്ഷേപമാണ് ഖത്വര്‍ ഫൗണ്ടേഷന്‍ അംഗമായ ക്യു എസ് ടെക്ക് നടത്തിയത്. യൂറോപ്പിലും അമേരിക്കയിലും സോളാര്‍ പാനല്‍ ഉത്പാദനത്തിലെ മുന്‍നിര കമ്പനിയാണ് സോളാര്‍ വേള്‍ഡ്. ലോകതലത്തില്‍ പോളിസിലിക്കണ്‍ വിപണിയുടെ 95 ശതമാനവും സെമികണ്ടക്ടര്‍ വിപണിയുടെ 45 ശതമാനവും സെന്‍ട്രോതേമിനാണ്. ഖത്വര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കിലെയും ക്യു എഫിലെയും മാനവവിഭവശേഷി ഉപയോഗിച്ച് ഗവേഷണത്തിലും വികസനത്തിലും ഒന്നിക്കാനാണ് മൂന്ന് കമ്പനികളും തീരുമാനിച്ചതെന്ന് ക്യു എസ് ടെക്ക് ചെയര്‍മാനും സി ഇ ഒയുമായ ഡോ. ഖാലിദ് കെ അല്‍ ഹാജ്‌രി അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന മിഡില്‍ ഈസ്റ്റിലെ മേഖലയിലായതിനാല്‍ ഖത്വറിന് സൗരോര്‍ജ രംഗത്ത് വലിയ സാധ്യതകളാണ് കല്‍പ്പിക്കുന്നത്.