ഹജ്ജ് തീര്‍ഥാടകര്‍ അണുബാധക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം

Posted on: August 17, 2016 6:21 pm | Last updated: August 17, 2016 at 6:21 pm
SHARE

BACTERIAദോഹ: ശ്വാസകോശ അണുബാധ വ്യാപനം ഇല്ലാതിരിക്കാന്‍ ഹജ്ജിന് പോകുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രാഥമികാരോഗ്യ കോര്‍പറേഷന്‍ (പി എച്ച് സി സി) കമ്യൂനിറ്റി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഫഹദ് ശൈഖാന്‍. പകര്‍ച്ചപ്പനിക്കെതിരെ തീര്‍ഥാടകര്‍ കുത്തിവെപ്പ് നടത്തണം. രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവവര്‍ പ്രത്യേകിച്ചും കുത്തിവെപ്പെടുക്കണം.

ഹജ്ജിന് പുറപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് കുത്തിവെപ്പെടുക്കണം. ഡോക്ടറെ സന്ദര്‍ശിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ശുചിത്വം പരമാവധി പാലിക്കുകയും ജനങ്ങള്‍ തിങ്ങിക്കൂടുന്നിടത്ത് മാസ്‌ക് ധരിക്കുകയും വേണം. തുമ്മിയതിനും ചുമച്ചതിനും ശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. തുമ്മുമ്പോള്‍ ടിഷ്യു ഉപയോഗിക്കണം. അണുബാധയുള്ളവരുമായി നേരിട്ട് ഇടപെടുന്നവരുടെ സ്വകാര്യ വസ്തുക്കള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം. മറ്റുള്ളവരിലേക്ക് രോഗാണു പടരാതിരിക്കാനും മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. പനി, കഫക്കെട്ട്, തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, പേശീവേദന, ഭാരമില്ലായ്മ തുടങ്ങിയവയാണ് പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ ഡോക്ടറുടെ സഹായം തേടണം. പകര്‍ച്ചപ്പനി സാധാരണ രണ്ടാഴ്ചക്കുള്ളില്‍ ഭേദമാകുമെങ്കിലും ചിലരില്‍ ഇത് ന്യുമോണിയക്കും ശ്വസനപ്രക്രിയ അവതാളത്തിലാക്കാനും ഇടയാക്കും. ദീര്‍ഘകാല രോഗമുള്ളവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ ഉപദേശം തേടുകയും ഹജ്ജ് വേളയിലേക്ക് വേണ്ട മരുന്നുകള്‍ കൈവശം വെക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here