ഡി എം കെ അംഗങ്ങളെ തമിഴ്‌നാട് നിയസഭയില്‍ നിന്ന് പുറത്താക്കി

Posted on: August 17, 2016 5:12 pm | Last updated: August 18, 2016 at 7:56 am

dmkചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ സഭാ നടപടികള്‍ തടസപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെ 89 ഡിഎംകെ എംഎല്‍എമാരെയും തമിഴ്‌നാട് നിയമസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെതിരെ ഒരു എഐഎഡിഎംകെ എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം വെച്ചത്. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി ജയലളിതയും നിയമസഭാ സ്പീക്കറും പക്ഷപാതപൂര്‍ണമായി പെരുമാറുന്നതെന്ന് എംഎല്‍മാര്‍ ആരോപിച്ചു. എന്നാല്‍ ബഹളം വെക്കരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും എംഎല്‍എംമാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ ഡിഎംകെ അംഗങ്ങള്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമെത്തി ബഹളം വെച്ചു.

സീറ്റിലേക്ക് മടങ്ങാന്‍ ആവര്‍ത്തിച്ച് സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും അംഗങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സ്പീക്കര്‍ സുരക്ഷാജീവനക്കാരെ വിളിച്ച് ബലംപ്രയോഗിച്ച് ഇവരെ പുറത്താക്കുകയായിരുന്നു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ എല്ലാ അംഗങ്ങളെ പുറത്താക്കാന്‍ നിര്‍ദേശിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും സഭ പാസാക്കുകയുമായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും അവര്‍ ജനപ്രതിനിധികളാണെന്ന കാര്യം മറക്കരുതെന്നും ഡിഎംകെ വക്താവ് മനു രാജ സുന്ദരം വ്യക്തമാക്കി.