Connect with us

Gulf

'എന്റെ നഗരം, എന്റെ പരിസരം' മൂന്നാംഘട്ടം ഒക്‌ടോബറില്‍

Published

|

Last Updated

എന്‍ജി. സാലഹ് അമീര

ദുബൈ: ദുബൈ നഗരസഭയുടെ “എന്റെ നഗരം, എന്റെ പരിസരം” പദ്ധതിയുടെ മൂന്നാംഘട്ടം ഈ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിക്കുമെന്ന് നഗരസഭാ അധികൃതര്‍. പദ്ധതിയുടെ മൂന്നാംഘട്ടം മുഹൈസിന, നാദ് അല്‍ ഹമര്‍, അല്‍ മിസ്ഹര്‍ എന്നിവിടങ്ങളില്‍ വ്യാപിപ്പിക്കുമെന്ന് നഗരസഭ എന്‍വയണ്‍മെന്റ് ആന്‍ഡ് പബ്ലിക് ഹെല്‍ത് സര്‍വീസ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ എന്‍ജി. സാലഹ് അമീരി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അവര്‍ദ കമ്പനി അധികൃതരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. മികച്ച ഭാവിക്കും സുസ്ഥിര പരിസ്ഥിതിക്കും എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയുമായി സഹകരിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാലിന്യ സംസ്‌കരണത്തോടൊപ്പം, പുനരുപയുക്ത ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

അന്തര്‍ ദേശീയ നിലവാരത്തോടെ നഗരത്തിലെ ശുചീകരണ പ്രവര്‍ത്തികള്‍ പരിവര്‍ത്തിച്ചെടുക്കുന്നതോടൊപ്പം എക്‌സ്‌പോ 2020 യെ വരവേല്‍ക്കാന്‍ സുസ്ഥിരമായ പരിസ്ഥിതിയിലൂടെ നഗരത്തെ പ്രാപ്തമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. പഞ്ചവത്സര കരാറനുസരിച്ച് പദ്ധതി പ്രദേശത്തെ 6,200 വില്ലകളില്‍ നിന്നായി മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയുക്തമാക്കും. മിസ്ഹര്‍, നാദ് അല്‍ ഹമര്‍, മുഹൈസിന എന്നീ പ്രദേശങ്ങള്‍ അടങ്ങിയ 24 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്ത് നിന്ന് ഇ-മാലിന്യങ്ങള്‍ പ്രതിമാസം 200 കിലോയോളം ശേഖരിക്കും.

പ്രദേശത്തെ മൊത്തം മാലിന്യങ്ങള്‍ പ്രതിദിനം 90 ടണോളം ശേഖരിക്കും. ഇതില്‍ 20 ടണോളം പുനരുപയുക്ത മാലിന്യമായിരിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 125 ജീവനക്കാരേയും 21 വാഹനങ്ങളും വിന്യസിക്കും, അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ ജുമൈറ ഒന്ന്, രണ്ട്, മൂന്ന്, സഫ ഒന്ന്, രണ്ട്, ഉമ്മു സുഖൈം ഒന്ന്, രണ്ട്, അല്‍ മനാറ, ഉമ്മു ശൈഫ്, അല്‍ ബര്‍ഷ രണ്ട്, മൂന്ന് എന്നിവിടങ്ങളില്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.