ചിക്കു റോബര്‍ട്ട് വധം: ഭര്‍ത്താവ് ലിന്‍സന്‍ മോചിതനായി

Posted on: August 17, 2016 2:43 pm | Last updated: August 17, 2016 at 2:43 pm

chikku-robertമസ്‌കത്ത്: സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സന്‍ തോമസ് മോചിതനായി. 115 ദിവസം തടവില്‍വെച്ച ശേഷം ബുധനാഴ്ച രാവിലെയാണ് വില്‍സനെ വിട്ടയക്കുന്നത്. എന്നാല്‍, വില്‍സനെതിരെ ഇതുവരെയും യാതൊരു കുറ്റഴും ചുമത്താതെയാണ് തടവില്‍ വെച്ചിരുന്നത്.

ലിന്‍സനെ മോചിപ്പിക്കുന്നതിനും കേസിന്റെ നടപടികള്‍ വേഗത്തിലാക്കുന്നതിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇടപെട്ടിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ പിടികൂടുന്നതിനോ കേസ് ചാര്‍ജ് ചെയ്യുന്നതിനോ സാധിക്കാത്തതിനാല്‍ ലിന്‍സനെ കസ്റ്റഡിയില്‍ തന്നെ വെക്കുകയായിരുന്നു.

സംഭവവുമായി ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി ഇതുവരെ റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാന്‍ സ്വദേശികളെ അടക്കം പിടികൂടി ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇവരുടെ സഹപ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങളും വിരലടയാളവും ശേഖരിക്കുകയും ചെയ്തിരുന്നു.

ലിന്‍സന് എപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും എന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മസ്‌കത്തിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെടുന്നുണ്ട്. സലാലയിലെ എംബസി കോണ്‍സുലര്‍ മംപ്രീത് സിംഗ് മുഖേനയാണ് എംബസി നടപടികള്‍ നീക്കുന്നത്.

സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കുവിനെ ഏപ്രില്‍ 20ന് താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാതുകള്‍ അറുത്ത നിലയിലായിരുന്നു. സംഭവ ദിവസം ചിക്കു രാത്രി 10 മണിക്കുള്ള ഷിഫ്റ്റിലാണ് ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്നത്. എന്നാല്‍, പത്തരയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അതേ ആശുപത്രിയിലെ തന്നെ പി ആര്‍ ഒ ആയ ലിന്‍സന്‍ അന്വേഷിച്ച് ഫഌറ്റിലത്തെിയപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്, മുറിതുറന്ന് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടത്തെിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിവയറ്റിലും കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മരിക്കുമ്പോള്‍ ചിക്കു റോബര്‍ട്ട് നാലുമാസം ഗര്‍ഭിണിയുമായിരുന്നു.

മെയ് ഒന്നിന് ചിക്കു റോബര്‍ട്ടിന്റെ മൃതേദഹം നാട്ടിലേക്ക് കൊണ്ടു പോയിരുന്നു. എന്നാല്‍, മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോകാന്‍ ലിന്‍സന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പോലീസ് അനുമതി ലഭിക്കാത്തതിനാല്‍ ലിന്‍സന് പോകാന്‍ സാധിച്ചിരുന്നില്ല. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതാണ് ലിന്‍സന് നാട്ടില്‍ പോകുന്നതിന് തടസ്സമായിരുന്നത്.