Connect with us

Kozhikode

മലമൂത്ര വിസര്‍ജനമില്ലാത്ത സ്ഥലമായി ജില്ലയെ അടുത്ത മാസം15ന് പ്രഖ്യാപിക്കും

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് ജില്ലയെ തുറസായ സ്ഥലത്തെ മല മൂത്ര വിസര്‍ജനമില്ലാത്ത സ്ഥലമായി അടുത്ത മാസം 15 ന് പ്രഖ്യാപിക്കുന്നു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് സംസ്ഥാനത്തെ ഇത്തരത്തില്‍ പ്രഖ്യാപിക്കുന്നതെങ്കിലും അടുത്ത മാസം15ന് ജില്ലയിലെ ശൗചാലയം ഇല്ലാത്ത എല്ലാ വീടുകളിലും ശൗചാലയ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഇത് സംബന്ധിച്ച് ജില്ലാ കലക്ടറേറ്റില്‍ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ സാനിധ്യത്തില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ റിവ്യൂ യോഗത്തില്‍ തീരുമാനമായത്.
ജില്ലയില്‍ 70 ഗ്രാമപഞ്ചായത്തുകളിലായി 13,541 ശൗചാലയം ഇല്ലാത്ത വീടുകളാണുള്ളത്. ഇതില്‍ 10925 പേര്‍ ശൗചാലയം നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പു വെച്ചിട്ടുണ്ട്. ഇതില്‍ 6852 ശൗചാലയങ്ങളുടെ പ്രവൃത്തി ആരംഭിച്ചു, 1906 ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നഗരങ്ങളില്‍ 2798 ശൗചാലയമില്ലാത്ത കുടുംബങ്ങളുണ്ട്. ഇതില്‍ 1941 പേര്‍ എഗ്രിമെന്റില്‍ ഒപ്പു വെച്ചിട്ടുണ്ട്. 400 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്.
15,400 രൂപയാണ് കക്കൂസ് നിര്‍മാണത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളും കൂടി ഗുണഭോക്താക്കള്‍ക്കായി നല്‍കുന്നത്. എന്നാല്‍ തീരദേശ മേഖലകളിലും മലയോരങ്ങളിലും പ്രസ്തുത തുകക്ക് കക്കൂസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയുണ്ടെന്ന് യോഗത്തില്‍ തദ്ദേശ ഭരണ സ്ഥാപന മേധാവികള്‍ അറിയിച്ചു. സന്നദ്ധ സംഘടനകള്‍, സഹകരിക്കാന്‍ താത്പ്പര്യമുള്ള മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയെ കൂടി സമീപിച്ച് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.
നിലവില്‍ വി കെ സി, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, മാതാ അമൃതാനന്ദമയീ മഠം. ചെമണ്ണൂര്‍ ജ്വല്ലറി, ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടെഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ജില്ലയില്‍ പദ്ധതിയെ സഹായിക്കാമെന്ന് വാദ്ഗാനം ചെയ്തിട്ടുണ്ട്. റിവ്യൂ യോഗത്തില്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും പങ്കെടുക്കാതിരുന്നതിനെ മന്ത്രി വിമര്‍ശിച്ചു. വളരെ പ്രധാനപ്പെട്ട ഇത്തരം യോഗങ്ങളില്‍ പങ്കാളികളാകേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ജില്ലയില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം തന്നെ പദ്ധതിയുടെ ലക്ഷ്യം കൈവരിച്ചതായി മന്ത്രി അറിയിച്ചു. എല്ലാ വീടുകള്‍ക്കും കക്കൂസ് നിര്‍മിക്കുന്ന പദ്ധതി സമയത്തിനകം പൂര്‍ത്തിയാക്കുന്ന ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ജില്ലയെ തുറസായ സ്ഥലത്തെ മല മൂത്ര വിസര്‍ജ്ജനമില്ലാത്ത സ്ഥലമായി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ പി വേലായുധന്‍, അസി. കോര്‍ഡിനേറ്റര്‍ കെ പി രാധാകൃഷ്ണന്‍ പങ്കെടുത്തു.