Connect with us

Kerala

നിരവധി പേരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്: എന്‍ സി പി സെക്രട്ടറി അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: നിരവധി പേരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ എന്‍ സി പി സംസ്ഥാന സെക്രട്ടറി പിടിയിലായി. ജയന്‍ പുത്തന്‍പുര എന്ന് അറിയപ്പെടുന്ന ഏലൂര്‍ ഉദ്യോഗമണ്ഡല്‍ എത്തിയിടത്ത് പുത്തന്‍പുരവീട്ടില്‍ ജയകുമാറിനെയാണ് സിറ്റി പോലീസ് ഡെപ്യൂട്ടി കമീഷണര്‍ ഡോ. അരുള്‍ ആര്‍ ബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജോലി വാഗ്ദാനം ചെയ്തും പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ സംഘടിപ്പിച്ചു കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചും വ്യാജ രേഖകളുണ്ടാക്കി ഭൂമി വില്‍പ്പന നടത്തിയും വ്യാപകമായ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.
പാലാരിവട്ടത്ത് വിഷ്ണു ഫൈനാന്‍സ് എന്ന സ്ഥാപനം നടത്തിവന്ന പ്രതിയുടെ അറസ്റ്റിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതിയുമായി നിരവധി പേര്‍ പോലീസിനെ സമീപിച്ചു കൊണ്ടിരിക്കുകയാണ്. ഇടപ്പള്ളി സ്വദേശിനിയായ സ്ത്രീ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിച്ച 16 ലക്ഷം രൂപയും മകളുടെ വിവാഹത്തിനായി സ്വരൂപിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നു വന്നത്. പത്ര പരസ്യം കണ്ട് ജോലിക്കായി ബന്ധപ്പെട്ടപ്പോള്‍ ഫിനാന്‍സ് സ്ഥാപനത്തില്‍ 25 ലക്ഷം രൂപ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്ത ഇയാള്‍ ഇവരില്‍ നിന്ന് പണവും സ്വര്‍ണവും തന്ത്രപൂര്‍വം തട്ടിയെടുക്കുകയായിരുന്നു. പുതുതായി തുടങ്ങുന്ന ജ്വല്ലറിയില്‍ റിസര്‍വ് ബേങ്ക് പരിശോധനക്കെത്തുമ്പോള്‍ സ്‌റ്റോക്ക് കാണിക്കാന്‍ രണ്ടു ദിവസത്തേക്ക് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ട ഇയാള്‍ പക്ഷേ പിന്നീട് സ്വര്‍ണം മടക്കി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇത്തരത്തില്‍ സ്‌റ്റോക്ക് കാണിക്കാനെന്ന് പറഞ്ഞ് മാര്‍വാഡി കച്ചവടക്കാരില്‍ നിന്ന് സ്വര്‍ണം വാങ്ങി കബളിപ്പിച്ചതിനെ തുടര്‍ന്ന് രണ്ട് മാര്‍വാഡി യുവാക്കള്‍ ആത്മഹത്യ ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
വളയന്‍ചിറങ്ങരയുള്ള ഷാജി എന്നയാളുടെ മകള്‍ക്ക് അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഡ്മിഷന്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് അമൃത ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അഡ്മിനിസ്‌ട്രേറ്ററുടെ പേരില്‍ വ്യാജ എക്കൗണ്ടുണ്ടാക്കി 15ലക്ഷം രൂപ തട്ടിയെന്നാണ് മറ്റൊരു കേസ്. വ്യാജ രേഖകളുണ്ടാക്കിയും റവന്യൂ ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ വ്യാജന്മാരെ രംഗത്തിറക്കിയും ഇയാള്‍ ഭൂമി ഇടപാടുകളില്‍ തിരിമറി നടത്തി പണം തട്ടിയിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനവുമായി ബന്ധപ്പെട്ട പരാതികള്‍ ഒതുക്കുന്നതിന് പോലീസിലെ ചിലര്‍ക്ക് ഇയാള്‍ മാസപ്പടി നല്‍കിയിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇയാള്‍ ഫാക്ടില്‍ ചുമട്ടുതൊഴിലാളിയായിരുന്നു. ചുമട്ടു തൊഴിലിന് ഏഴാം ക്ലാസ് യോഗ്യതയാക്കിയപ്പോള്‍ അവിടെ നിന്ന് പുറത്താകുകയും പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകനായി മാറുകയുമായിരുന്നു.
ഇടപ്പള്ളി സ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ പാലാരിവട്ടം സ്റ്റേഷനിലും മറ്റു രണ്ട് പരാതികളില്‍ തൃക്കാക്കര പോലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. 1.3 കോടി രൂപ തട്ടിയ കേസ് പെരുമ്പാവൂര്‍ കോടതിയില്‍ നിലവിലുണ്ട്. പാലാരിവട്ടത്ത് വിഷ്ണു ഫൈനാന്‍സിയേഴ്‌സ് എന്നപേരില്‍ ഇയാള്‍ നടത്തിയ സ്ഥാപനത്തിന് പറവൂര്‍, എളമക്കര, മുപ്പത്തടം, കടുങ്ങല്ലൂര്‍, പോണേക്കര എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു.
എളമക്കര, വീക്ഷണം റോഡ്, ഏലൂര്‍വടക്കും ഭാഗം എന്നിവിടങ്ങളില്‍ ഇയാള്‍ക്ക് വസ്തുക്കളും നിരവധി ആഡംബര കാറുകളും ഉള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ നടത്തിയ മറ്റു തട്ടിപ്പുകളെപ്പറ്റി കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് സിറ്റി പോലീസ് കമീഷണര്‍ എം പി ദിനേശ് അറിയിച്ചു.