Connect with us

International

പ്രതിക്കെതിരെ ഇരട്ട കൊലപാതക കുറ്റം ചുമത്തി; ട്രംപിനെതിരെ ജനരോഷമുയരുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ ഇമാമിനെയും സഹായിയെയും വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ പോലീസ് ഇരട്ട കൊലപാതകത്തിന് കേസെടുത്തു. ഓസ്‌കാര്‍ മോറല്‍ എന്ന 35കാരനാണ് രണ്ട് പേരെയും വെടിവെച്ചുകൊലപ്പെടുത്തിയതെന്നും ഇയാള്‍ക്കെതിരെ ഇരട്ട കൊലപാതക കുറ്റം ചുമത്തിയതായും ന്യൂയോര്‍ക്ക് പോലീസ് പറഞ്ഞു. സംഭവം അമേരിക്കയിലെ മുസ്‌ലിംകളില്‍ ഞെട്ടലുളവാക്കുകയും വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. മൗലാന അകുഞ്ജി (55), താറാഉദ്ദീന്‍ (64) എന്നിവരാണ് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നത്. രണ്ട് പേരുടെയും മരണാനന്തര ചടങ്ങുകളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തിരുന്നു. വെടിവെച്ചുകൊലപ്പെടുത്തുന്നതിനുള്ള പ്രചോദനമെന്താണെന്ന് അക്രമി വെളിപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ വംശീയ വിദ്വേഷമാകാം ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.
അതിനിടെ, കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനായ ഡൊണാള്‍ഡ് ട്രംപിനെതിരെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവികാരം രൂപപ്പെട്ടുവരികയാണ്. ഇത്തരം ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനം ട്രംപില്‍ നിന്നാണെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്. ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്നതില്‍ ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇമാമും സഹായിയും വെടിയേല്‍ക്കുന്ന സമയത്ത് ധരിച്ചിരുന്നത് ഇസ്‌ലാമിക സംസ്‌കാരം അനുസരിച്ചുള്ള വസ്ത്രങ്ങളായിരുന്നു. ഉച്ചക്കുള്ള പ്രാര്‍ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് വരുമ്പോഴാണ് അക്രമി ഇവരെ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്.
ആയിരക്കണക്കിന് പേര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രതിഷേധവുമായി ഒത്തുകൂടി. തങ്ങളിവിടെ അഞ്ച് നേരം നിസ്‌കരിക്കാറുണ്ടെന്നും ഇപ്പോള്‍ തങ്ങള്‍ ഭീതിയിലാണ് കഴിയുന്നതെന്നും സുരക്ഷ ആവശ്യമാണെന്നും പ്രതിഷേധപരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ അല്‍ ജസീറയോട് പറഞ്ഞു. പ്രാര്‍ഥനാലയങ്ങള്‍ക്കും മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള മേഖലകളിലും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് മേയര്‍ ബില്‍ ദേ ബ്ലാസിയോ ഉറപ്പ് നല്‍കി. അമേരിക്കക്കാരെ വിഭജിക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ പരിഗണിക്കുന്നില്ലെന്നും ഇത്തരം വിദ്വേഷപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.