നദീജല കരാര്‍: അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

Posted on: August 17, 2016 5:07 am | Last updated: August 17, 2016 at 12:08 am

പാലക്കാട്: അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ പുനരവലോകനം ചെയ്യുന്നത് സംബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ അയല്‍സംസ്ഥാനങ്ങളുമായി നല്ല രീതിയില്‍ ബന്ധം സ്ഥാപിച്ച് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമപെന്‍ഷനുകള്‍ കുടിശികയടക്കം വീടുകളില്‍ എത്തിക്കും. കുടിശിക നല്‍കുന്നതിനോടൊപ്പം ഒരുമാസത്തെ പെന്‍ഷന്‍ അധികമായി വീടുകളിലെത്തിക്കും. ഇതിന് സഹകരണ ബേങ്കുകളെ ചുമതലപ്പെടുത്തി കഴിഞ്ഞു. ഇതിനാവശ്യമായ ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കും.
കാര്‍ഷികമേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ കര്‍ഷകരെ കണ്ടുകൊണ്ടുള്ള സമീപനം സ്വീകരിക്കും. കാര്‍ഷിക വിളകള്‍ സംഭരിക്കാന്‍ കേന്ദ്ര-സംസ്ഥാന വിഹിതം ആവശ്യമാണ്. ഇതിനായി കേന്ദ്രസഹായം തേടിയിട്ടുണ്ടെങ്കിലും പൂര്‍ണമായ അനുകൂല നിലപാട് ലഭിച്ചിട്ടില്ല. ഓണത്തിന് വിലക്കയറ്റം തടയാന്‍ മാര്‍ക്കറ്റില്‍ ഫലപ്രദമായി ഇടപെടും. ഇതിനായി സിവില്‍ സപ്ലൈകോയെ പൂര്‍ണമായും സജ്ജമാകും. കൈത്തറി മേഖലയെ സംരക്ഷിക്കാന്‍ സ്‌കൂള്‍ യൂനിഫോമുകള്‍ കൈത്തറിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ ടി എം തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് ഉന്നയിച്ച ആക്ഷേപം പ്രത്യേക മനോഭാവം വെച്ചാണ്. ജിഷ കൊലക്കേസില്‍ യു ഡി എഫ് സര്‍ക്കാറിന് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രത്യേക ടീമിനെ വച്ച് പ്രതിയെ പിടികൂടി. സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. അല്ലാതെ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.