Connect with us

Kerala

ഇന്ന് കര്‍ഷകദിനം: 50,000ഹെക്ടറില്‍ ജൈവകൃഷി വ്യാപനത്തിന് പദ്ധതി

Published

|

Last Updated

ചിത്രം. പികെ നാസര്‍

കണ്ണൂര്‍: സംസ്ഥാനത്ത് നല്ല കൃഷി മുറകള്‍ പാലിച്ച് 50,000 ഹെക്ടറില്‍ കൂടി കൃഷി വ്യാപനത്തിന് സര്‍ക്കാര്‍ തീരുമാനം. കൃഷിയില്‍ സ്വയം പര്യാപ്തത നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിക്കൂടിയാണ് നെല്ല്, പച്ചക്കറി ഉള്‍പ്പടെ നല്ല കാര്‍ഷിക മുറകള്‍ പാലിച്ച് വിഷരഹിത കൃഷിയിറക്കാനുള്ള കൃഷിവകുപ്പിന്റെ ശ്രമം. ജൈവ കീടനാശിനികള്‍, കംപോസ്റ്റ്, പച്ചില വളങ്ങള്‍, ഇടവിള കൃഷി, യാന്ത്രിക നടീല്‍ തുടങ്ങിയവയെ ആശ്രയിച്ചും അമിത രാസവളങ്ങളും, കൃത്രിമ രാസ കീടനാശിനികളും തീര്‍ത്തും ഒഴിവാക്കിയും കൃഷിരീതിയാണ് നല്ല കാര്‍ഷിക മുറ എന്ന പേരില്‍ അറിയപ്പെടുന്നത്.
പല വിദേശ രാജ്യങ്ങളും രാസവളങ്ങളെയും കീടനാശിനിയെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് ഇത്തരത്തില്‍ ജൈവ കൃഷി നടത്തുന്നുണ്ട്. ചെടിവളര്‍ച്ചാ നിയന്ത്രണ വസ്തുക്കള്‍, ജൈവമാറ്റം വരുത്തിയ വിത്തുകള്‍ എന്നിവയൊന്നും ഈ കൃഷി രീതിയില്‍ ഉപയോഗിക്കില്ല. സംസ്ഥാനത്ത് നേരത്തെ കൃഷിവകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിച്ച കൃഷിരീതി കൂടിയായിരുന്നു ഇത്. ജൈവകൃഷി രീതികളിലൂടെ നമുക്ക് വിഷാംശം ഇല്ലാത്ത ഗുണമേന്മയേറിയ കാര്‍ഷികോത്പന്നങ്ങള്‍ ലഭിക്കുന്നുവെന്നതിനപ്പുറം ഇവയിലടങ്ങിയിട്ടുള്ള ഈര്‍പ്പത്തിന്റെ അളവ് കുറവാകയാല്‍ ഇവ കൂടുതല്‍ കാലം കേടുകൂടാതെ സംരക്ഷിച്ച് സൂക്ഷിക്കാനുമാകും. വിളവെടുപ്പ്, സംസ്‌കരണം എന്നിവയിലുണ്ടാകുന്ന നഷ്ടം കുറക്കുന്നതിനും ജൈവകൃഷി രീതി ഉപയോഗപ്രദമാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൃഷിവകുപ്പ് ജൈവകൃഷിയെന്ന ആശയ പ്രചാരണത്തിന് നേരത്തെ തന്നെ തുടക്കമിട്ടിരുന്നത്.
ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്‍ മുഖാന്തിരം ദേശീയ സുസ്ഥിര കാര്‍ഷികമിഷന്റെ ഒരുഘടകമായ പരമ്പരാഗത കൃഷി വികസന യോജനയുടെ ഭാഗമായി നല്ല കൃഷിമുറ പ്രകാരം 10,000 ഹെക്ടര്‍ സ്ഥലത്തും വെജിറ്റബിള്‍ ഫ്രൂട്ട്‌സ് മിഷന്റെ നേതൃത്വത്തില്‍ ആയിരം ഹെക്ടര്‍ സ്ഥലത്തുമാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ജൈവകൃഷിയിറക്കുന്നത്. ഇതിനുള്ള പദ്ധതികള്‍ അടുത്ത മാസത്തോടെ കാര്യക്ഷമമാക്കും. ഇതിന്റെ ഭാഗമായി ജൈവവളം, ജൈവകീടനാശിനി തുടങ്ങിയവ കര്‍ഷകരുടെ കൃഷിയിടത്തില്‍ത്തന്നെ ഉത്പാദിപ്പിക്കും. ജൈവവള ഉത്പാദനത്തിനായി 2920 യൂനിറ്റുകള്‍ കൃഷിയിടത്തില്‍ നിര്‍മിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ജൈവ കീടനാശിനി നിര്‍മാണത്തിന് ബോധവത്കരണം നല്‍കാന്‍ സംസ്ഥാന ബയോ കണ്‍ട്രോള്‍ ലാബിന്റെ സഹായവും നല്‍കുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്നു കൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക. രോഗ പ്രതിരോധ ശേഷിയുള്ള നെല്‍വിത്തിനങ്ങള്‍ക്കായി ആര്‍ എസ് ജി പി പദ്ധതി പ്രകാരം 2000 ഹെക്ടര്‍ പ്രദേശത്ത് നടപ്പാക്കി വരുന്ന നെല്‍കൃഷി വിപുലപ്പെടുത്തും.ജൈവ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ഓരോ വീട്ടിലും മിനി പോളി ഹൗസുകള്‍ സജ്ജീകരിക്കാനും പദ്ധതിയുണ്ട്. സംസ്ഥാനത്ത് കൂടുതലായി വീടുകള്‍തോറുമുള്ള ജൈവപച്ചക്കറി കൃഷികള്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം കൃഷികള്‍ക്കു കുറഞ്ഞ നിരക്കില്‍ വിത്തുകള്‍ കൈമാറുകയും കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യും.
ഗ്രീന്‍ഹൗസ് ഫാമിംഗ്, പോളി ഹൗസ് ഫാമിംഗ് എന്ന പേരില്‍ വീട്ടുപരിസരങ്ങളില്‍ കൃഷിവ്യാപിക്കാനാണ് പദ്ധതി. അതോടൊപ്പം സംഘ കൃഷി നടത്തുന്ന കുടുംബശ്രീപോലുള്ള സംഘടനകളെ പ്രോത്സാഹിപ്പിക്കാനും പുതുതലമുറക്കാരെ കൂടുതലായി കൃഷിമേഖലയിലേക്ക് ആകര്‍ഷിപ്പിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യും. നെല്‍പാടങ്ങള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് തടഞ്ഞ് കൂടുതല്‍ നെല്‍കൃഷി ഉത്പാദിപ്പിക്കാനും നൂതന പരിപാടികള്‍ ആവിഷ്‌കരിക്കും. നെല്‍കൃഷി മൂന്ന് ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ സക്ഷ്യമിടുന്നുണ്ട്. തരിശ് പാടങ്ങളില്‍ കൃഷിയിറക്കാനുള്ള പരിപാടി നടപ്പാക്കും. കര നെല്‍കൃഷി ഈ വര്‍ഷം ആദ്യഘട്ടം എന്ന നിലയില്‍ 2000 ഹെക്ടറായി വര്‍ധിപ്പിക്കാനും അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം ഹെക്ടറായി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 2011-12ല്‍ 2,08,000 ഹെക്ടര്‍ കൃഷിഭൂമി ഉണ്ടായിരുന്നത് 2015 ല്‍ 1,98,000 ആയി കുറഞ്ഞു. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ആയിരം ഏക്കറോളം നെല്‍പ്പാടങ്ങള്‍ നികത്തപ്പെട്ടതെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തേക്ക് വേണ്ട ജൈവ പച്ചക്കറി ഉത്പാദനത്തിനായുള്ള കൃഷിവകുപ്പിന്റെ പരിപാടികള്‍ക്ക് ഇതിനകം തന്നെ തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്. ഇതിനായി 50 ലക്ഷം വീടുകളിലേക്കു പച്ചക്കറിവിത്തുകള്‍ എത്തിക്കുകയെന്ന പരിശ്രമത്തിലാണ് വകുപ്പ്. 15 ലക്ഷം ഗ്രോ ബാഗുകള്‍ നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.800 ക്ലസ്റ്ററുകളെയും ഉത്പാദനത്തില്‍ പങ്കാളികളാക്കും. 15 ഇടങ്ങളില്‍ വിപുലമായ നഴ്‌സറികളും 800 റെയ്ന്‍ ഷെല്‍ട്ടറുകളും ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest