Connect with us

National

വെള്ളപ്പൊക്കത്തില്‍പ്പെട്ട് ആയിരം മൈല്‍ സഞ്ചരിച്ച് ബംഗ്ലാദേശില്‍ എത്തിയ ആന ചെരിഞ്ഞു

Published

|

Last Updated

ധാക്ക: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അസമില്‍ നിന്ന് ആയിരത്തിലധികം മൈല്‍ സഞ്ചരിച്ച് ബംഗ്ലാദേശിലെത്തിയ ആനക്ക് ഒടുവില്‍ ദാരുണ അന്ത്യം. ഒഴുക്കില്‍പ്പെട്ട് 1700 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം ബംഗ്ലാദേശിലെത്തിയ ആന ഒടുവില്‍ അവശനായി മരണത്തിന് കീഴടങ്ങുകയായിരുന്നു. ആനയുടെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ശ്രമിച്ചുവെങ്കിലും വിഫലമായി. ഹൃദയാഘാതമാണ് മരണകാരണമെന്ന് വെറ്റിനറി സര്‍ജന്‍ മുസ്തഫിസുര്‍ റഹ്മാന്‍ പറഞ്ഞു. നിര്‍ജലീകരണം സംഭവിച്ച ആനക്ക് 12 ലിറ്റര്‍ ഉപ്പുവെള്ളം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

elephent to bangladesh

ജൂലൈ 27ന് ബ്രഹ്മപുത്ര നദിയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് പിടിയാന അകപ്പെട്ടത്. അസമിലെ ധുബ്രി ജില്ലയില്‍വെച്ച് ഒഴുക്കില്‍പ്പെട്ട ആന കിലോമീറ്ററുകള്‍ താണ്ടി ബംഗ്ലാദേശിലെ ഒരു നെല്‍പ്പാടത്ത് എത്തിപ്പെടുകയായിരുന്നു. ആനയെ കണ്ട നാട്ടുകാര്‍ ഇത് വീണ്ടും ഒഴുകിപ്പോകാതിരിക്കാന്‍ കയര്‍ ഉപയോഗിച്ച് ബന്ധസ്ഥനാക്കി. ഇതാണ് മരണകാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആനയെ സഫാരി പാര്‍ക്കില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ചെരിഞ്ഞത്.

ബംഗ്ലാദേശില്‍ എത്തിയ ആനക്ക് കനത്ത കാവല്‍ എര്‍പ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ എഴ് മണിയോടെയാണ് ആന ചെരിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. ബ്രഹ്മപുത്ര നദിയില്‍ ഒഴുക്കില്‍പ്പെട്ട ആന തിരിച്ചുകയറാന്‍ ശ്രമം നടത്തിയിരുന്നുവെന്നും എന്നാല്‍ നാട്ടുകാര്‍ കല്ലെറിഞ്ഞും മറ്റും ഇതിനെ ആട്ടിവിടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest