Connect with us

Kollam

ഹജ്ജിന് പോകാന്‍ ബാലകൃഷ്ണപിള്ള നല്‍കിയ 65000 രൂപ മടക്കി നല്‍കിയെന്ന് കൊട്ടാരക്കര സ്വദേശി

Published

|

Last Updated

കൊല്ലം: ഹജ്ജിനു പോകാന്‍ ആര്‍ ബാലകൃഷ്ണ പിള്ള നല്‍കിയ 65,000 രൂപ തിരികെ നല്‍കിയതായി കൊട്ടാരക്കര സ്വദേശി. കൊട്ടാരക്കര പള്ളിക്കല്‍ ഫാത്വിമ മന്‍സിലില്‍ സുബൈര്‍ മൗലവിയാണ് താന്‍ പണം തിരികെ നല്‍കിയതായി വ്യക്തമാക്കിയത്. അതേസമയം തനിക്ക് പണം തിരിച്ചുനല്‍കിയിട്ടില്ലെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ബാങ്ക് വിളിക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തില്‍ വിശദീകരണം നല്‍കുന്നതിനിടെയാണ് താന്‍ ഒരാളെ പണം നല്‍കി ഹജ്ജിന് പറഞ്ഞയച്ച കാര്യം പിള്ള പറഞ്ഞത്. മുസ്‌ലിംകളോട് സൗഹൃദ മനോഭാവമാണെന്നും അതാണ് തന്റെ ചെലവില്‍ ഒരാളെ ഹജ്ജിന് അയച്ചതെന്നുമാണ് ബാലകൃഷ്ണപിള്ള പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തിനിടെ തന്റെ പേര് പറഞ്ഞത് വേദനിപ്പിച്ചെന്നും പേരു പറയാതെ ഹജ്ജിനു പോകാന്‍ സഹായം നല്‍കിയതിനെക്കുറിച്ചു പറഞ്ഞിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുക ഡിമാന്‍ഡ് ഡ്രാഫ്ടായി അയച്ചുകൊടുത്തതായും സുബൈര്‍ പറഞ്ഞു.
എന്നാല്‍ അത് എത്ര രൂപയാണെന്ന് പോലും തനിക്കറിയില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. “20 വര്‍ഷം മുമ്പാണ് പണം നല്‍കിയത്. ഹജ്ജിനുള്ള എല്ലാ ചെലവുമായിരുന്നു നല്‍കിയത്. അത് എന്റെ നേര്‍ച്ചയായിരുന്നു. അത് തിരിച്ചുവാങ്ങാന്‍ ഉദ്ദേശ്യവുമില്ല. ഇനി പണം നിര്‍ബന്ധപൂര്‍വം തിരിച്ചേല്‍പിച്ചാല്‍ ആ പണം ഉപയോഗിച്ച് മറ്റൊരാളെ അടുത്ത തവണ ഹജ്ജിന് അയക്കും. വാര്‍ത്താ സമ്മേളനത്തിനിടെ ഞാന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. അയാളുടെ പേര് എനിക്കൊട്ട് അറിയത്തുമില്ല. അന്ന് വേദിയിലുള്ള ആരോ ഒരാളാണ് പേര് പേരു പറഞ്ഞതെ”ന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പത്തനാപുരത്ത് എന്‍ എസ് എസ് കരയോഗത്തിലെ പ്രസംഗത്തിലാണ് ബാലകൃഷ്ണപിള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടര്‍ന്ന് പിള്ളക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രസംഗത്തില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് പിള്ള രംഗത്തെത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

Latest