37 ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഖത്വര്‍ ഫൗണ്ടേഷന്‍ ധനസഹായം

Posted on: August 16, 2016 8:16 pm | Last updated: August 16, 2016 at 8:16 pm

ദോഹ: ഖത്വര്‍ ഫൗണ്ടേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഖത്വര്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ട് 37 ഗവേഷണ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കും. പത്തൊമ്പതാമത് അണ്ടര്‍ ഗ്രാജ്വേറ്റ്‌സ് റിസര്‍ച്ച് എക്‌സ്പീരിയന്‍സ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. രാജ്യത്തെ ആറു യൂനിവേഴ്‌സിറ്റികളില്‍നിന്നായി ലഭിച്ച 123 അപേക്ഷകളില്‍നിന്നാണ് 37 പേരെ തിരഞ്ഞെടുത്തത്.
146 ബിരുദ വിദ്യാര്‍ഥികള്‍, 69 ഫാക്വല്‍റ്റി മെമ്പര്‍മാര്‍ എന്നിവരാണ് ഗ്രാന്‍ഡിന് അപേക്ഷിച്ചിരുന്ന്. അംഗീകാരം ലഭിച്ചവയില്‍ 26 ഗവേഷണങ്ങളും ഖത്വര്‍ യൂനിവേഴ്‌സിറ്റിക്കാണ് ലഭിച്ചത്. ടെക്‌സാസ് എ ആന്‍ഡ് എം യൂനിവേഴ്‌സിറ്റിക്ക് അഞ്ച്, നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്‌സിറ്റി, യൂനിവേഴ്‌സിറ്റി ഓഫ് കാല്‍ഗ്രായ് എന്നിവക്ക് രണ്ടു വീതവും ലഭിച്ചു. ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി, വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍ എന്നീ കോളജുകളില്‍നിന്നുള്ള ഓരോ വിദ്യാര്‍ഥികള്‍ക്കും ഗ്രാന്‍ഡ് ലഭിച്ചു. ഗവേഷണ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലും മികവുകള്‍ വളര്‍ത്തുന്നതിലും ഈ നാഷനല്‍ ഗ്രാന്‍ഡ് മികച്ച പങ്കുവഹിക്കുന്നതായി ഖത്വര്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ട് ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുന്നാസര്‍ അല്‍ അന്‍സാരി പറഞ്ഞു. ഓരോ വര്‍ഷത്തെയും പദ്ധതികളില്‍ വ്യത്യസ്തവും നൂതനവുമായ ഗവേഷണ സംരംഭങ്ങളാണ് കാണാന്‍ കഴിയുന്നത്. രാജ്യത്തിന്റെ വൈജ്ഞാനികാധിഷ്ഠിത വികസന പദ്ധതികളില്‍ നിര്‍ണായകമായ പ്രവര്‍ത്തനമാണിതെന്നും ഖത്വറിലെ യുവാക്കള്‍ ശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം കൂടുതല്‍ മനസ്സിലാക്കുന്നതിനും ഈ രംഗത്തേക്ക് കടന്നു വരന്നതിനും തയാറാകുന്നുണ്ട്. രാജ്യത്തെ യുവാക്കളെ ഗവേഷണ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി പദ്ധതികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 2006ല്‍ തുടങ്ങിയ പദ്ധതിയില്‍ ഇതിനകം 2,700 വിദ്യാര്‍ഥികള്‍ക്കാണ് ഗ്രാന്‍ഡ് അനുവദിച്ചത്. രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളില്‍നിന്നുള്ള ഒരു പറ്റം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഗവേഷണം നടത്തിവരികയാണ്.