കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു; വെടിവെപ്പില്‍ അഞ്ച് മരണം

Posted on: August 16, 2016 3:20 pm | Last updated: August 16, 2016 at 11:52 pm

KASHMIRശ്രീനഗര്‍: സംഘര്‍ഷം തുടരുന്ന കാശ്മീരില്‍ സൈനിക നടപടിയില്‍ ഇന്നലെ അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. കാശ്മീരിലെ ബദ്ഗാം ജില്ലയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സി ആര്‍ പി എഫ് നടത്തിയ വെടിവെപ്പിലാണ് അഞ്ച് പേര്‍ മരിച്ചത്. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇതിനിടെ കാശ്മീരിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് മേധാവി എന്നിവരും പങ്കെടുത്തു. രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
സംഘര്‍ഷം നടക്കുന്ന ബദ്ഗാമില്‍ വിന്യസിച്ച സി ആര്‍ പി എഫ് സംഘത്തിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെയാണ് വെടിയുതിര്‍ത്തത്. കഴിഞ്ഞ രാത്രി ശ്രീനഗറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. താഴ്‌വരയിലെ സംഘര്‍ഷ മേഖലകളില്‍ സൈന്യത്തിന് നേരെ പലയിടത്തും രൂക്ഷമായ കല്ലേറുണ്ടായി. സുരക്ഷാ ജീവനക്കാരും പ്രതിഷേധക്കാരും ഉള്‍പ്പടെ അയ്യായിരത്തോളം പേര്‍ക്ക് ഇതുവരെ പരുക്കേറ്റിട്ടുണ്ട്.
കര്‍ഫ്യൂ തുടരുന്ന പ്രദേശങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കെല്ലാം കര്‍ശന നിയന്ത്രണം തുടരുകയാണ്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും വ്യാപാര സ്ഥാപനങ്ങളും നിശ്ചലമാണ്. ബേങ്കുകളും പോസ്റ്റ് ഓഫീസുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സൈന്യത്തിന്റെ സുരക്ഷയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനിടെ, ചൈനയുമായുള്ള വ്യവസായ ഇടനാഴി പദ്ധതിയില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ അവാമി ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയത് പാക്കിസ്ഥാനു പുതിയ തലവേദനയായിട്ടുണ്ട്.