മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ പിടിയില്‍

Posted on: August 16, 2016 11:59 am | Last updated: August 16, 2016 at 7:24 pm
SHARE

DR SANTHOSHസതാറ: മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് കൊലപാതക പരമ്പര നടത്തിയത്.ഫാം ഹൗസിനുള്ളിലാണ് ഇയാള്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.

കാണാതായ യുവതിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് പൊലീസ് ഡോ. സന്തോഷ് പോളിന്റെ ഫാം ഹൗസില്‍ എത്തിയത്. ചോദ്യം ചെയ്യലില്‍ കാണാതായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി എന്ന് ഇയാള്‍ സമ്മതിച്ചു. അഞ്ചു സ്ത്രീകളേയും ഒരു പുരുഷനേയും ആണ് ഇയാള്‍ കൊന്നത്. പോലീസ് ഫാം ഹൗസില്‍ നടത്തിയ തെരച്ചിലില്‍ കുഴിച്ചിട്ട നാലു മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. സല്‍മാ ഷെയ്ക്, ജഗാബായ് പോള്‍, സുരേഖ ഛികേന്‍, വനിതാ ഗെയ്ക്ക്‌വാദ്, നഥമല്‍ ഭണ്ഡാരെ, മംഗള്‍ ജെധെ എന്നിവരെയാണ് ഡോ.പോള്‍ കൊലപ്പെടുത്തിയത്.

പുനെയിലെ മകളെ സന്ദര്‍ശിക്കുന്നതിനായി യാത്രതിരിച്ച മംഗള്‍ ജിദ്ധെ എന്ന 49 കാരിയെ കാണാനില്ലെന്ന പരാതിയിലുള്ള അന്വേഷണമാണ് ഡോ. സന്തോഷിലത്തെിയത്. മംഗള്‍ ജിദ്ധെയുടെ ഫോണില്‍ നിന്നുള്ള അവസാന കാള്‍ സന്തോഷിന്റെ നമ്പറിലേക്കായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കണ്ടത്തെി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരുന്ന് കുത്തിവച്ചാണ് എല്ലാവരേയും കൊന്നതെന്ന് പോള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോളും സഹായിയും നഴ്‌സുമായ ജ്യോതി മന്ദ്രെയും ചേര്‍ന്നാണ് ജെധെയെ തട്ടിക്കൊണ്ടു പോയത്.

ഹൈവേയില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന ജെധെയെ ഇരുവരും ചേര്‍ന്ന് 13 കിലോമീറ്റര്‍ അകലെയുള്ള പോളിന്റെ ഫാം ഹൗസിലേക്ക് ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. അടുത്ത ദിവസം പോളും മന്ദ്രെയും ചേര്‍ന്ന് അമിത അളവില്‍ മരുന്ന് കുത്തിവച്ച് ജെധൈയെ കൊന്നു. പിന്നീട് മൃതദേഹം ഫാംഹൗസില്‍ കുഴിച്ചിടുകയായിരുന്നു. പോളിനെ ഒരാഴ്ചയും ജ്യോതി മന്ദ്രെയെ നാലു ദിവസവും പൊലീസ് കസറ്റഡിയില്‍ വിട്ടു.

2003 മുതല്‍ കാണാതായവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടത്തെിയിരിക്കുന്നത്. എന്നാല്‍ ഇയാള്‍ ഇതുവരെ ആറുപേരെ മാത്രമാണോ കൊലപ്പെടുത്തിയതെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അവയവ കച്ചവട റാക്കറ്റുമായി സന്തോഷിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here