ജഡ്ജിമാരുടെ നിയമനത്തെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കാത്തതില്‍ ചീഫ് ജസ്റ്റിസിന് അതൃപ്തി

Posted on: August 15, 2016 3:11 pm | Last updated: August 16, 2016 at 10:40 am
SHARE
ചീഫ് ജസ്റ്റീസ ടി.എസ് ഠാക്കൂര്‍
ചീഫ് ജസ്റ്റീസ ടി.എസ് ഠാക്കൂര്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍, കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യാതൊന്നും പരാമര്‍ശിക്കാത്തതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അതൃപ്തിയും നിരാശയും രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടേയും നിയമമന്ത്രിയുടേയും പ്രസംഗങ്ങള്‍ താന്‍ കേട്ടുവെന്നും എന്നാല്‍, ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് യാതൊന്നും ഇരുവരും പറയാതിരുന്നത് തന്നെ നിരാശനാക്കിയെന്നും താക്കൂര്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍, പ്രത്യേകിച്ചും ജഡ്ജിമാരെ നിയമിക്കുന്നതില്‍ പ്രധാനമന്ത്രി ശ്രദ്ധിക്കണമെന്ന് താന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ നിയമനത്തിന് നടപടി സ്വീകരിക്കാത്തതിന് രണ്ട് ദിവസം മുന്‍പ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊളീജിയത്തിന്റെ ശുപാര്‍ശയ്ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ അടയിരിക്കുകയാണെന്നെന്ന് കുറ്റപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ഇത് മറികടക്കാന്‍ നിയമം പാസാക്കുന്നതിന് തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി കൂടി പങ്കെടുത്ത ചടങ്ങില്‍വെച്ച് രാജ്യത്തെ ജഡ്ജിമാരുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് വിങ്ങിപ്പൊട്ടിയിരുന്നു. ജഡ്ജിമാരുടെ കുറവ് നിയമവ്യവസ്ഥയ്ക്ക് ഭാരമാകുന്നെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജഡ്ജിമാരുടെ കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും ഇതിനെ കുറിച്ച് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഒരു പരാമര്‍ശവും നടത്താത്തതാണ് ചീഫ് ജസ്റ്റിസിനെ അതൃപ്തനാക്കിയിരിക്കുന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here