പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ ഹാന്‍ഡ് ബാഗില്‍ കരുതണം: ഋഷിരാജ് സിംഗ്

Posted on: August 15, 2016 10:02 am | Last updated: August 15, 2016 at 1:05 pm

rishiraj singhകൊച്ചി: സ്വയരക്ഷക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ തങ്ങളുടെ ഹാന്‍ഡ് ബാഗില്‍ കരുതണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. പോലീസ് ഇക്കാര്യം ഒരുപാട് നാളുകളായി പറയുന്നുണ്ട്, എന്നാല്‍ ആരും അത് ചെയ്യുന്നില്ല. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സെറ്റാ ഗാലക്‌സി ചാരിറ്റബിള്‍ ഗ്രസ്റ്റ് സംഘടിപ്പിച്ച ഹോപ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല ശാക്തീകരണ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുധമില്ലാതെ പുറത്തിറങ്ങി നടക്കുന്ന കാലമുണ്ടാകണമെങ്കില്‍ സ്ത്രീകള്‍ തന്നെ വിചാരിക്കണം. മടിച്ചുനില്‍ക്കാതെ പ്രശ്‌നങ്ങള്‍ പോലിസിനെ അറിയിക്കണം എന്നാലെ ഈ അവസ്ഥയ്ക്ക് മാറ്റം വരൂ. സ്വയരക്ഷക്കായുള്ള അടിസ്ഥാന കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ ആദ്യം പഠിക്കേണ്ടത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് രണ്ടാം സ്ഥാനമാണുള്ളത്. സ്ത്രീകള്‍ക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ ഒരു കാരണവശാലും ഉണ്ടാക്കുവാന്‍ പാടില്ല. ഒരു പുരുഷന്‍ 14 സെക്കന്റിലധികം സമയം ഒരു സ്ത്രീയെ നോക്കി നില്‍ക്കുകയോ സ്ത്രീക്ക് ഇതില്‍ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താല്‍ അയാള്‍ക്കെതിരെ കേസെടുക്കാന്‍ നിയമമുണ്ട്. എന്നാല്‍ ഇന്നേവരെ അത്തരത്തില്‍ ഒരു കേസ് പോലും രേഖപ്പെടുത്താത്തതിന് കാരണം സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിക്കുന്നത് കൊണ്ടാണെന്നും ഋഷിരാജ് സിങ്ങ് കൂട്ടിച്ചേര്‍ത്തു.

ബസിലോ സ്‌കൂളിലോ കോളജിലോ വച്ച് ആരെങ്കിലും കമന്റടിക്കുകയോ കയറിപ്പിടിക്കുകയോ ചെയ്താല്‍ സ്ത്രീകള്‍ അവിടെത്തന്നെ ബഹളമുണ്ടാക്കുകയും ആളുകളെ അറിയിക്കുകയും വേണം. ഉടനെ തന്നെ അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ അറിയിക്കാനും തയ്യാറാകണം. വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധമായും കളരിപ്പയറ്റ് പഠിക്കണം. കളരി ആയോധനമുറകള്‍ സ്‌കൂള്‍ സിലബസില്‍ നിര്‍ബന്ധമാക്കണം. ഇതൊക്കെ ചെയ്തു തുടങ്ങേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടി. ഹോപ് ചെയര്‍മാന്‍ പി കെ അശോകന്‍, ജനറല്‍ സെക്രട്ടറി വി സതീഷ്‌കുമാര്‍ എന്നിവര്‍ ഉച്ചക്ക് നടന്ന സെഷനില്‍ പങ്കെടുത്തു. ത്രിദിന ക്യാമ്പ് ഇന്നു സമാപിക്കും.