ഹജ്ജ് ക്യാമ്പ് 21ന് തുടങ്ങും; ആദ്യ വിമാനം 22ന്

Posted on: August 15, 2016 1:01 pm | Last updated: August 15, 2016 at 1:01 pm
SHARE

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് 21 ന് തുടങ്ങും. നെടുമ്പാശേരിയില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ക്യാമ്പ്. വൈകുന്നേരം നാലിന് ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ഡോ കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ മതപണ്ഡിതര്‍, എം പി മാരായ ഇന്നസെന്റ്, കെ വി തോമസ്, എം എല്‍ എമാരായ എസ് ശര്‍മ്മ, അന്‍വര്‍ സാദത്ത്, വി കെ ഇബ്‌റാഹിം കുഞ്ഞ്, എ എം ആരിഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

21 ന് ആരംഭിക്കുന്ന ക്യാമ്പ് അടുത്ത മാസം പത്തിന് സമാപിക്കും. വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഹജ്ജ് ക്യാമ്പിലൊരുക്കിയിട്ടുള്ളത്. ഈ വര്‍ഷം സംസ്ഥാനത്ത് നിന്ന് 10048 ഹാജിമാരാണ് യാത്ര തിരിക്കുന്നത്. ഇവരില്‍ 112 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്.

ഹാജിമാര്‍ക്ക് സൗകര്യങ്ങളൊരുക്കാനായി അമ്പത് വളണ്ടിയര്‍മാരുണ്ടാകും. എമിഗ്രേഷന്‍ ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍, വിദേശ കറന്‍സി വിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ മുപ്പത് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഹജ്ജ് സെല്ലും പ്രവര്‍ത്തിക്കും. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി അബൂബക്കര്‍ക്കാണ് ഹജ്ജ് സെല്ലിന്റെ ചുമതല.

ആദ്യ വിമാനം 22ന് രാവിലെ 11ന് പുറപ്പെടും. ഇന്ത്യന്‍ എയര്‍ലെന്‍സിന്റെ ജംബോ വിമാനമാണ് ആദ്യമായി യാത്ര തിരിക്കുന്നത്. മന്ത്രി ഡോ കെ ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്യും. ആദ്യ ദിവസത്തെ യാത്രയില്‍ 322 പേരാണ് പുറപ്പെടുന്നത്. ആദ്യ ദിവസത്തെ ഉള്‍പ്പെടെ 48 ഷെഡ്യൂളുകളാണ് ഇത്തവണ ഉള്ളത്. ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന 21 മുതല്‍ മൂന്ന് ദിവസം മന്ത്രി കെ ടി ജലീല്‍ ക്യാമ്പിലുണ്ടാകും.