പച്ചത്തേങ്ങ സംഭരണം: കേരഫെഡില്‍ കോടികളുടെ അഴിമതി

Posted on: August 15, 2016 6:00 am | Last updated: August 14, 2016 at 11:57 pm
SHARE

kerafedപാലക്കാട്: പച്ചത്തേങ്ങ സംഭരണത്തിന്റെ മറവില്‍ കേരഫെഡില്‍ നടന്നത് കോടിക്കണക്കിന് രൂപയുടെ വന്‍അഴിമതി. വിവിധ ജില്ലകളില്‍ നിന്ന് സംഭരിച്ച പച്ചത്തേങ്ങ മറിച്ച് വില്‍പ്പന നടത്തി പകരം തമിഴ്‌നാട്ടില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കൊപ്ര എത്തിച്ചാണ് തിരിമറി നടത്തിയതെന്ന് കൃഷി വകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു.
മുന്‍ കൃഷി വകുപ്പ് ഡയറക്ടറും കേരഫെഡ് മുന്‍ എം ഡിയുമായ അശോക് കുമാര്‍ തെക്കന്റെ നേതൃത്വത്തിലാണ് അഴിമതി. വിവിധ കൃഷിഭവനുകള്‍ വഴി സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി നാഫെഡ് വഴി സംസ്‌കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടെങ്കിലും തമിഴ് നാട്ടിലെ പ്രദേശിക മാര്‍ക്കറ്റില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കൊപ്ര എത്തിക്കുകയാണ് കേരഫെഡ് ചെയ്തത്. ഈ ഇടപാടിലൂടെ 28 കോടിയോളം രൂപ അശോക് കുമാര്‍ തെക്കനും ഉത്തര മേഖല സോണല്‍ മാനേജര്‍ സുഭാഷ് ബാബുവും ചേര്‍ന്ന് തട്ടിയെടുത്തു. ഫംഗസ് ബാധിച്ചതും ആറ് ശതമാനത്തില്‍ അധികം ഈര്‍പ്പവുമുള്ള 4530 മെട്രിക് ടണ്‍ കൊപ്ര സംസ്‌കരിച്ചത് വഴി വെളിച്ചെണ്ണ ഉത്പാദനം 65ല്‍ നിന്ന് 63 ശതമാനമായി കുറഞ്ഞു. ഇത് വഴി നഷ്ടം 58 ലക്ഷം രൂപ. എം ഡിയുടെയും മേലുദ്യോഗസ്ഥന്റെയും ഭീഷണിയെ തുടര്‍ന്നാണ് 2263 മെട്രിക് ടണ്‍ ഗുണനിലവാരമില്ലാത്ത കൊപ്ര സംഭരിച്ചതെന്ന് നടുവണ്ണൂര്‍ പ്ലാന്റ് മാനേജര്‍ വിജിലന്‍സ് സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
ശബരിമലയില്‍ നിന്ന് സമാഹരിക്കുന്ന നെയ്‌ത്തേങ്ങ അടക്കം വെളിച്ചെണ്ണയാക്കി ഗുണനിലവാരമില്ലാത്ത എണ്ണ കേരയുടെ ബ്രാന്‍ഡില്‍ വിറ്റഴിക്കുകയും ചെയ്തു. കേരഫെഡിന്റെ സ്വന്തം പ്ലാന്റുകള്‍ ശേഷിയുടെ 20 ശതമാനം മാത്രം വിനിയോഗിക്കുമ്പോള്‍ മൂവാറ്റുപുഴയില്‍ പ്രതിമാസം 1.5 ലക്ഷം നല്‍കി സ്വകാര്യ പ്ലാന്റ് വാടകക്ക് എടുത്തും നഷ്ടം വരുത്തി. ഡ്രൈയറുകള്‍ വാങ്ങുന്നതിലും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ക്രമക്കേട് നടന്നതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പച്ചത്തേങ്ങ സംഭരണത്തിനായി ഒരു പണിയെടുക്കാത്തവര്‍ക്കും ശമ്പളം നല്‍കി ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ പാഴാക്കി. ചില കൃഷി ഭവനുകളില്‍ സംഭരിച്ച തേങ്ങയുടെ വിലയെക്കാള്‍ കൂടുതല്‍ തുക ശമ്പളയിനത്തില്‍ നല്‍കി. ഒരു തേങ്ങ പോലും സംഭരിക്കാത്ത കൃഷിഭവനുകളും ഉണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് അക്കൗണ്ടന്റുമാര്‍, മറ്റ് ജോലിക്കാര്‍ തുടങ്ങിയവരെ ഒരു മാനദണ്ഡവുമില്ലാതെ നിയമിച്ചത്. ഇവിടെയെല്ലാം സംഭരിച്ച തേങ്ങയുടെ വിലയേക്കാള്‍ കുടുതല്‍ ശമ്പള ഇനത്തില്‍ നല്‍കേണ്ടിവന്നു. കോഴിക്കോട് ജില്ലയിലെ എട്ട് കൃഷിഭവനുകളില്‍ പച്ചത്തേങ്ങ സംഭരണം നടന്നില്ല. പക്ഷേ, ശമ്പള ഇനത്തില്‍ 9,08,012 രൂപ ചെലവഴിച്ചു. 33 കൃഷിഭവനുകളില്‍ തേങ്ങയുടെ സംഭരണ വിലയേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കുകയും ചെയ്തു. മലപ്പുറം, കാസര്‍കോട് ജില്ലകളിലും ഇത്തരത്തില്‍ വെറുതെ ഇരുത്തി 1,42 ലക്ഷത്തോളം രൂപ ശമ്പളം നല്‍കി.
കേരളത്തില്‍ സംഭരണം നടത്തുന്നതിനു പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങ കേരളത്തില്‍ എത്തി. കോഴിക്കോട് നടുവണ്ണൂര്‍ പ്ലാന്റില്‍ വിജിലന്‍സ് പരിശോധന നടക്കുമ്പോള്‍ ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും 9.49 മെട്രിക് ടണ്‍ കൊപ്ര എത്തിച്ചതായി കണ്ടെത്തി. തൃശൂര്‍ പ്ലാന്റ് മാനേജര്‍ സംഭരിച്ച കൊപ്രയില്‍ 1888 ക്വിന്റല്‍ കൊപ്രയുടെ കുറവ് കണ്ടെത്തുകയും ചെയ്തു. സംഭരിച്ച പച്ചത്തേങ്ങ മറിച്ചുവിറ്റതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here