കാട്ടില്‍ കടുവയില്ലാതായാല്‍ നാട്ടില്‍ ഉറവയുണ്ടാകില്ല

'കാട്ടില്‍ കടുവയില്ലാതായാല്‍ നാട്ടില്‍ ഉറവയുണ്ടാകില്ല' എന്ന പഴമൊഴി മനുഷ്യന്റെ നിലനില്‍പ്പ് മറ്റു ജീവജാലങ്ങളുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നതിനെ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യ ശൃംഖലയും ഭക്ഷ്യ സുരക്ഷയും പരസ്പരം കണ്ണികോര്‍ത്ത ഭൂമിയുടെ ഏതറ്റത്തു ജീവിക്കുന്ന മനുഷ്യര്‍ക്കും ഈ വളയത്തില്‍ നിന്ന് പുറത്തു ചാടാന്‍ കഴിയില്ലെന്നതാണ് പഴയ ഈ പഴമൊഴി പറയുന്നത്. ജീവിവര്‍ഗങ്ങളിലേറെയും അധിവസിക്കുന്നത് നിത്യഹരിതവനങ്ങളിലാണ്. കരയുടെ 20 ശതമാനം ഭാഗത്തെ നിത്യഹരിത വനങ്ങള്‍ നേരത്തെ സമ്പന്നമായിരുന്നുവെങ്കില്‍ ഇന്നത് ഏഴ് ശതമാനത്തില്‍ താഴെയായി ചുരുങ്ങി. അമ്പതിലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനങ്ങളില്‍ നിന്ന് ഇതിനകം ഒരിക്കലും ഒരിടത്തും കാണാന്‍ കഴിയാത്ത വിധം അപ്രത്യക്ഷമായിരിക്കുന്നത് എണ്ണിയാലൊതുങ്ങാത്തത്ര ജീവജാലങ്ങളാണ്.
Posted on: August 15, 2016 6:00 am | Last updated: August 14, 2016 at 11:43 pm
SHARE

Tigerമനുഷ്യജീവിതം സുഖകരമാക്കുന്നത് ഇതര ജീവജാലങ്ങളുടെ കൂടി സാമീപ്യമാണെന്ന സത്യം മനുഷ്യന്‍ പൊതുവേ മറന്നു പോകാറുണ്ട്. സുഖകരമായ ജീവിതത്തിന്റെ പശ്ചാത്തലമൊരുക്കുന്നതില്‍ സദാ വ്യാപൃതരാകുമെന്നതിനാലാണ് മറ്റു ജീവജാലങ്ങള്‍ നമ്മുടെ നിലനില്‍പ്പിനെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന കാര്യം മറക്കാന്‍ ഇടയാക്കുന്നത്. ‘കാട്ടില്‍ കടുവയില്ലാതായാല്‍ നാട്ടില്‍ ഉറവയുണ്ടാകില്ല’ എന്ന പഴമൊഴി മനുഷ്യന്റെ നിലനില്‍പ്പ് മറ്റു ജീവജാലങ്ങളുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നതിനെ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യ ശ്രംഖലയും ഭക്ഷ്യ സുരക്ഷയും പരസ്പരം കണ്ണികോര്‍ത്ത ഭൂമിയുടെ ഏതറ്റത്തു ജീവിക്കുന്ന മനുഷ്യര്‍ക്കും ഈ വളയത്തില്‍ നിന്ന് പുറത്തു ചാടാന്‍ കഴിയില്ലെന്നതാണ് പഴയ ഈ പഴമൊഴി പറയുന്നത്. ജീവിവര്‍ഗങ്ങളിലേറെയും അധിവസിക്കുന്നത് നിത്യഹരിതവനങ്ങളിലാണ്. കരയുടെ 20 ശതമാനം ഭാഗത്തെ നിത്യഹരിത വനങ്ങള്‍ നേരത്തെ സമ്പന്നമാക്കിയിരുന്നുവെങ്കില്‍ ഇന്നത് ഏഴ് ശതമാനത്തില്‍ താഴെയായി ചുരുങ്ങി. അമ്പതിലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനങ്ങളില്‍ നിന്ന് ഇതിനകം ഒരിക്കലും ഒരിടത്തും കാണാന്‍ കഴിയാത്ത വിധം അപ്രത്യക്ഷമായിരിക്കുന്നത് എണ്ണിയാലൊടുങ്ങാത്തത്ര ജീവജാലങ്ങളാണ്. ഇവയുടെ തിരോധാനം എങ്ങനെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നുവെന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ ചിലപ്പോള്‍ ഇനിയും സമയമെടുത്തെന്നു വരാം. ഇനി നമ്മുടെ നാട്ടിലേക്ക് വന്നാല്‍ കണ്‍മുന്നില്‍ നിന്ന് മായക്കാഴ്ച പോലെ മറയുന്ന ജീവവൈവിധ്യങ്ങളുടെ എണ്ണം ദിനേനയെന്നോണം കൂടുകയാണ്.
കേരളത്തില്‍ 205 നട്ടെല്ലുള്ള ജീവിവര്‍ഗങ്ങള്‍ വംശനാശ ഭീഷണിയിലാണെന്നാണ് പഠനം. ഇവയില്‍ 23 ഇനങ്ങള്‍ അതീവ വംശനാശ ഭീഷണി നേരിടുന്നെങ്കില്‍ 90 ഇനം വംശനാശ ഭീഷണി നേരിടുന്നവയുമാണ്. മൊത്തം 1,847 നട്ടെല്ലുള്ള ജീവികളില്‍ 386 ഇനങ്ങളും (36 ശതമാനം) കേരളത്തിലും പശ്ചിമ ഘട്ടത്തിലും മാത്രം കാണുന്നവയാണെന്നത് അതീവ ഗൗരവമര്‍ഹിക്കുന്നവയാണ്. നേരത്തെയുള്ളതില്‍ നിന്ന് കൂടുതലായി അടുത്തകാലത്തായി ചുവന്ന പട്ടികയില്‍ കേരളമുള്‍പ്പെടുന്ന പശ്ചിമഘട്ടത്തിലെ നിരവധി ജീവിവര്‍ഗങ്ങള്‍ ഉള്‍പ്പെട്ടതായാണ് ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സസ്തനികളുടെ വിഭാഗത്തില്‍ തീര്‍ത്തും കാണാതായിരിക്കുന്ന ഉരഗ ജീവിയായി മലബാര്‍ വെരുകിനെയാണ് ചേര്‍ത്തിട്ടുള്ളത്. കന്യാകുമാരി മുതല്‍ വടക്കന്‍ കര്‍ണാടകയിലെ ഹൊന്നവര്‍ വരെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളില്‍ യഥേഷ്ടമുണ്ടായിരുന്ന ജീവിയായിരുന്നു മലബാര്‍ വെരുക്. 1978 മുതലാണ് ഈ ജീവിവര്‍ഗം അപ്രത്യക്ഷമായതായി ഐ യു സി എന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, 1980ലും 90ലും സംസ്ഥാനത്ത് മലബാര്‍ വെരുകിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ, കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഈ ജീവിയുടെ സാന്നിധ്യം ഇല്ലാതായി. മൂന്നടിയോളം നീളം വെക്കുന്ന ആറ് കിലോയോളം തൂക്കം വരുന്ന വെരുകിന് 20 വര്‍ഷത്തെ ആയുസ്സാണുള്ളത്.
വനഭൂമി കുറഞ്ഞതും വേട്ടയാടിയതുമാണ് ഇവയുടെ നാശത്തിന് കാരണമായത്. ആന, സിംഹവാലന്‍ കുരങ്ങ്, കാട്ടുചുണ്ടെലി, കാട്ടുനച്ചെലി, നെല്ലെലി, ഈനാംപേച്ചി, കാട്ടുനായ, ചെന്നായ, മീന്‍പൂച്ച, കടുവ, വരയാട് തുടങ്ങിയവയെല്ലാം വംശനാശത്തിന്റെ വക്കിലാണെന്ന് സര്‍ക്കാര്‍ പഠനം വ്യക്തമാക്കുന്നു. ചാമ്പല്‍ അണ്ണാന്‍, യൂറേഷ്യന്‍ നീര്‍നായ, പുള്ളിപ്പുലി തുടങ്ങിയവ ഉടന്‍ അപകടത്തിലാകുന്ന ജീവികളായും കണക്കാക്കുന്നു. ഐ യു സി എന്‍ പ്രസിദ്ധീകരിച്ച 2015ലെ പക്ഷികളുടെ റെഡ് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ 180 ഇനം പക്ഷികള്‍ ഭീഷണിയിലാണെന്ന് പറയുന്നു. 1994ല്‍ ഇത് 173 ആയിരുന്നു.
കേരളത്തില്‍ വയനാട്ടിലൊഴികെ കഴുകന്മാര്‍ അപ്രത്യക്ഷമായതായുള്ള പഠനം അടുത്തിടെയാണ് പുറത്തു വന്നത്. മറയൂര്‍, മൂന്നാര്‍ ഉള്‍പ്പെടെ തെക്കന്‍ മേഖലയില്‍ സമീപകാലത്ത് 500നും 1000ത്തിനും ഇടയില്‍ കഴുകന്മാര്‍ക്ക് വംശനാശം സംഭവിച്ചു. വനത്തിനു സമീപത്തെ ജനവാസ മേഖലയിലുള്ളവര്‍ വന്യമൃഗങ്ങളില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ വിഷവസ്തുക്കള്‍ വിതറാറുണ്ട്. ഇവ കഴുകന്മാരുടെ വംശനാശത്തിന് കാരണമായി. കന്നുകാലികളില്‍ കുത്തിവെക്കുന്ന ഡൈക്‌ളോഫെനിക് എന്ന മരുന്നും കഴുകന്മാരുടെ കൂട്ടനാശത്തിന് വഴിതെളിച്ചിട്ടുണ്ട്. വേദനസംഹാരിയെന്ന നിലയിലാണ് ഡൈക്‌ളോഫെനിക് ഉപയോഗിക്കുന്നത്. മരുന്ന് കുത്തിവെച്ച കന്നുകാലികളുടെ മൃതശരീരങ്ങള്‍ ഭക്ഷിക്കുന്നതാണ് ഇവയുടെ നാശത്തിന് ഇടയാക്കിയത്. പക്ഷികളില്‍ 50 ഇനങ്ങളെയാണ് ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
തലേക്കെട്ടന്‍ തിത്തിരി, ചുട്ടിക്കഴുകന്‍, തവിട്ടുകഴുകന്‍ എന്നിവയാണ് ഗുരുതരമായ വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന പക്ഷികള്‍. കാതിലക്കഴുകന്‍, തോട്ടിക്കഴുകന്‍, തെക്കന്‍ ചിലുമിലുപ്പന്‍, സന്ധ്യക്കിളി തുടങ്ങിയ പക്ഷികളും വംശനാശ പട്ടികയിലുണ്ട്. അടുത്തുതന്നെ അപകടാവസ്ഥയിലാകുന്നത് 25 ഇനം പക്ഷികളാണെന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. സൂചിമുഖി ഇലക്കുരുവി, നീലക്കിളി പാറ്റപിടിയന്‍, ചെറിയ മീന്‍ പരുന്ത്, കരിങ്കഴുകന്‍, മലമുഴക്കി, ചേരക്കോഴി തുടങ്ങിയവും ഇതില്‍പ്പെടും. ഉരഗവര്‍ഗങ്ങളില്‍ ചൂണ്ടന്‍ കടലാമയാണ് തീര്‍ത്തും കാണാതായിക്കൊണ്ടിരിക്കുന്ന ഒരു ജീവിവര്‍ഗം.
ചൂരലാമ, കടലാമ, കാരാമ, ഭീമനാമ, ചിത്രയാമ എന്നിവയും നീലവയറന്‍ മരയരണ, വയനാടന്‍ മരപ്പല്ലി, കങ്കാരു ഓന്ത് എന്നിവയും വംശനാശ ഭീഷണി നേരിടുന്നവയാണ്. 12 ഇനം പാമ്പുകളില്‍ മലംപച്ചോലന്‍ പാമ്പ്, വയലറ്റ് പാമ്പ് എന്നിവ കാണാമറയത്താകുന്ന ജീവികളാണ്. തവളകളില്‍ പത്ത് ഇനങ്ങളെ പൂര്‍ണമായും കാണാതായിട്ടുണ്ട്. കൈകാട്ടിത്തവള, മൂന്നാര്‍ ഇലത്തവള, പുള്ളി പച്ചിലപ്പാറാന്‍, പച്ചക്കണ്ണി ഇലത്തവള തുടങ്ങിയവയാണ് അവ. കേരളത്തില്‍ 53 ഇനം തവളകളെ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
നാട് നഗരവത്കരണത്തിന് വഴിമാറിപ്പോയപ്പോള്‍ നാട്ടുപക്ഷികളിലും പലതും അപ്രത്യക്ഷമായവയിലും വംശ ഭീഷണിയിലും ഉള്‍പ്പെട്ടു. ഇന്നലെ വരെ വീട്ടുമുറ്റത്ത് നാം കണ്ടിരുന്ന കിളികള്‍ നമ്മളറിയാതെയാണ് പറന്നകന്നത്. മേഘങ്ങളെ തൊട്ടുരുമ്മി ഭുമിയിലേക്ക് പറന്നിറങ്ങുന്ന പക്ഷിക്കൂട്ടത്തിന്റെ സുന്ദരകാഴ്ചകള്‍ ഇനി എത്ര കാലമെന്ന് വൈകാതെ തിരിച്ചറിയും.
രൂപത്തിലും നിറത്തിലും ശബ്ദത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന പക്ഷികളെക്കൊണ്ട് സമ്പന്നമായിരുന്നു കേരളം. കാക്കമുതല്‍ സൈബീരിയന്‍ ദേശാടന പക്ഷികള്‍വരെ കേരളത്തിലെപ്രകൃതിയുടെ വരപ്രസാദമാണ്. ലോകത്തില്‍ ഏതാണ്ട് 8650 ഗണത്തില്‍പ്പെട്ട പക്ഷികളുണ്ട്. മുങ്ങാം കോഴികളില്‍ തുടങ്ങി പാമ്പറി ഫോര്‍മസ് (കൂട് കെട്ടുന്ന പക്ഷികള്‍) പക്ഷികള്‍ വരെ 27 കക്ഷികളിലായി തരം തിരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇപ്പോള്‍ 20 കക്ഷികളിലും 75 ഗോത്രങ്ങളിലുമായി 1200 ഗണങ്ങളില്‍ പെടുന്ന പക്ഷികളുണ്ട്. ഇതില്‍ നല്ലൊരു പങ്ക് കേരളത്തിലെ പക്ഷിക്കൂട്ടത്തില്‍പ്പെടും. 80 ഓളം ഇനത്തില്‍ പെട്ട നാട്ടുപക്ഷികളെ സാധാരണമായി കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ കണ്ടുവന്നിരുന്നു. എന്നാല്‍ എന്തുകൊണ്ടോ മുമ്പ് സ്ഥിരമായി കാണാറുള്ള പലതും ഇപ്പോള്‍ അപൂര്‍വ കാഴ്ചയായി. അങ്ങാടിക്കുരുവി, കാരാടന്‍ ചാത്തന്‍, നാട്ട് ബുള്‍ ബുള്‍, വണ്ണാത്തിപ്പുള്ള്, നാട്ടുമരം കൊത്തി, അയോറ, കല്‍മണ്ണാത്തി, തത്തച്ചിന്നന്‍, വിഷുപക്ഷി, ഉപ്പുപ്പന്‍, കുളക്കോഴി, കാവി, പുള്ളിനത്ത്, കഴുകന്‍ തുടങ്ങി നാട്ടിന്‍പുറങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന പക്ഷികളില്‍ പലതിന്റെയും എണ്ണം ഗണ്യമായി കുറഞ്ഞു. ചിന്നക്കുട്ടുറുവന്‍, ചെങ്കണ്ണി, മഞ്ഞക്കണ്ണി, ഓലോഞ്ഞാലി, ചെമ്പോത്ത്, ആറ്റക്കുരുവി, ചെറിയമീന്‍കൊത്തി, മീന്‍കൊത്തിച്ചാത്തന്‍, പുള്ളിമീന്‍ കൊത്തി, നാട്ടുവേലിത്തത്ത, നാട്ടുമരംകൊത്തി, പനങ്കാക്ക, നാടന്‍ ഇലക്കിളി, ചെമ്പുകൊട്ടി, നാട്ടുകുയില്‍, ഗരുഡന്‍, വെള്ളി എറിയന്‍, ചിന്നമുണ്ടി, പെരുമുണ്ടി, മഴക്കൊച്ച, പോതപ്പൊട്ടന്‍, നാടന്‍ താമരക്കോഴി, നാകമോഹന്‍, കരിവയറന്‍ വാനമ്പാടി തുടങ്ങി നിരവധി പക്ഷികള്‍ നാട്ടുപക്ഷികളുടെ ഗണത്തില്‍പ്പെടും.
നാട്ടിന്‍പുറങ്ങളിലെ മരങ്ങളും കുളവും തോടും കാവും കൈതക്കാടും വള്ളിപ്പടര്‍പ്പുകളുമെല്ലാം നശിപ്പിക്കപ്പെട്ടതാണ് പക്ഷികളുടെ തിരോദാനത്തിനുള്ള മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യവാസ പ്രദേശങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന പക്ഷികളുടെ ആവാസ വ്യവസ്ഥക്ക് അടുത്ത കാലത്ത് വലിയതോതില്‍ തന്നെയാണ് മങ്ങലേറ്റത്. പറമ്പുകളിലെ ഫലവൃക്ഷങ്ങള്‍ പാടെ അപ്രത്യക്ഷമായത് പക്ഷികളെ സാരമായിത്തന്നെ ബാധിച്ചു. ചെങ്കല്‍ കുന്നുകള്‍ വ്യാപകമായി ഇടിച്ചുനിരത്തിയതും, തണ്ണീര്‍ത്തടങ്ങളും ചതുപ്പുനിലങ്ങളും മണ്ണിട്ട് മൂടപ്പെട്ടതുമെല്ലാം നാട്ടുപക്ഷികളുടെ തിരോധാനത്തിന് ആക്കം കൂട്ടി. നഗരമെന്നോ കാടന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ഥലങ്ങളിലും അതിവസിച്ചിരുന്ന അങ്ങാടിക്കുരുവിയുടെ നിലനില്‍പ്പ് പോലും ഭീഷണിയിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ധാന്യങ്ങള്‍ വില്‍ക്കുന്ന കടകളിലെ ചാക്കുകളില്‍ കയറി തത്തിക്കളിക്കുകയും അവസരം കിട്ടുമ്പോള്‍ കൊക്കുനിറയെ ധാന്യമെടുത്ത് പെട്ടെന്ന് രക്ഷപ്പെടുകയും ചെയ്യുന്ന അങ്ങാടിക്കുരുവികളെ കാണാത്തവരുണ്ടാകില്ല.
പ്ലാസ്റ്റിക് സഞ്ചിയില്‍ ധാന്യങ്ങള്‍ പൊതിഞ്ഞുവില്‍ക്കുന്ന പ്രവണത കൂടിയതോടെ നേരത്തെ കണ്ടിരുന്ന പലസ്ഥലങ്ങളില്‍ നിന്നും കുരുവികള്‍ അപ്രത്യക്ഷമായി. കൂടുവെക്കാനുള്ള സാഹചര്യം ക്രമേണ ഇല്ലാതായതും ഇവയെ പ്രതികൂലമായി ബാധിച്ചു. ഭക്ഷണ ലഭ്യതയിലുള്ള കുറവാണ് ചില പക്ഷികളുടെ ശോഷണത്തിന് കാരണം. ചക്കയും മാങ്ങയും പോലുള്ള ഫലങ്ങള്‍ തീര്‍ത്തുമില്ലാതായതും കായ്ഫലമുള്ള ചെടികളും വൃക്ഷങ്ങളും അപ്രത്യക്ഷമായതും നാട്ടുപക്ഷികള്‍ക്ക് ഭക്ഷണമില്ലാത്ത അവസ്ഥയുണ്ടാക്കി. പരുത്തിയും ചിലന്തിവലയുമുപയോഗിച്ച് ഇലതുന്നി കൂടുണ്ടാക്കുന്ന തുന്നാരന്‍ പക്ഷിയെപ്പോലുള്ളവക്ക് വലിയ ഇലകളുടെയും മറ്റും അഭാവം വിനയായി. വീട്ടുവളപ്പിലെ കുറ്റിക്കാടുകള്‍ നിശേഷം ഇല്ലാതായത് ഇത്തരം പക്ഷികള്‍ക്ക് കെണിയൊരുക്കി.
കാവാലന്‍കിളി, മാടത്ത എന്നീ പേരുകളിലറിയപ്പെടുന്ന നാട്ടുമൈനക്കും കൂടൊരുക്കാനുള്ള സാഹചര്യം പുതിയ കാലത്ത് നഷ്ടപ്പെട്ടു. ഇവ ഇര തേടുന്ന പാടങ്ങളില്‍ കീടനാശിനി പ്രയോഗം വര്‍ധിച്ചതും പക്ഷികളുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചു. രാജസ്ഥാനിലെയും ഗുജറാത്തിലെയും മരുപ്രദേശങ്ങളൊഴിച്ച് ഇന്ത്യയിലെല്ലായിടത്തും കണ്ടിരുന്ന വിഷുപക്ഷി കേരളത്തില്‍ അപൂര്‍വ കാഴ്ചയായതിനുള്ള ഒരു കാരണം വൃക്ഷങ്ങളുടെ വ്യാപകമായ നാശം തന്നെയാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെയും വനങ്ങളുടെയും സംരക്ഷണത്തിനായി 15 വന്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയോദ്യാനങ്ങളും രണ്ട് കടുവാ സങ്കേതങ്ങളും ഒരു കമ്യൂണിറ്റി റിസര്‍വുമുള്‍പ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ടെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയെണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here