ഹിന്ദുത്വത്തിന്റെ ആശ്രമവഴികള്‍

ഹിപ്‌നോട്ടിക് തെറാപിസ്റ്റായ ജയന്ത്ബാലാജി അത്താവാലയാണ് സനാതന്‍ സംസ്ഥയുടെ സ്ഥാപകന്‍. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ചാവേറുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയിലാണ് ഇതിന്റെ സംഘടനാപ്രവര്‍ത്തനരീതികള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. തീവ്രഹിന്ദുത്വവും സങ്കുചിത ദേശീയബോധവും പാശ്ചാത്യ വിരുദ്ധതയുമാണ് ഈ തീവ്രവാദി സംഘത്തിന്റെ വീക്ഷണം. മുംബൈ ഹൈക്കോടതിയില്‍ സനാതന്‍ സംസ്ഥയുടെ തീവ്ര ആത്മീയതയില്‍ ആകൃഷ്ടരായി അപ്രത്യക്ഷരായവരുടെ ബന്ധുക്കള്‍ റിട്ട് നല്‍കിയിരിക്കുകയാണ്.
Posted on: August 15, 2016 6:00 am | Last updated: August 14, 2016 at 11:40 pm

Supporters of the radical Vishwa Hindu Parishad (VHP) Hindu group hold tridents as they take part in their workers' meet in the western Indian city of Ahmedabad March 31, 2013. REUTERS/Amit Dave (INDIA - Tags: POLITICS RELIGION) - RTXY3SY

കേരളത്തില്‍ നിന്ന് ഐ എസ് യുദ്ധമുന്നണിയിലേക്ക് പലായനം ചെയ്ത യുവതീയുവാക്കളെക്കുറിച്ച് നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും സ്‌തോഭജനകമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തം കുടുംബാംഗങ്ങളെയും നാടിനെയും വിട്ടുപോയ തൃക്കരിപ്പൂരിലെയും പാലക്കാട്ടെയുമൊക്കെ യുവതീയുവാക്കള്‍ ഇസ്‌ലാമായി ജീവിക്കാന്‍ പറ്റാത്ത നിഷിദ്ധങ്ങളുടെ നാടാണെന്ന് പറഞ്ഞുകൊണ്ടാണല്ലോ ഐ എസ് ക്യാമ്പുകളിലേക്ക് പോയിരിക്കുന്നത്. ഐ എസിന് സമാനമായ രീതിയില്‍ സംഘ്പരിവാറിനകത്ത് തീവ്ര ഹിന്ദുത്വത്തിന്റേതായ പലായനങ്ങളും ആശ്രമ ജീവിതങ്ങളും ഇന്ത്യയില്‍ സജീവമായിരിക്കുന്നുവെന്ന കാര്യം നമ്മുടെ മാധ്യമങ്ങള്‍ കൗശലപൂര്‍വം റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുകയാണ്. ലോകത്തെമ്പാടുമുള്ള മതഭീകരവാദ സംഘടനകള്‍ വ്യാജ ആത്മീയതയുടെയും മതത്തിന്റെ മൗലികതത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് തങ്ങളുടെ വിധ്വംസക ശൃംഖലകളിലേക്ക് യുവതീയുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ഇതിന് സമാനമായ പ്രവര്‍ത്തനരീതിയാണ് ഹിന്ദുത്വ ഭീകരസംഘടനയായ സനാതന്‍ സംസ്ഥയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും സംഘടനയിലേക്ക് വശീകരിച്ച് അവരെ ‘എറിക്‌സോണിയന്‍ ഹിപ്‌നോട്ടിസ’ത്തിന് വിധേയമാക്കുകയാണത്രേ!
ഔട്ട്‌ലുക്ക് വാരികയുടെ ആഗസ്റ്റ് ഒന്ന് ലക്കത്തില്‍ സനാതന്‍ സംസ്ഥയുടെ പ്രവര്‍ത്തന രീതികളെ സംബന്ധിച്ചു വന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. മുംബൈ ഹൈക്കോടതിയില്‍ സനാതന്‍ സംസ്ഥയുടെ തീവ്ര ആത്മീയതയില്‍ ആകൃഷ്ടരായി അപ്രത്യക്ഷരായവരുടെ ബന്ധുക്കള്‍ റിട്ട് നല്‍കിയിരിക്കുകയാണ്. ഈശ്വര്‍ സേവയുടെയും നാമജപയജ്ഞത്തിന്റെയും മോഹനവലയങ്ങളില്‍പ്പെട്ട് വീടുവിട്ടുപോയവരുടെ മാതാപിതാക്കളും ഭര്‍ത്താക്കന്മാരുമെല്ലാമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാരാമതി സ്വദേശിയായ ബേങ്ക് ഉദേ്യാഗസ്ഥയായ ശീതള്‍ ചിഞ്ച്കര്‍ 2011 മാര്‍ച്ച് മാസത്തില്‍ ഈശ്വര്‍ സേവയ്ക്കായി സനാതന്‍ സംസ്ഥയുടെ ആശ്രമത്തിലേക്ക് പോവുകയായിരുന്നു. 23-ാം വയസ്സില്‍ ആത്മീയ അനേ്വഷണത്തിനായി സനാതന്‍ സംസ്ഥയുടെ ആശ്രമത്തില്‍ എത്തപ്പെട്ട ഇവര്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ തയ്യാറല്ലത്രേ. ശീതളിനെ വിട്ടുകിട്ടാനാണ് രക്ഷിതാക്കള്‍ മുംബൈ കോടതയില്‍ ഹരജി നല്‍കിയിരിക്കുന്നത്. അതേപോലെ വിജയ്‌റൊക്കാഡെ തന്റെ ഭാര്യയെ സനാതന്‍ സംസ്ഥയില്‍ നിന്ന് മോചിപ്പിച്ചുതരണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 2007-ലാണ് റൊക്കാഡെയുടെ ഭാര്യ വീട് വിട്ടുപോയത്. ഹിപ്‌നോട്ടൈസ് ചെയ്താണ് സനാതന്‍ സംസ്ഥ സ്ത്രീകളെ വശീകരിക്കുന്നതെന്നാണ് റൊക്കാഡെ ആരോപിക്കുന്നത്. ഇപ്പോള്‍ ഇതുപോലുള്ള നാല് കേസുകളാണ് മുംബൈ ഹൈക്കോടതിയുടെ മുമ്പിലുള്ളത്.
നരേന്ദ്ര ദാല്‍ബോക്കറുടെയും കല്‍ബര്‍ഗിയുടെയും ഗോവിന്ദപന്‍സാരയുടെയും വധത്തിനു പിറകില്‍ സനാതന്‍ സംസ്ഥയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വിശാല ഹിന്ദു ഐക്യം ചിത്പവന്‍ ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ ആര്‍ എസ് എസിന്റെ മൗലിക സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്നും അടിസ്ഥാന ഹിന്ദുത്വ മൂല്യങ്ങളില്‍ ഊന്നിനിന്ന് പ്രവര്‍ത്തിക്കണമെന്നും ചിന്തിക്കുന്നവരാണ് സനാതന സംസ്ഥാന്‍, അഭിനവ് ഭാരത്, ശ്രീരാമസേന തുടങ്ങിയ സംഘടനകള്‍ക്ക് ജന്മം കൊടുത്തത്. ഇന്ത്യയിലെ നവമധ്യവര്‍ഗവിഭാഗങ്ങളെയാണ് ഈ സംഘടന പ്രധാനമായും ആകര്‍ഷിക്കുന്നത്. മഹാരാഷ്ട്ര ഗോവാ അതിര്‍ത്തിയിലാണ് സംസ്ഥാന്‍ രൂപം കൊള്ളുന്നത്.
ഹിപ്‌നോട്ടിക്‌തെറാപിസ്റ്റായ ജയന്ത്ബാലാജിഅത്താവാലയാണ് സനാതന്‍ സംസ്ഥയുടെ സ്ഥാപകന്‍. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ചാവേറുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയിലാണ് ഇതിന്റെ സംഘടനാപ്രവര്‍ത്തനരീതികള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. തീവ്രഹിന്ദുത്വവും സങ്കുചിത ദേശീയബോധവും പാശ്ചാത്യ വിരുദ്ധതയുമാണ് ഈ തീവ്രവാദി സംഘത്തിന്റെ വീക്ഷണം. പത്രങ്ങളും ലഘുലേഖകളും വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നു. സംഘടിതമായ വര്‍ഗീയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുംബൈ, താണെ, പന്‍വേല്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരകളിലൂടെയാണ് സനാതന്‍ സംസ്ഥയെ ലോകം അറിയുന്നത്.
ആര്‍. എസ് എസിന്റെ തീവ്രഹിന്ദുത്വ അജന്‍ഡയുടെ നിര്‍വഹണത്തിനാവശ്യമായ മതഭ്രാന്തന്മാരെ സൃഷ്ടിക്കുന്ന പ്രചാരണങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിദേ്വഷ സംസ്‌കാരവും രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും വഴി യുവാക്കളെയും യുവതികളെയും വശീകരിച്ചെടുക്കുന്ന ഇവര്‍ ആത്മീയത പ്രചരിപ്പിക്കുകയാണെന്നാണ് അവകാശപ്പെടുന്നത്. പ്രാര്‍ഥനായോഗങ്ങളിലേക്ക് കൊണ്ടുപോയി ഇങ്ങനെ വശീകരിക്കപ്പെടുന്നവരെ ആശ്രമവാസികളാക്കുന്ന തന്ത്രമാണ് ഇവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഗോവാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്ക് രാംനഥിയിലും മഹാരാഷ്ട്രയിലും സാംഗഌ ജില്ലയിലെ മിറാജിലും ആശ്രമങ്ങളുണ്ട്.
രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും വന്‍ ഫണ്ട് ശേഖരിച്ചുകൊണ്ടാണ് ആശ്രമവഴികളിലൂടെ സനാതന്‍ സംസ്ഥ ഹിന്ദുത്വ തീവ്രവാദം വളര്‍ത്തുന്നത്. മഹാരാഷ്ട്രയിലും ഗോവയിലും കര്‍ണാടകയിലും ഇവര്‍ നടത്തിയ സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും നിരവധിയാണ്. അതുകൊണ്ടാണ് 2011-ല്‍ അവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകള്‍ ഈ സംഘടകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഗോവിന്ദപന്‍സാരെയുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട വീരേന്ദ്രതവാഡെ സനാതന്‍ സംസ്ഥയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു ജനജാഗ്രതി സമിതിയുടെ പ്രവര്‍ത്തകനാണ്.
ആത്മീയാനേ്വഷണത്തിന്റെയും പ്രാര്‍ഥനയുടെയും ആശ്രമ ജീവിതത്തിന്റെയും മറവില്‍ ഇന്ത്യപോലുള്ള രാജ്യങ്ങളെ അസ്ഥിരീകരിക്കാനുള്ള ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വന്‍ സഹായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരതയെ നിഷേധിച്ച് ഹിന്ദുത്വമെന്ന ഏകത്വത്തെ ബലപ്രയോഗങ്ങളിലൂടെ അടിച്ചേല്‍പിക്കുന്ന സംഘപരിവാര്‍ അജണ്ടയുടെ ലക്ഷ്യവും മറ്റൊന്നല്ല.