സിറാജിനെ വ്യത്യസ്തമാക്കുന്നത് വാര്‍ത്തകളിലെ വിശ്വാസ്യത: യു ടി ഖാദര്‍

Posted on: August 14, 2016 11:53 pm | Last updated: August 14, 2016 at 11:53 pm

ut khaderബെംഗളൂരു: വാര്‍ത്തകളിലെ വിശ്വാസ്യതയും നിഷ്പക്ഷതയുമാണ് സിറാജിനെ മറ്റ് പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി യു ടി ഖാദര്‍. സിറാജ് ബെംഗളൂരു എഡിഷന്‍ ഉദ്ഘാടനം കബണ്‍ പാര്‍ക്കിലെ എന്‍ ജി ഒ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനനുസരിച്ച് പത്രപ്രവര്‍ത്തന രംഗത്ത് പുതിയ പ്രവണതകള്‍ കടന്നുവരുമ്പോഴും നൈതികവും ധാര്‍മികവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സിറാജ് കാണിക്കുന്ന വ്യഗ്രത മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെന്ന പോലെ വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ ബെംഗളൂരുവിലും എഡിഷനുകള്‍ പിറവിയെടുത്തത് സിറാജിന് ലഭിച്ചുവരുന്ന വര്‍ധിച്ച ജനസ്വീകാര്യതയുടെ പ്രകടമായ തെളിവാണ്. കന്നഡ ഭാഷയിലും സിറാജ് പ്രസിദ്ധീകരണം ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ പക്ഷം ചേരാതെ, സാമൂഹിക വികസന പ്രക്രിയക്ക് ആക്കം കൂട്ടാന്‍ പര്യാപ്തമാകുന്ന ഇടപെടലുകള്‍ നടത്താന്‍ പത്രദൃശ്യമാധ്യമങ്ങള്‍ ജാഗരൂകരാകണമെന്നും യു ടി ഖാദര്‍ അഭിപ്രാ യപ്പെട്ടു. മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനമാണ് കാലഘട്ടത്തിന്റ അനിവാര്യതയെന്ന് മുന്‍ ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു. ബെംഗളൂരു എഡിഷന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഹ്യ പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെടാതെ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുള്ള പത്രപ്രവര്‍ത്തനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് ആളുകളുടെ കൂടെ നിന്ന് വിജയിക്കുന്നതിനെക്കാള്‍ അഭികാമ്യം, സത്യം പറഞ്ഞ് പരാജയപ്പെടുന്നതിലാണെന്ന് കര്‍ണാടക മുന്‍ മന്ത്രി ജെ അലക്‌സാണ്ടര്‍ അഭിപ്രായപ്പെട്ടു.