സെന്‍സെക്‌സ് 77 പോയിന്റ് ഉയര്‍ന്നു; സൂചിക തളര്‍ച്ചയില്‍

Posted on: August 14, 2016 11:50 pm | Last updated: August 14, 2016 at 11:50 pm

share market loseഓഹരി വിപണിയിലെ ഉണര്‍വിനിടയില്‍ ആഭ്യന്തര ഫണ്ടുകള്‍ ലാഭമെടുപ്പിന് തിരക്കിട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും വിദേശ ധനകാര്യസ്ഥാപനങ്ങള്‍ നിക്ഷേപകരായി. മുന്‍ നിര ഓഹരികളിലെ കുതിപ്പില്‍ ബോംബെ സെന്‍സെക്‌സ് 77 പോയിന്റ് ഉയര്‍ന്നു. അതേ സമയം നിഫ്റ്റി സൂചികക്ക് കഴിഞ്ഞവാരം തളര്‍ച്ചനേരിട്ടു.

വിദേശ ഫണ്ടുകള്‍ 3838 കോടി രൂപ കഴിഞ്ഞ വാരം നിക്ഷേപിച്ചു. ഒരു മാസത്തിനിടയില്‍ അവര്‍ ഇറക്കിയത് 5413 കോടി രൂപയാണ്. വിദേശ നിക്ഷേപത്തിന്റെ മികവില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 66.85 ല്‍ നിന്ന് 66.77 ലേക്ക് കയറി. ഒരുവേള 66.98 ലേക്ക് ഇടിഞ്ഞ രൂപയുടെ തിരിച്ചു വരവിന് വഴിതെളിച്ചത് വിദേശ നിക്ഷേപമാണ്.
എഫ് എം സി ജി, ബേങ്കിംഗ്, പവര്‍, ടെക്‌നോളജി വിഭാഗങ്ങളില്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചപ്പോള്‍ ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഗുസ്‌സ്, റിയാലിറ്റി, ഓട്ടോമൊബൈല്‍ ഓഹരികള്‍ തളര്‍ന്നു. സെന്‍സെക്‌സില്‍ മുന്‍ നിരയിലെ 16 ഓഹരികളുടെ നിരക്ക് ഉയര്‍ന്നപ്പോള്‍ 14 ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.

എസ് ബി ഐ, എച്ച് ഡി എഫ് സി, ഒ എന്‍ ജി സി, റ്റി സി എസ്, കോള്‍ ഇന്ത്യ, ആര്‍ ഐ എല്‍, ഐ റ്റി സി ഓഹരികള്‍ മുന്നേറി. എയര്‍ടെല്‍, സണ്‍ ഫാര്‍മ, സിപ്ല, എം ആന്‍ഡ് എം, ടാറ്റാ സ്റ്റീല്‍, എച്ച് ഡി എഫ് സി ബേങ്ക്, മാരുതി, എല്‍ ആന്‍ഡ് റ്റി എന്നിവ തളര്‍ന്നു.
ബി എസ് ഇ യില്‍ പിന്നിട്ട വാരം 17,997 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 1,10,161 കോടി രൂപയുടെയും ഇടപാടു നടന്നു. സ്വതന്ത്രദിനം പ്രമാണിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റ് ഇന്ന് അവധിയാണ്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി കഴിഞ്ഞ വാരം 8546- 8721 റേഞ്ചില്‍ കയറി ഇറങ്ങി. വാരാന്ത്യം പത്ത് പോയിന്റ് നഷ്ടത്തില്‍ 8672 ല്‍ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം 8571 ല്‍ ആദ്യ സപ്പോര്‍ട്ടുണ്ട്. ഇത് നഷ്ടപ്പെട്ടാല്‍ സൂചിക 8471-8396 റേഞ്ചിലേക്ക് മാസത്തിന്റെ രണ്ടാം പകുതിയില്‍ തിരിയാം. മികവിന് നീക്കം നടന്നാല്‍ 8746-8821 ല്‍ പ്രതിരോധം നേരിടാം.
സെന്‍സെക്‌സിന് മുന്‍വാരം സൂചിപ്പിച്ച 28,347 ലെ പ്രതിരോധത്തിലേക്ക് ഉയരാനാകാതെ 28,211 ല്‍ കാലിടറി. ഈ തളര്‍ച്ചയില്‍ സൂചിക 27,726 വരെ ഇടിഞ്ഞു. വിപണി ക്ലോസിംഗില്‍ 28,152 ലേക്ക് ഉയര്‍ന്നു. വിപണിക്ക് ഈ വാരം 28,333-28,514 ല്‍ പ്രതിരോധമുണ്ട്. തിരിച്ചടി നേരിട്ടാല്‍ സൂചിക 27,848-27,544 ലേക്ക് തിരിയാം.
പ്രമുഖ നാണയങ്ങള്‍ക്ക് മുന്നില്‍ ഡോളര്‍ മികവ് കാണിച്ചത് സ്വര്‍ണത്തില്‍ ലാഭമെടുപ്പിന് നിക്ഷേപകരെ പ്രേരിപ്പിച്ചു. വാരാന്ത്യം സ്വര്‍ണം 1334 ഡോളറിലാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം ഉയര്‍ന്ന് 44.69 ഡോളറിലെത്തി.