ഗുലനെ വിട്ടുനല്‍കല്‍: യു എസുമായി വിട്ടുവീഴ്ചക്കില്ല – തുര്‍ക്കി

Posted on: August 14, 2016 11:46 pm | Last updated: August 14, 2016 at 11:46 pm
SHARE

gulanഅങ്കാറ: ഫത്ഹുല്ല ഗുലനെ വിട്ടുനല്‍കുന്ന വിഷയത്തില്‍ അമേരിക്കയുമായി വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് തുര്‍ക്കി. പ്രധാനമന്ത്രി ബിനാലി യില്‍ദിരിം ആണ് ഗുലന്റെ വിഷയത്തില്‍ നിലപാട് ഉറപ്പിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ജൂലൈ 15ന് നടന്ന പരാജയപ്പെട്ട പട്ടാള അട്ടിമറിക്ക് പിന്നില്‍ ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന തുര്‍ക്കി പണ്ഡിതന്‍ ഫത്ഹുല്ല ഗുലനാണെന്നാണ് തുര്‍ക്കിയുടെ വാദം. ഗുലനെ വിട്ടുതരാന്‍ അമേരിക്ക തയ്യാറാകണമെന്നും അല്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വരെ വിള്ളലുണ്ടാകുമെന്നും തുര്‍ക്കി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഗുലന്റെ പങ്ക് വ്യക്തമാക്കുന്ന വ്യക്തമായ തെളിവ് നല്‍കാത്ത കാലത്തോളം ഗുലനെ കൈമാറില്ലെന്നതാണ് അമേരിക്കയുടെ നിലപാട്.
ഗുലനെ വിട്ടുനല്‍കുന്ന കാര്യത്തില്‍ ഒരു വിധത്തിലുള്ള വിട്ടുവീഴ്ചക്കും തുര്‍ക്കി തയ്യാറല്ല. ഈ വിഷയത്തില്‍ അമേരിക്ക പരാജയപ്പെടുകയാണെങ്കില്‍ അത് തുര്‍ക്കിയില്‍ അമേരിക്കന്‍ വിരുദ്ധ മനോഭാവം വളര്‍ത്താനേ ഇടവരുത്തൂ. അത് തടയാനുള്ള ഏക മാര്‍ഗം ഗുലനെ അമേരിക്ക തുര്‍ക്കിക്ക് കൈമാറുകയെന്നതാണ്. തുര്‍ക്കിയുടെ നിയമവ്യവസ്ഥയും നീതിവ്യവസ്ഥയും അനുസരിച്ച് അദ്ദേഹത്തെ രാജ്യം വിചാരണ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഫത്ഹുല്ല ഗുലനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇസ്താംബുള്‍ പ്രോസിക്യൂട്ടര്‍ അമേരിക്കക്ക് എഴുതിയതായും റിപ്പോര്‍ട്ടുണ്ട്.
1999 മുതല്‍ ഗുലന്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് താമസം. ജുലൈ 15ന് നടന്ന പട്ടാള അട്ടിമറിക്ക് പിന്നില്‍ ഗുലനാണെന്ന് തുര്‍ക്കി ആരോപിക്കുന്നു. എന്നാല്‍ എല്ലാ തരത്തിലുള്ള ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളയുകയും ചെയ്തിരുന്നു.
ഗുലനെ വിട്ടുനല്‍കുന്ന കാര്യത്തില്‍ അമേരിക്കയില്‍ നിന്ന് പോസിറ്റീവ് സമീപനം ഉണ്ടായതായി കഴിഞ്ഞ ആഴ്ച തുര്‍ക്കി വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.
ഈ മാസം 24ന് യു എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നുണ്ട്. പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം അമേരിക്കന്‍ പ്രതിനിധിയുടെ ആദ്യ തുര്‍ക്കി സന്ദര്‍ശനമായിരിക്കും ഇത്. ആഗസ്റ്റ് 22ന് അമേരിക്കയില്‍ നിന്ന് ചില ഉദ്യോഗസ്ഥര്‍ തുര്‍ക്കിയിലെത്തുമെന്നും ഗുലനെ പുറത്താക്കുന്ന കാര്യത്തില്‍ വേണ്ട നിയമനടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ വരുന്ന ഒക്‌ടോബറില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും തുര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുമെന്നാണ് കരുതപ്പെടുന്നത്.