ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ശക്തമായി നേരിടണം: രാഷ്ട്രപതി

Posted on: August 14, 2016 9:17 pm | Last updated: August 15, 2016 at 3:12 pm

pranab mukharjeeന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വളര്‍ത്തുന്നവരെയും, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെ അക്രമം അഴിച്ചു വിടുന്നവരെയും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഷ്ട്രപതി അസഹിഷ്ണുതക്കെതിരെ രൂക്ഷമായ ഭാഷയില്‍ പരാമര്‍ശിച്ചത്.
രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന രാഷ്ട്രപതി ആഗോള ഭീകരതയെ ഒറ്റക്കെട്ടായി നേരിടണമെന്നും ആഹ്വാനം ചെയ്തു. ഇതുമൂന്നാം തവണയാണ് രാജ്യത്തോടുള്ള പ്രസംഗത്തില്‍ രാഷ്ട്രപതി അസഹിഷ്ണുതയുടെ വക്താക്കള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ത്യജിച്ച് പോരാടിയ ധീരന്മാരെ താന്‍ ആദരവോടെ വണങ്ങുന്നു. 1947ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനില്‍ക്കുമെന്ന് ആരും വിശ്വാസിച്ചിരുന്നില്ല. എന്നാല്‍ ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യത്തെ ഒന്നേകാല്‍ കോടി ജനങ്ങള്‍ അത്തരം മുന്‍ വിധികള്‍ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ്. നമ്മുടെ ജനാധിപത്തിന്റെ നെടുംതൂണുകളായ നീതി, സ്വാതന്ത്യം സമത്വം, സാഹോദര്യം എന്നിവ നാള്‍ക്കു നാള്‍ ശക്തി പ്രാപിക്കുകയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കിവരുന്ന സുരക്ഷ നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉന്നതിയുടെ അടയാളമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുണ്ടാകുന്ന ഓരോ അതിക്രമങ്ങളും നമ്മുടെ സമൂഹത്തിലുണ്ടാകുന്ന മുറിവാണെന്നും രാഷ്ട്രപതി തന്റെ സന്ദേശത്തില്‍ പറയുന്നു