Connect with us

Kerala

ഉമ്മന്‍ചാണ്ടി കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന് കേരളാ കോണ്‍ഗ്രസ് മുഖപത്രം

Published

|

Last Updated

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് പത്രം “പ്രതിച്ഛായ” ഉമ്മന്‍ ചാണ്ടി കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ആരോപണം. ബാര്‍ കോഴ കേസില്‍ കെ.എം.മാണി ധനമന്ത്രി സ്ഥാനം രാജി വച്ചപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ഈ നീക്കം നടത്തിയതെന്നും ലേഖനത്തില്‍ പറയുന്നു. സ്വന്തം കാലില്‍ നില്‍ക്കും എന്ന പേരില്‍ പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയിലെ ലേഖനത്തില്‍ ആരോപിക്കുന്നു.

രാജി പ്രഖ്യാപനത്തിനു മുന്‍പ് ഉമ്മന്‍ ചാണ്ടിയുടെ ദൂതന്‍ പി.ജെ.ജോസഫിനെ കണ്ടുവെന്നാണ് ആക്ഷേപം. കേരളാ കോണ്‍ഗ്രസിനെ ഒരിക്കല്‍ കൂടി പിളര്‍ത്തി മറ്റൊരു കേരളാ കോണ്‍ഗ്രസിന് രൂപം നല്‍കുകയായിരുന്നു സന്ദേശവാഹകന്റെ ലക്ഷ്യമെന്നും പത്രം പറയുന്നു. എന്നാല്‍ അത് നടന്നില്ല. അതിന്റെ തുടര്‍ച്ചയായി വേണം ഫ്രാന്‍സിസ് ജോര്‍ജിന്റേയും കൂട്ടരുടേയും പിളര്‍ന്നു പോകലിനെ കാണേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു. ഉണ്ണിയാടന്റെ രാജി സ്വീകരിക്കാന്‍ വൈകിച്ചത് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രമാണെന്നും ലേഖനത്തില്‍ പറയുന്നു.
മാണിയുടെ രാജി അന്നേ ദിവസം തന്നെ സ്വീകരിച്ച മുഖ്യമന്ത്രി, ഒപ്പം രാജിവച്ച ചീഫ് വിപ്പിന്റെ രാജി പോക്കറ്റിലിട്ട് നടത്തിയത് രാഷ്ട്രീയക്കളിയാണ്. പാര്‍ട്ടി ചെയര്‍മാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട രാജിക്കത്തിന്മേല്‍ തീരുമാനമെടുക്കാന്‍ വിമുഖത കാണിച്ച ഉമ്മന്‍ചാണ്ടി കത്ത് 14 ദിവസം പോക്കറ്റിലിട്ട് നടന്നുവെന്നും കേരളാ കോണ്‍ഗ്രസ് പറയുന്നു. കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ കേരളാ കോണ്‍ഗ്രസിനെ അവഗണിച്ചുവെന്നും കുറ്റപ്പെടുത്തുന്നുണ്ട്. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ കേരളാ കോണ്‍ഗ്രസിന് ലോക്‌സഭയിലും രാജ്യസഭയിലും രണ്ട് അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍, രണ്ടംഗങ്ങളുള്ള ലീഗിന് മന്ത്രിസ്ഥാനം കൊടുത്തു, കേരളാ കോണ്‍ഗ്രസിനോട് വിവേചനം കാട്ടുകയും ചെയ്തുവെന്നും ലേഖനം പറയുന്നു.

Latest