Connect with us

National

കേരള- ബെംഗളൂരു ട്രെയിനുകള്‍ ലക്ഷ്യമാക്കി കവര്‍ച്ചാസംഘം വിഹരിക്കുന്നു

Published

|

Last Updated

ബെംഗളൂരു:കേരള- ബെംഗളൂരു ട്രെയിനുകളിലെ യാത്രക്കാരെ ലക്ഷ്യമിട്ട് വന്‍ കവര്‍ച്ചാ സംഘം വിഹരിക്കുന്നു. കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകളില്‍ ആവശ്യത്തിന് ഗാര്‍ഡുമാരും റെയില്‍വെ പോലീസും ഇല്ലാത്തതാണ് മോഷണം വര്‍ധിക്കാന്‍ കാരണം. മതിയായ ഗാര്‍ഡുമാരെയും റെയില്‍വെ പോലീസിനെയും നിയോഗിക്കാന്‍ റെയില്‍വെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ്‌വരുത്താനുള്ള നടപടികളെല്ലാം കടലാസിലൊതുങ്ങുകയാണ്. പിടിച്ചുപറിയും കവര്‍ച്ചയും അതിക്രമങ്ങളും ട്രെയിനുകളില്‍ നിത്യസംഭവങ്ങളായി മാറിയിട്ടും ഇതിനെതിരെ പോലീസ് സ്വീകരിക്കുന്ന നടപടികളെല്ലാം തീര്‍ത്തും ദുര്‍ബലമാണെന്നാണ് ആക്ഷേപം.

കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന ട്രെയിനുകളില്‍ സമീപനാളുകളില്‍ പിടിച്ചുപറിയും യാത്രക്കാരുടെ ലഗേജുകള്‍ മോഷണം പോകുന്നതും വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്ലീപ്പര്‍ ബര്‍ത്തുകളില്‍ ഉറങ്ങിയ ട്രെയിന്‍യാത്രക്കാരുടെ കീശ കീറി കൊള്ള നടത്തിയ മോഷ്ടാവിനെ യാത്രക്കാര്‍ പിടികൂടിയിരുന്നു. ബിദര്‍ സ്വദേശിയായ നാഗരാജിനെയാണ് യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. രണ്ട് ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും പണവും ഇയാളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തു. ട്രെയിനില്‍ സ്ഥിരമായി മോഷണം നടത്തിവന്നിരുന്ന ആളാണ് നാഗരാജനെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ബീദറില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബീദര്‍- യശ്വന്ത്പുരം എക്‌സ്പ്രസിലാണ് സംഭവമുണ്ടായത്.

കണ്ണൂര്‍- യശ്വന്ത്പുരം എക്‌സ്പ്രസില്‍ ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശി അരുണിന്റെ മൊബൈല്‍ മോഷണം പോയതും സമീപനാളിലാണ്. പിടികൂടാതിരിക്കാന്‍ സിംകാര്‍ഡടക്കം ട്രെയിനില്‍ തന്നെ ഉപേക്ഷിച്ച ശേഷമാണ് ഫോണ്‍ കൊണ്ടുപോയത്. ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അന്വേഷിക്കാമെന്ന മറുപടിയാണ് റെയില്‍വെ പോലീസ് നല്‍കിയത്. ഇത്തരം കേസുകളില്‍ നടപടി ഉണ്ടാകാത്തതിനാല്‍ യാത്രക്കാര്‍ പലപ്പോഴും പരാതി നല്‍കാന്‍ മടിക്കുകയാണ്.

മലയാളികളടക്കമുള്ള നിരവധി പേരുടെ വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും പണവുമടക്കം ദിവസവും മോഷണം പോകുമ്പോഴും അധികൃതര്‍ ജാഗ്രവത്തായ സമീപനം സ്വീകരിക്കാത്തത് മോഷ്ടാക്കള്‍ക്ക് പ്രോത്സാഹനമാകുകയാണ്. കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇരുപതോളം മോഷണങ്ങളാണ് നടന്നത്.

ട്രെയിനുകളിലെ മോഷണവുമായി ബന്ധപ്പെട്ട് ദിവസേന പത്ത് പരാതികളെങ്കിലും റെയില്‍വെ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിക്കുന്നുണ്ടെന്ന് ബെംഗളൂരു റെയില്‍വെ പോലീസ് പറഞ്ഞു. കേരളത്തില്‍ നിന്ന് രാവിലെ ബെംഗളൂരുവിലെത്തുന്ന ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളില്‍ ആവര്‍ത്തിക്കുന്ന മോഷണങ്ങള്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ലാപ്‌ടോപ്പ് അടങ്ങിയ ബാഗേജുകളും മൊബൈല്‍ ഫോണുകളും സ്ഥിരമായി മോഷണം പോകുന്നുണ്ട്.

പുലര്‍ച്ചെയാണ് ഭൂരിഭാഗം മോഷണങ്ങളും നടക്കുന്നത്. രാവിലെ ഉറക്കമുണരുമ്പോഴാണ് യാത്രക്കാര്‍ മിക്കവാറും മോഷണ വിവരമറിയുന്നത്. ഇതിനിടെ മോഷ്ടാക്കള്‍ പലപ്പോഴും ഇടക്കുള്ള സ്‌റ്റേഷനുകളില്‍ ഇറങ്ങി രക്ഷപ്പെടും.
കേരളത്തില്‍ നിന്ന് വരുന്ന ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളില്‍ സാധാരണ ടിക്കറ്റുകാര്‍ തള്ളിക്കയറുന്നതാണ് പലപ്പോഴും മോഷണത്തിന് വഴിയൊരുങ്ങുന്നതെന്നാണ് റെയില്‍വെ പോലീസ് പറയുന്നത്. യാത്രക്കാരോടൊപ്പം പലപ്പോഴും മോഷ്ടാക്കളും കോച്ചുകളില്‍ കയറാറുണ്ട്. ഉറങ്ങിക്കിടക്കുന്ന പലരും ഇത് ശ്രദ്ധിക്കാറില്ല. ഉറക്കമുണരുമ്പോഴും മോഷ്ടാക്കള്‍ വിലപിടിപ്പുള്ളതെല്ലാം കൊണ്ടുപോകുന്ന അവസ്ഥയാണ്.

സാധാരണ യാത്രക്കാരുടെ തള്ളിക്കയറ്റമുള്ള കൊച്ചുവേളി- ബെഗളൂരു എക്‌സ്പ്രസില്‍ മോഷണം വ്യാപകമാണ്. യശ്വന്ത്പുരം- കൊച്ചുവേളി എക്‌സ്പ്രസില്‍ മൂന്ന് മാസം മുമ്പ് യാത്രക്കാരെ കൊള്ളയടിച്ച് പണവും ആഭരണവും കവരുന്ന സംഭവമുണ്ടായിരുന്നു. എന്നിട്ടും ട്രെയിനുകളില്‍ സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.