Connect with us

Eranakulam

മുത്തൂറ്റ് നികുതി വെട്ടിപ്പ്: അന്വേഷണം വിദേശത്തേക്കും

Published

|

Last Updated

കൊച്ചി:മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പിന്റെ അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിക്കുന്നു. മുത്തൂറ്റിന്റെ വിദേശത്തെ സ്ഥാപനങ്ങളില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച ശേഷം ക്രമക്കേട് കണ്ടെത്തിയാല്‍ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുമെന്ന് ആദായനികുതി വൃത്തങ്ങള്‍ അറിയിച്ചു.

റെയ്ഡില്‍ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് മൂത്തുറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും ഉടമകളെ അടുത്ത ആഴ്ച ആദായനികുതി അന്വേഷണ വിഭാഗം ചോദ്യം ചെയ്യും. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സൂചനയുള്ള മുത്തൂറ്റിന്റെ നിരവധി അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.

മുത്തൂറ്റ് സ്ഥാപനങ്ങള്‍ വിദേശത്ത് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം വേണ്ടിവരുമെന്നാണ് ആദായ നികുതി വകുപ്പ് കരുതുന്നത്. മുത്തൂറ്റ് ഫിനാന്‍സ് ടൂറിസം കേന്ദ്രമായ മെഡിറ്ററേനിയന്‍ കടലിലെ കോര്‍സിക്ക ദ്വീപില്‍ മുത്തൂറ്റ് ഫിനാന്‍സിന് സ്വന്തമായി റിസോര്‍ട്ടുണ്ട്. വിദേശത്ത് മറ്റ് ചില ബിസിനസുകളും ഇവര്‍ നടത്തുന്നുണ്ട്. യു എ ഇയില്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് സ്വത്ത് സമ്പാദിക്കുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

വിദേശത്ത് നടത്തുന്ന ബിസിനസുകള്‍ റിസര്‍വ് ബേങ്കിന്റെ അനുമതിയോടെയാണോ എന്നും ഇതില്‍ നിന്നുള്ള വരുമാനം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. ഇതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഇതേക്കുറിച്ചുള്ള അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. മൂന്ന് ധനകാര്യ സ്ഥാപനങ്ങളുടെയും നിരവധി ബേങ്ക്് അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. പരിശോധനക്കിടെ സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുള്ള അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിട്ടുണ്ട്.

ഇതുവരെ കണ്ടെത്തിയ 350 കോടിയുടെ ക്രമക്കേടിന് പുറമേ പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധനയില്‍ വലിയ തോതിലുള്ള പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും മുത്തൂറ്റ് ഉടമകളുടെ വിശദീകരണം ലഭിച്ചാല്‍ മാത്രമേ ക്രമക്കേട് സ്ഥിരീകരിക്കാന്‍ സാധിക്കൂ.

അതേസമയം, ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ ഏതെങ്കിലും വിധത്തിലുള്ള നിയമവിരുദ്ധമായ ഇടപാടുകള്‍ കണ്ടെത്തുകയോ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെയോ, ഏതെങ്കിലും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.