റിയോയില്‍ അഞ്ചാം സ്വര്‍ണവുമായി ഫെല്‍പ്‌സ് മടങ്ങി

Posted on: August 14, 2016 11:05 am | Last updated: August 14, 2016 at 4:06 pm
SHARE

phelpsറിയോഡി ജനീറോ: ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ അഞ്ചാം സ്വര്‍ണവുമായി അമേരിക്കയുടെ ഇതിഹാസ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ് വിട വാങ്ങി. 4*100 മീറ്റര്‍ മെഡ്‌ലി നീന്തല്‍ റിലേയിലാണ് ഫെല്‍പ്‌സ് ഉള്‍പ്പെട്ട ടീം ഒളിമ്പിക്‌സ് റെക്കോഡോടെ സ്വര്‍ണം നേടിയത്. തന്റെ അവസാന ഒളിമ്പിക്‌സാണ് റിയോയിലേത് എന്ന് ഫെല്‍പ്‌സ് മുമ്പ് സൂചിപ്പിച്ചിരുന്നു. ഫെല്‍പ്‌സിനൊപ്പം റെയാന്‍ മര്‍ഫി, കോടി മില്ലര്‍. നഥാന്‍ അഡ്രിയാന്‍ എന്നിവരടങ്ങുന്ന സംഘം 3 മിനിട്ട് 27: 95 സെക്കന്‍ഡും കൊണ്ടാണ് വിജയത്തിലെത്തിയത്.

ഈ ഒളിമ്പിക്‌സിലെ അഞ്ചു സ്വര്‍ണ നേട്ടത്തോടെ ഫെല്‍പ്‌സിന്റെ സ്വര്‍ണ മെഡലുകളുടെ എണ്ണം 23 ആയി. ഇതും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ആകെ 28 മെഡലുകളാണ് ഒളിമ്പിക്‌സില്‍ ഇതുവരെ ഫെല്‍പ്‌സ് നേടിയിട്ടുള്ളത്. അമേരിക്കയ്ക്കായി അഞ്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ നീന്തല്‍ താരമാണ് ഫെല്‍പ്‌സ്.

16 വര്‍ഷം നീണ്ടു നിന്ന നീന്തല്‍ കരിയറില്‍ 39 റെക്കാഡുകള്‍ ഫെല്‍പ്സ് നേടി. 2000ല്‍  നടന്ന ഒളിമ്പിക്‌സിലായിരുന്നു ഫെല്‍പ്‌സിന്റെ അരങ്ങേറ്റം. 200 മീറ്റര്‍ മെഡ്‌ലിയില്‍ തുടരെ നാലു തവണ ഫെല്‍പ്‌സ് സ്വര്‍ണം കരസ്ഥമാക്കി.
2012 ലണ്ടന്‍ ഒളിമ്പിക്‌സിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 2014ല്‍ തീരുമാനം മാറ്റിയ ഫെല്‍പ്‌സ് മടങ്ങിയെത്തുകയായിരുന്നു. വിരമിക്കാനുള്ള ഇപ്പോഴത്തെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഫെല്‍പ്‌സ് വ്യക്തമാക്കിയിട്ടുണ്ട്
മെഡ്‌ലി നീന്തല്‍ റിലെയില്‍ അമേരിക്കന്‍ സംഘം സ്വര്‍ണം കരസ്ഥമാക്കിയതോടെ 23-ാം ഒളിമ്പിക്‌സ് സ്വര്‍ണ്ണമാണ് ഫെല്‍പ്‌സിന്റെ ‘ അക്കൗണ്ടണ്ടിലേക്ക് വന്നെത്തിയിരിക്കുന്നത്.