Connect with us

National

ഇറോമിന്റെ സമരമേറ്റെടുത്ത് റോബിത ലെയ്മ

Published

|

Last Updated

ഇംഫാല്‍: സൈന്യത്തിന് സവിശേഷാധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷം നിരാഹാരസമരം നടത്തിയ ഇറോം ശര്‍മിള അവസാനിപ്പിച്ചിടത്ത് നിന്ന് മറ്റൊരു മണിപ്പൂരി ഉയര്‍ന്നുവരുന്നു. രണ്ട് കുട്ടികളുടെ മാതാവായ റോബിത ലെയ്മ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇന്നലെ മുതല്‍ അനിശ്ചിത കാല നിരാഹാരം തുടങ്ങി. ഇറോം ശര്‍മ്മിളയോട് ആദരവുണ്ടെന്നും അവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ദൗത്യം ഏറ്റെടുക്കാനാണ് തന്റെ ശ്രമമെന്നും റോബിത വിശദീകരിച്ചു. രാവിലെ 10ന് ഇംഫാലിലെ കമ്മ്യൂണിറ്റി ഹാളിലായിരുന്നു സമരത്തിന് തുടക്കമിട്ടത്. അഫ്‌സ്പ പിന്‍വലിക്കുന്നതോടൊപ്പം ഇന്നര്‍ ലൈന്‍ പര്‍മിറ്റ് (ഐ എല്‍ പി) സമ്പ്രദായം നടപ്പാക്കണമെന്നും റോബിത ആവശ്യപ്പെടുന്നുണ്ട്.

റോബിതയുടെ തീരുമാനം പിന്‍വലിക്കണമെന്നും എടുത്ത തീരുമാനം പുനഃപരിശോധിച്ച് മുന്നോട്ട് പോകണമെന്നും നിരവധി വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പത്തും നാലും വയസ്സുള്ള മക്കളെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം. എന്നാല്‍, ഇതിനോട് വഴങ്ങാന്‍ അവര്‍ തയ്യാറായില്ല. അതേസമയം, നിരാഹാര സമരം അവസാനിപ്പിച്ച ഇറോം ശര്‍മിളയെ ആം ആദ്മി പാര്‍ട്ടിയിലേക്ക് നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ അംഗമായാല്‍ അവരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും എ എ പി അറിയിച്ചിരുന്നു. മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇറോം ശര്‍മ്മിളയെ കാണാനെത്തുന്നുണ്ട്.

Latest