നവമാധ്യമ അശ്ലീലത്തിനെതിരെ രാഷ്ട്രപതിയുടെ മകള്‍

Posted on: August 14, 2016 12:14 am | Last updated: August 14, 2016 at 12:14 am

sharmishtaകൊല്‍ക്കത്ത: ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചയാള്‍ക്കെതിരെ രാഷ്ട്രപതിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠാ മുഖര്‍ജി രംഗത്തെത്തി. തനിക്ക് അശ്ലീല സന്ദേശമയച്ചയാളുടെ പേര് വിവരം ഫേസ്ബുക്കില്‍ത്തന്നെ പ്രചരിപ്പിച്ചാണ് അവര്‍ തിരിച്ചടിച്ചത്. പാര്‍ഥാ മണ്ഡല്‍ എന്ന് പേരുള്ളയാളാണ് അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ ശര്‍മിഷ്ഠക്ക് അയച്ചത്. അത്തരം സന്ദേശങ്ങള്‍ സ്‌ക്രീന്‍ഷോട്ടെടുക്കുകയും വിശദീകരണം സഹിതം ഫേസ്ബുക്കില്‍ത്തന്നെ പോസ്റ്റ് ചെയ്യുകയുമായിരുന്നു ശര്‍മിഷ്ഠ.

ഈ പാര്‍ഥ മണ്ഡലാണ് തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചത്. ഇയാളെ അവഗണിക്കുകയും ബ്ലോക്ക് ചെയ്യുകയുമാണ് ഞാന്‍ ആദ്യം ചെയ്തത്. പിന്നെ തോന്നി ഇത്തരം ചെയ്തികള്‍ക്കെതിരെ നിശ്ശബ്ദത തുടര്‍ന്നാല്‍ ഇതുപോലുള്ള മനോരോഗികള്‍ക്ക് പ്രചോദനമാകുമെന്നും എനിക്ക് തോന്നി. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് പോസ്റ്റ് ചെയ്യുന്നതെന്നും പറഞ്ഞുകൊണ്ടാണ് പാര്‍ഥയുടെ അശ്ലീല സന്ദേശങ്ങള്‍ അടക്കം ശര്‍മിഷ്ഠ മുഖര്‍ജി പ്രചരിപ്പിച്ചത്. സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.