Connect with us

Editorial

ഉദ്യാന നഗരിയില്‍

Published

|

Last Updated

സിറാജ് ദിനപത്രം അതിന്റെ പ്രയാണത്തില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പ് കൂടി നടത്തുകയാണ്. പത്രത്തിന്റെ എട്ടാമത് എഡിഷന്‍ ബെംഗളൂരുവില്‍ നിന്ന് ഇന്ന് പുറത്തിറങ്ങുന്നു. ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ പിറവിയില്‍ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്ന സമ്മാനം. പൂന്തോട്ട നഗരമെന്ന് വിശേഷിപ്പിക്കുന്ന ബെംഗളൂരുവിന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ മലയാളികള്‍ അനിഷേധ്യമായ സാന്നിധ്യമാണ്. തൊഴില്‍, സംരംഭകത്വം, വ്യാപാരം തുടങ്ങി സര്‍വ തുറകളിലും മലയാളികള്‍ അവരുടെ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നു. ഈ മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും തന്നെയാണ് സിറാജിന് ഈ ചുവടുവെക്കാന്‍ ആത്മവിശ്വാസം നല്‍കുന്നത്. കന്നഡക്കാരും മലയാളികളും തമിഴരും തെലുങ്കരും ഒന്നിച്ചു കഴിയുന്ന മഹാനഗരിയില്‍, മഹത്വത്തിന് മാറ്റുകൂട്ടുന്ന വൈജ്ഞാനിക സാങ്കേതിക ശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ടുകളും ഐ ടി സെന്ററുകളും വ്യവസായശാലകളും തലയുയര്‍ത്തി നില്‍ക്കുന്നു. ദ്രുതഗതിയില്‍ വളരുന്ന നഗരിയുടെ ചടുലതാളങ്ങള്‍ക്ക് അടിതെറ്റാതെ മുന്നേറാന്‍ വെളിച്ചം കാണിച്ചുകൊണ്ട് ഇനി സിറാജുണ്ടാകും.

മാധ്യമരംഗം ഏറെ വളര്‍ന്നിട്ടുണ്ട്. അച്ചടി മാധ്യമങ്ങളുടെ കൈപ്പിടിയിലായിരുന്ന ഈ മേഖലയില്‍ ദൃശ്യമാധ്യമങ്ങളും ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങിയവ വന്‍ മുന്നേറ്റം നടത്തിക്കഴിഞ്ഞു. വികാസത്തിന്റെ ഉത്തുംഗത്തില്‍ നില്‍ക്കുമ്പോഴും ഈ രംഗത്ത് ധാര്‍മികത പടുകുഴിയിലാണെന്ന് പറയാതെ വയ്യ. ലോകത്തെ മിക്ക മാധ്യമങ്ങളും വന്‍കിട കോര്‍പറേറ്റ് മുതലാളിമാരുടെ ഉടമസ്ഥതയിലാണ്. മറ്റു പലവിധ കച്ചവടങ്ങളില്‍ ഒന്ന് മാത്രമാണ് അവര്‍ക്ക് മാധ്യമ പ്രവര്‍ത്തനം. വാര്‍ത്തകള്‍ പൊലിപ്പും തൊങ്ങലും വെച്ചോ, അര്‍ധ സത്യങ്ങള്‍ കലര്‍ത്തിയോ സെന്‍സേഷന്‍ സൃഷ്ടിച്ച് സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നതിലൂടെ പരമാവധി ലാഭം കൊയ്യുക എന്നതിലുപരി സാമൂഹിക പ്രതിബദ്ധത ഇത്തരം പത്രങ്ങള്‍ക്ക് ഒട്ടുമില്ല.

ഇവിടെയാണ് സിറാജ് വേറിട്ടു നില്‍ക്കുന്നത്. സിറാജ് എന്ന അറബി വാക്കിനര്‍ഥം വിളക്ക് എന്നാണ്. ഇരുട്ടകറ്റുക എന്നതാണ് അതിന്റെ ദൗത്യം. അതുകൊണ്ട് സത്യത്തിന്റെ സമ്പൂര്‍ണ സമര്‍പ്പണത്തിനാണ് ഈ പത്രം ശ്രമിക്കുന്നത്. മഹാപണ്ഡിതന്‍മാര്‍ കാണിച്ച വഴിയിലൂടെയാണ് അത് സഞ്ചരിക്കുന്നത്. ആധികാരിക പണ്ഡിത സഭയും അതിന്റെ പോഷക സംഘടനകളുമാണ് പത്രത്തെ നയിക്കുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇടര്‍ച്ചകളേതുമില്ല. അന്യന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാതെ, അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതെ തികച്ചും മാന്യവും ഋജുവുമായ മാര്‍ഗത്തിലൂടെയാണ് സിറാജിന്റെ പ്രയാണം. സിറാജിന് സവിശേഷമായ ആശയവും ആദര്‍ശവുമുണ്ടെങ്കിലും അന്ധമായ പക്ഷപാതിത്വമില്ല. വിവിധ സമൂദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുകയും പരസ്പര വിശ്വാസം നഷ്ടമാകുകയും ചെയ്ത നിലവിലെ ചുറ്റുപാടില്‍ സൗഹാര്‍ദവും സഹിഷണുതാ മനോഭാവവും വളര്‍ത്തിയെടുക്കുന്നതില്‍ സിറാജ് പ്രതിജ്ഞാബദ്ധമാണ്.
ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിയായി ഇന്ന് ഭീകരവാദം മാറിക്കഴിഞ്ഞിട്ടുണ്ട്. മതത്തിന്റെ സംജ്ഞകളും ചിഹ്നങ്ങളുമാണ് ഇത്തരക്കാര്‍ ദുരുപയോഗം ചെയ്യുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെ എക്കാലത്തും ശക്തമായ നിലപാടെടുത്തത് പരമ്പരാഗത മുസ്‌ലിംകളാണ്. മതപരമായ വ്യതിചലനങ്ങള്‍ക്കെതിരെ പരമ്പരാഗത പണ്ഡിതന്‍മാര്‍ നടത്തിയ ചെറുത്തുനില്‍പ്പ് സത്യത്തില്‍ തീവ്രവാദമടക്കമുള്ള ദുഷ്പ്രവണതകള്‍ക്കെതിരെ കൂടിയായിരുന്നു. എല്ലാതരം തീവ്ര മനോഭാവങ്ങളെയും തുറന്നുകാട്ടാനും മുന്നറിയിപ്പ് നല്‍കാനും വാര്‍ത്തകള്‍ക്ക് പിന്നിലെ യഥാര്‍ഥ്യം വിശകലനം ചെയ്യാനും ഈ താളുകള്‍ ജാഗ്രതാപൂര്‍വം നിലകൊള്ളും.
നിങ്ങള്‍ ഓരോരുത്തരുടെയും സജീവമായ വായനയും സ്‌നേഹപൂര്‍ണമായ പിന്തുണയും ആരോഗ്യകരമായ വിമര്‍ശവും ഈ പുതിയ കാല്‍വെപ്പിന്റെ സുമൂഹൂര്‍ത്തത്തില്‍ ആവശ്യപ്പെട്ടു കൊള്ളട്ടെ.
പ്രാര്‍ഥനാ പൂര്‍വം
എന്‍ അലി അബ്ദുല്ല
(മാനേജിംഗ് എഡിറ്റര്‍)

Latest