Connect with us

National

സിറാജ് ബെംഗളുരു എഡിഷന്‍ ഉദ്യാന നഗരി ഏറ്റുവാങ്ങി

Published

|

Last Updated

സിറാജ് ബംഗളൂരു എഡിഷന്‍ പ്രകാശനം നിര്‍വഹിച്ച ശേഷം കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി യുടി ഖാദര്‍ സംസാരിക്കുന്നു.

സിറാജ് ബംഗളൂരു എഡിഷന്‍ പ്രകാശനം നിര്‍വഹിച്ച ശേഷം കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി യുടി ഖാദര്‍ സംസാരിക്കുന്നു.

ബെംഗളൂരു: പ്രൗഢമായ സദസിനെ സാക്ഷി നിര്‍ത്തി സിറാജ് ദിനപത്രത്തിന്റെ എട്ടാമത് എഡിഷന്‍ ഉദ്യാനനഗരിയായ ബെംഗളൂരുവില്‍ പ്രകാശിതമായി. ഇനിയുള്ള നാളുകളില്‍ സിറാജിന്റെ അക്ഷര വെളിച്ചം കര്‍ണാടകയെയും ദീപ്തമാക്കും.
ഇന്നലെ രാവിലെ ബെംഗളൂരു കബണ്‍പാര്‍ക്കിലെ എന്‍ ജി ഒ ഹാളില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി യു ടി ഖാദറാണ് ബെംഗളൂരു എഡിഷന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. മുന്‍ ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചതോടെ പ്രവര്‍ത്തകരില്‍ ആവേശം അലതല്ലി. വി പി എം ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
അഖിലേന്ത്യാ സുന്നി ജം- ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എഡിഷന്‍ പ്രകാശന ചടങ്ങിന്റെ ഭാഗമായി പുറപ്പെടുവിച്ച സന്ദേശം ചടങ്ങില്‍ അവതരിപ്പിച്ചു.

സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. മാനേജിംഗ് ഡയരക്ടര്‍ പ്രൊഫ. എ കെ അബ്ദുല്‍ഹമീദ് അധ്യക്ഷത വഹച്ചു. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി എം ഇബ്‌റാഹിം, മുന്‍മന്ത്രി ജെ അലക്‌സാണ്ടര്‍, ജുമാമസ്ജിദ് ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ അന്‍വര്‍ ഷെറീഫ്, സിറാജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ കോ- ഓര്‍ഡിനേറ്റര്‍ മജീദ് കക്കാട്, എഡിറ്റര്‍ വി പി എം ഫൈസി, ഖത്തര്‍ സിറാജ് ഡയരക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍കരീം ഹാജി, അഡ്വ. ഉസ്മാന്‍, ഡോ. ഖലീലുല്‍ റഹ്മാന്‍, അഡ്വ. ഷാഹുല്‍ ഹമീദ് കര്‍ണാടക വഖഫ് ബോര്‍ഡ് ഡയരക്ടര്‍ എന്‍ കെ ഷാഫി സഅദി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സിറാജ് ബെംഗളൂരു ചെയര്‍മാന്‍ എസ് എസ് എ ഖാദര്‍ ഹാജി സ്വാഗതവും കണ്‍വീനര്‍ അബ്ദുറഊഫ് എന്‍ജിനീയര്‍ നന്ദിയും പറഞ്ഞു. വിവിധ മത്സര പരീക്ഷകളില്‍ വിദയികളായവര്‍ക്ക് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി എം ഇബ്‌റാഹിം സ്വര്‍ണമെഡലുകള്‍ സമ്മാനിച്ചു. വിശിഷാതിഥികളെ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്.

ഇന്ത്യയില്‍ കേരളത്തിന് പുറത്ത് ആരംഭിച്ച ആദ്യത്തെ എഡിഷനാണ് ബെംഗളൂരുവിലേത്. കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, വിദേശത്ത് ദുൈബ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലാണ് സിറാജിന് ഇപ്പോള്‍ എഡിഷനുകളുള്ളത്. എട്ടാമത്തെ എഡിഷനാണ് ബെംഗളൂരുവില്‍ പ്രകാശിതമായത്. ബെംഗളൂരുവിന്റെ വാര്‍ത്താ നേരങ്ങളിലേക്ക് മലയാളികളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നതായിരുന്നു പ്രകാശന ചടങ്ങ്. ബെംഗളൂരുവിലെ മലയാളീ സമൂഹവും സുന്നി പ്രസ്ഥാനിക കുടുംബവും വര്‍ധിച്ച ആവേശത്തോടെയാണ് സിറാജിന്റെ എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ ആദ്യാന്തം പങ്കാളികളായത്.