നാദാപുരം കൊലപാതകം; സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന്  പി കെ കുഞ്ഞാലിക്കുട്ടി

Posted on: August 13, 2016 6:18 pm | Last updated: August 13, 2016 at 6:18 pm

തിരുവനന്തപുരം: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം വെട്ടേറ്റു മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംഭവത്തിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് . നാദാപുരത്ത് സമാധാന ശ്രമങ്ങള്‍ക്ക് മുസ്ലീം ലീഗിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സിപിഎം അറിയാതെ അക്രമം നടന്നെന്ന് പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വെള്ളിയാഴ്ച് വൈകിട്ട് 5.10ഓടെയായിരുന്നു അസ്‌ലം വെട്ടേറ്റു മരിച്ചത്. സുഹൃത്തായ പുളിയാവ് സ്വദേശി ഷാഫിയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇന്നോവയിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

അസ്‌ലം വധക്കേസിനെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ അറിയിച്ചിരുന്നു. നാദാപുരം എഎസ്പി കറുപ്പസ്വാമിയുടെ നേതൃത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുകയെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചടയന്‍കണ്ടി ഷിബിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ കോടതി വിട്ടയച്ച പ്രതിയാണ് അസ്‌ലം.