നഗരശുചിത്വം; ഷാര്‍ജ ഭരണാധികാരികള്‍ക്ക് കേരള ധനമന്ത്രി തോമസ് ഐസകിന്റെ പ്രശംസ

Posted on: August 13, 2016 2:13 pm | Last updated: August 13, 2016 at 2:13 pm

thomas isacഷാര്‍ജ: നഗര ശുചിത്വത്തിന് പ്രാധാന്യം കല്‍പിക്കുന്ന ഷാര്‍ജ ഭരണാധികാരികള്‍ക്ക് കേരള ധന മന്ത്രി ടി എം തോമസ് ഐസകിന്റെ പ്രശംസ. ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പിലൂടെയാണ് പ്രശംസ ചൊരിഞ്ഞത്. ഷാര്‍ജ കോര്‍ണിഷിന്റെ മനോഹരമായ ചിത്രങ്ങളും കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.
മന്ത്രിയുടെ കുറിപ്പില്‍ നിന്ന്: അനുജന്‍ ആന്റണിയുടെ ഫഌറ്റ് ഷാര്‍ജ കോര്‍ണിഷിലാണ്. ബാല്‍കണിയില്‍ നിന്നാല്‍ വിശാലമായ ഈന്തപ്പന പാര്‍ക്കും ഉള്‍ക്കടലിനപ്പുറം പടിഞ്ഞാറേ തീരത്തുള്ള അംബര ചുംബികളുടെ നീണ്ട നിരയും കാണാം. ആറേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചക്രവാളത്തില്‍ ഏതാനും ഉയരന്‍ കെട്ടിടങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇനി പുതിയവ പണിയാന്‍ സ്ഥലം ബാക്കിയില്ല. ആറേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ബാല്‍കണിയില്‍ നിന്ന് നോക്കിയപ്പോള്‍ ഞാന്‍ കണ്ട കൗതുക കാഴ്ച ഏതാനും ശുചീകരണ തൊഴിലാളികള്‍ നിരയായി നടന്നു നീങ്ങി പാര്‍കില്‍ തലേന്ന് സന്ദര്‍ശകര്‍ ഉപേക്ഷിച്ചു പോയ കടലാസും കുപ്പികളും പ്ലാസ്റ്റിക് കവറുകളും വാക്കിംഗ് സ്റ്റിക്ക് പോലുള്ള ഒരു വടി കൊണ്ട് പെറുക്കിയെടുത്ത് സഞ്ചിയില്‍ നിക്ഷേപിക്കുന്നതാണ്. അന്ന് ഞാന്‍ ഇത്തരം ചവറുപെറുക്കി ഉപകരണങ്ങളുടെ രണ്ടു പെട്ടി ഓര്‍ഡര്‍ ചെയ്തിട്ടാണ് തിരിച്ചു പോന്നത്. പക്ഷേ മുന്‍സിപ്പല്‍ ജീവനക്കാര്‍ ഉപയോഗിച്ച ഉറപ്പുള്ള ഉപകരണങ്ങള്‍ക്ക് പകരം താരതമ്യേന ദുര്‍ബലമായ ഉപകരണങ്ങളാണ് നാട്ടില്‍ കിട്ടിയത്. അതുകൊണ്ട് ആലപ്പുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രാവശ്യം മാത്രമേ അതുപയോഗിച്ചുള്ളൂ. ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒരു പെട്ടി ഇപ്പോഴും എന്റെ കൈയില്‍ ബാക്കിയുണ്ട്.
ഇത്തവണ എനിക്ക് ഏറെ നേരം കാത്തിരുന്നിട്ടും മുനിസിപ്പല്‍ ശുചീകരണ തൊഴിലാളികളുടെ നിരയെ കാണാന്‍ കഴിഞ്ഞില്ല, പകരം പാര്‍കിന്റെ വിവിധ ഭാഗങ്ങളിലും പാതയോരങ്ങളിലും നീണ്ട പെട്ടി പോലത്തെ ചവറുബിന്നുകള്‍ ആണ് കാണാന്‍ കഴിഞ്ഞത്. പെട്ടിയെ മൂന്നായി വിഭജിച്ചിരിക്കുന്നു. കടലാസ്, പ്ലാസ്റ്റിക്, കുപ്പി മാലിന്യങ്ങള്‍. ജനങ്ങള്‍ അവരുടെ മാലിന്യം റോഡിലോ പാര്‍ക്കിലോ ഇടാതെ ബിന്നുകളില്‍ വേര്‍തിരിച്ച് നിക്ഷേപിക്കണം. ബിന്‍ നിറഞ്ഞു കഴിയുമ്പോള്‍ ഓട്ടോമാറ്റിക്ക് ആയി സന്ദേശം മുനിസിപ്പല്‍ ശുചീകരണ കമ്പനിയിലേക്ക് (‘ബീഹ്’) പോകും. വണ്ടി വന്നു മാലിന്യം നീക്കം ചെയ്യും. എല്ലാവരും ഈ ചിട്ട പാലിക്കുന്നുണ്ടെന്നു പറയാന്‍ കഴിയില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ പെറുക്കി മാറ്റുന്ന ഒരു ശുചീകരണ തൊഴിലാളിയെ കണ്ടുമുട്ടാന്‍ കഴിഞ്ഞു. പക്ഷേ പൊതുവില്‍ ജനങ്ങളുടെ ശീലം മാറിയിട്ടുണ്ട്.
ശുചീകരണ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവ കലാ സാഹിതി പ്രവര്‍ത്തകന്‍ സുനില്‍ രാജിനെ നടത്തത്തിനിടെ കണ്ടു മുട്ടി. മാലിന്യം എന്ത് ചെയ്യുന്നു? കമ്പനിയില്‍ യന്ത്രം ഉപയോഗിച്ച് കൂടുതല്‍ വേര്‍തിരിക്കുന്നു. പിന്നെ അവ റീ സൈക്കിള്‍ ചെയ്യാന്‍ കൊടുക്കുന്നു. ജൈവം കമ്പോസ്റ്റിങ്ങിന്, തടി പൊടിച്ച് ബോര്‍ഡുകള്‍ ഉണ്ടാക്കാന്‍, ടയര്‍ പേവര്‍ ടൈലുകള്‍ ഉണ്ടാക്കാന്‍, പ്ലാസ്റ്റിക്ക് ഗ്രാന്യൂളുകള്‍ ആക്കാന്‍ എന്നിങ്ങനെ. സമയക്കുറവ് മൂലം കമ്പനി സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഇത്ര ഫലപ്രദമായ റീസൈക്ലിംഗ് സംവിധാനം ഉള്ളപ്പോള്‍ എന്തിന് മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലുള്ള വലിയ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ പോവണം എന്ന ചോദ്യം മനസ്സില്‍ ബാക്കിയായി.
മികച്ച പ്രതികരണം ആണ് വായനക്കാരില്‍ നിന്ന് മന്ത്രിയുടെ കുറിപ്പിന് ലഭിക്കുന്നത്. നാട്ടില്‍ ഇതൊക്കെ നടപ്പാക്കണം എന്ന ഉപദേശവും കൂട്ടത്തിലുണ്ട്.