ലഗേജില്‍ മയക്കുമരുന്നുണ്ടെന്നറിയാതെ…

Posted on: August 13, 2016 1:57 pm | Last updated: August 19, 2016 at 9:26 pm

gulf kaazchaമലബാറില്‍ മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചുവരികയാണ്. പിടികൂടപ്പെടുന്നവയില്‍ ഏറെയും ഗള്‍ഫ് നഗരങ്ങള്‍ ലക്ഷ്യം വെച്ചുള്ളത്. അതുകൊണ്ടുതന്നെ, കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളില്‍ ഗള്‍ഫിലേക്കുള്ള ലഗേജുകളുടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ലഹരി കടത്തുകാര്‍ പല അടവുകളും പയറ്റുന്നു. നിരപരാധികളാണ് പലപ്പോഴും കുടുങ്ങിപ്പോകുന്നത്. ഗള്‍ഫിലെ ഉറ്റവരെ ഏല്‍പ്പിക്കാനുള്ള ‘പൊതി’ എന്ന വ്യാജേന, വസ്ത്രങ്ങള്‍ക്കുള്ളിലോ ഭക്ഷ്യവസ്തുക്കള്‍ക്കുള്ളിലോ ഒളിപ്പിച്ചാണ് ലഹരി വസ്തു കൈമാറുന്നത്. ഈയിടെ ബഹ്‌റൈനിലേക്ക് പോകാനിരുന്ന തളങ്കര കുന്നിലെ അബ്ദുര്‍റസാഖ് വഞ്ചിക്കപ്പെട്ടു. വസ്ത്രവും കുറച്ച് പൈസയുമാണെന്നും ബഹ്‌റൈനിലുള്ള അറഫാത്തിന് നല്‍കണമെന്നും പറഞ്ഞ്, റസാഖിന്റെ കൈ വശം പൊതി ഏല്‍പിക്കുകയായിരുന്നു. തുറന്നു നോക്കിയപ്പോള്‍ രണ്ട് ഷര്‍ട്ടും രണ്ട് പാന്റ്‌സും രണ്ടായിരം രൂപയുമടങ്ങിയ പൊതിക്കുള്ളില്‍ ചരസ് കണ്ടെത്തി. തളങ്കരയിലെ ബാവ ഹബീബ് (38) എന്ന സിനിമാ നടനെതിരെ റസാഖ് പോലീസില്‍ പരാതിപ്പെട്ടു. ബാവ ഹബീബിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊതി തുറന്നുനോക്കിയില്ലായിരുന്നുവെങ്കില്‍, ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടുകയും റസാഖിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്‌തേനെ.
കഴിഞ്ഞ മാസം ഒരു ഗള്‍ഫ് നഗരത്തിലേക്ക് കടത്താന്‍ ശ്രമിച്ച 6.8 കിലോ കഞ്ചാവ് മംഗലാപുരം വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി റിയാസിനെ (26) അറസ്റ്റ് ചെയ്തു. ലഗേജിനുള്ളില്‍ മൂന്ന് പ്ലാസ്റ്റിക് കവറിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സംശയം തോന്നി, ലഗേജ് അഴിപ്പിച്ച് വിശദ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കാസര്‍കോട് ബേക്കല്‍ സ്വദേശിയായ സുഹൃത്ത് തന്നുവിട്ടതാണെന്നും പൊതിയില്‍ കഞ്ചാവാണെന്ന് അറിഞ്ഞില്ലെന്നും പ്രതിയുടെ മൊഴി. ഇത്രയധികം കഞ്ചാവ് എവിടെ നിന്ന് എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം തുടരുന്നു.
മലബാറിലേക്ക് മുംബൈയില്‍ നിന്നും മറ്റും വന്‍തോതില്‍ മയക്കുമരുന്ന് എത്തുന്നുവെന്നാണ് കണ്ടെത്തല്‍. യുവാക്കളില്‍ പലരും മയക്കുമരുന്നിന് അടിമകളോ കടത്തുകാരോ ആയി മാറിയിട്ടുണ്ട്. കഞ്ചാവ് ഗള്‍ഫിലെത്തിക്കാന്‍ കൂട്ടുനിന്നാല്‍ കൈ നിറയെ പണം ലഭിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ഗള്‍ഫിലേക്ക് പോകുന്നവരുടെ കൈയില്‍ ഉറ്റവര്‍ക്ക് ഭക്ഷണങ്ങളും വസ്ത്രങ്ങളും കൊടുത്തുവിടുന്ന സമ്പ്രദായം കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. ഈ സ്‌നേഹ പ്രകടനത്തെയാണ് കള്ളക്കടത്തുകാര്‍ ചൂഷണം ചെയ്യുന്നത്. പാകം ചെയ്ത ഇറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് പൊതിഞ്ഞു നല്‍കിയ എത്രയോ സംഭവങ്ങള്‍ സമീപകാലത്തായി പുറത്തുവന്നു. ഗള്‍ഫിലേക്ക് യാത്ര തിരിക്കാനൊരുങ്ങുന്നവര്‍ക്ക്, പൊതി വാങ്ങാന്‍ ഇപ്പോള്‍ ഭയമാണ്.
പണ്ടുകാലത്ത്, കൊറിയര്‍ സര്‍വീസുകള്‍ സങ്കല്‍പം മാത്രമായിരുന്ന കാലത്ത്, ചെറിയ പൊതികള്‍ ആളുകളുടെ കൈയില്‍ കൊടുത്തുവിടുകയും ഗള്‍ഫില്‍ അവ ലഭിക്കുന്നവര്‍ ഏറെ ആഹ്ലാദിക്കുകയും ചെയ്യാറുണ്ടായിരുന്നു. ടെലിഫോണ്‍ ബന്ധം വ്യാപകമായി ഇല്ലാതിരുന്നപ്പോള്‍ ഒരു ‘കെട്ട്’ കത്തുകളോ, ഓഡിയോ കാസറ്റുകളോ മിക്ക യാത്രക്കാരുടെ ലഗേജില്‍ ഉണ്ടാകും. ഇവ കൊണ്ടുപോകുന്നയാളെ വഞ്ചിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ആ വിശ്വാസം പതിറ്റാണ്ടുകളായി തുടര്‍ന്നു. അതിന്റെ നിഷ്‌കളങ്ക സാധ്യതയെയാണ്, ലഹരി കടത്തുകാര്‍ നശിപ്പിക്കുന്നത്. സ്വന്തക്കാര്‍ ആയാല്‍ പോലും പൊതി നല്‍കിയാല്‍ സ്വീകരിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
മയക്കുമരുന്ന് കടത്തിനെതിരെ കര്‍ശന നടപടിയാണ് ഗള്‍ഫ് ഭരണകൂടങ്ങള്‍ സ്വീകരിക്കുന്നത്. ഒരു നുള്ള് കഞ്ചാവ് കണ്ടെത്തിയാല്‍ പോലും വധശിക്ഷ ലഭിച്ചേക്കാം. ഹെറോയിന്‍ പോലുള്ള മാരക മയക്കുമരുന്നാണെങ്കില്‍ പറയുകയേ വേണ്ട. കഴിഞ്ഞ മാസമാണ് ദമാം കോടതി രണ്ട് മലയാളികളെ വധശിക്ഷക്ക് വിധിച്ചത്. മലപ്പുറത്തെ ഹംസ അബൂബക്കര്‍ (48), കോഴിക്കോട്ടെ ശൈഖ് മസ്താന്‍ (42) എന്നിവരാണവര്‍. മൂന്നു വര്‍ഷം മുമ്പ് മുംബൈയില്‍നിന്ന് ഇന്ത്യന്‍ വിമാനത്തില്‍ ദമാമില്‍ ഇറങ്ങിയപ്പോഴാണ് ഹംസ പിടിയിലായത്. മലപ്പുറത്ത് നിന്നുള്ള ഒരാളാണ് ഹെറോയിന്‍ തന്നു വിട്ടതെന്നും റിയാദിലുള്ള ശൈഖ് മസ്താനെ ഏല്‍പിക്കാനായിരുന്നു നിര്‍ദേശമെന്നും ഹംസ പോലീസിന് മൊഴി നല്‍കി.
ചാവക്കാട്ടുകാരനായ ഹംസ മലപ്പുറത്ത് കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സാമ്പത്തികമായി രക്ഷപ്പെടാന്‍ ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിച്ച ഹംസയെ ചതിക്കുകയായിരുന്നുവെന്നാണ് മനസിലാകുന്നത്. കേരളത്തിലും മുംബൈയിലുമായി വ്യാപിച്ച് കിടക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയില്‍ ഹംസ കുടുംങ്ങിപ്പോയതായിരിക്കണം.
പത്തു വര്‍ഷത്തിനിടയില്‍ 32 കേരളീയര്‍ സഊദി അറേബ്യയില്‍ വധശിക്ഷക്ക് വിധേയമായി. ഏറെയും മയക്കുമരുന്ന് കടത്ത് കേസിലാണ്. ഇതില്‍ നിരപരാധികളും ഉണ്ടാകും. സ്വയമറിയാതെ ‘കാരിയര്‍’ ആയതിനുള്ള ശിക്ഷ.
അഫ്ഗാനിസ്ഥാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്താറുണ്ടായിരുന്നു. ആധുനിക സജ്ജീകരണങ്ങളുമായി കസ്റ്റംസ് കര്‍ശന നിരീക്ഷണം തുടങ്ങിയതോടെ വരവ് കുറഞ്ഞു. മയക്കുമരുന്ന് കടത്തുകാര്‍ പുതിയ വഴികള്‍ തേടുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങളെ പരീക്ഷണ സ്ഥലമായി കാണുന്നുവോയെന്നാണ് സംശയം. കേരളത്തില്‍നിന്ന് ധാരാളം ആളുകള്‍ ഗള്‍ഫ് നഗരങ്ങളില്‍ ദിനേന എത്തുന്നതിനാല്‍, ലക്ഷ്യം മലയാളികളുമാണ്. ആ നിലയില്‍ കടുത്ത ജാഗ്രത ആവശ്യമാണ്.
കഴിഞ്ഞ ദിവസം കാസര്‍കോട് ഉപ്പളയില്‍ രണ്ട് കിലോ കഞ്ചാവുമായി പത്വാടി ഇബ്‌റാഹീം (49) അറസ്റ്റിലായി. ഇയാള്‍ കൊലക്കേസ് പ്രതിയും കഞ്ചാവ് വിതരണ സംഘത്തിലും പ്രധാന കണ്ണിയുമാണ്. ഇത്തരക്കാരെ വ്യാപകമായി പോലീസ് പിടികൂടിയാല്‍ മാത്രമേ ഗള്‍ഫ് യാത്രക്കാര്‍ക്ക് സമാധാനമുണ്ടാവുകയുള്ളൂ.