തൊഴിലാളികളുടെ പ്രശ്‌നം വിദേശകാര്യ മന്ത്രിയെ അറിയിക്കും

Posted on: August 13, 2016 1:52 pm | Last updated: August 13, 2016 at 1:52 pm
SHARE

abudhabiഅബുദാബി: അബുദാബി മുസഫ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികളുടെ ദുരിത ജീവിതം ഇന്ത്യന്‍ വിദേശ കാര്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്ന് ഐ പി എഫ് (ഇന്ത്യന്‍ പീപ്പിള്‍ ഫോറം അബുദാബി ചാപ്റ്റര്‍) കമ്മിറ്റി ഭാരവാഹികള്‍ തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.
സിറാജില്‍ വന്ന തൊഴിലാളികളുടെ ദുരിത ജീവിത വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളികളെ സന്ദര്‍ശിച്ചാണ് ഭാരവാഹികളായ പ്രസിഡന്റ് ഹരികുമാറും സെക്രട്ടറി അജികുമാര്‍, കിഷോര്‍ കുമാര്‍ എന്നിവര്‍ ഉറപ്പ് നല്‍കിയത്. യു എ ഇ യിലെ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ സഹായങ്ങള്‍ നല്‍കും. കൂടാതെ യു എ ഇ യില്‍ ജോലിയില്‍ തുടരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ ജോലിയും നിയമ സഹായങ്ങളും വാഗ്ദാനം ചെയ്തു. മുസഫ്ഫ ഐകാഡ് ലേബര്‍ ക്യാമ്പിന്റെ പിറകിലെ ലേബര്‍ ക്യാമ്പില്‍ ദുരിത ജീവിതം നയിക്കുന്ന മുസഫ്ഫ ലെജന്‍ഡ് പ്രൊജക്റ്റ് ജനറല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനി തൊഴിലാളികളുടെ ജീവിത കഥ കഴിഞ്ഞ ദിവസങ്ങളില്‍ സിറാജില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത വാര്‍ത്ത വന്നതിന് ശേഷം വിവിധ കോണുകളില്‍ നിന്നും നിരവധി സഹായങ്ങളാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കമ്പനി പ്രതിനിധികള്‍ തൊഴില്‍ മന്ത്രാലയ പ്രതിനിധികളുടെ സാനിധ്യത്തില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കി ഒരാഴ്ചക്കുള്ളികള്‍ നാട്ടിലേക്ക് പോകാനുള്ള സാഹചര്യമൊരുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് പോകുവാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് തൊഴിലാളികള്‍. പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടിയ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകണമെങ്കിലും തൊഴില്‍ മാറണമെങ്കിലും വിസ ഇല്ലാതെ അനധികൃതമായി രാജ്യത്ത് താമസിച്ചതിന് ഭീമമായ പിഴ അടക്കണം.